ലോട്ടറി ടിക്കറ്റിന്റെ മറവിൽ വമ്പൻ ക്രമക്കേട്: അവസാന നാലക്കങ്ങൾ ഒന്നാക്കി ടിക്കറ്റ് വിൽപ്പന; കോട്ടയത്തെ ലോട്ടറി രാജാവ് മീനാക്ഷിയുടെ ലൈസൻസ് തെറിച്ചു; നഗരത്തിലെ കടകൾക്ക് ഉടൻ ഷട്ടർ വീഴും

ലോട്ടറി ടിക്കറ്റിന്റെ മറവിൽ വമ്പൻ ക്രമക്കേട്: അവസാന നാലക്കങ്ങൾ ഒന്നാക്കി ടിക്കറ്റ് വിൽപ്പന; കോട്ടയത്തെ ലോട്ടറി രാജാവ് മീനാക്ഷിയുടെ ലൈസൻസ് തെറിച്ചു; നഗരത്തിലെ കടകൾക്ക് ഉടൻ ഷട്ടർ വീഴും

തേർഡ് ഐ ബ്യൂറോ

കോട്ടയം: ലോട്ടറി ടിക്കറ്റിന്റെ കച്ചവടത്തിൽ വൻ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് നഗരത്തിലെ ലോട്ടറി രാജാവ് മീനാക്ഷി ഏജൻസീസിന്റെ ലൈസൻസ് ലോട്ടറി വകുപ്പ് റദ്ദാക്കി. ലോട്ടറി ടിക്കറ്റിന്റെ അവസാന നാല് അക്കങ്ങൾ ഒറ്റ ബണ്ടിലാക്കി വച്ച് കച്ചവടം നടത്തുന്നത് വഴി ലക്ഷങ്ങളാണ് മീനാക്ഷി ഏജൻസീസിന് ലഭിച്ചിരുന്നത്. ഇതു സംബന്ധിച്ചു നിരവധി പരാതികൾ വകുപ്പിനു ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന ലോട്ടറി വകു്പ്പ് മീനാക്ഷിയുടെ ലൈസൻസ് റദ്ദാക്കിയത്. മീനാക്ഷി അടക്കം സംസ്ഥാനത്തെ പന്ത്രണ്ട് ഏജൻസികളുടെ ലൈസൻസ് റദ്ദാക്കിയിട്ടുണ്ട്.
കോട്ടയം നഗരത്തിലെ നൂറുകണക്കിന് ലോട്ടറി ഏജന്റുമാർ ടിക്കറ്റ് എടുത്തിരുന്നത് തിരുനക്കര മീനാക്ഷി ഏജൻസീസിൽ നിന്നായിരുന്നു. ജില്ലാ ലോട്ടറി ഓഫിസിൽ നിന്നും കോടികളുടെ ലോട്ടറിയാണ് പ്രതിദിനം മീനാക്ഷി ഏജൻസീസ് വാങ്ി വിറ്റഴിച്ചിരുന്നത്. കൂടുതൽ ആളുകളെ ആകർഷിക്കുന്നതായി ലോട്ടറി ടിക്കറ്റുകളുടെ സീരിയസുകൾ കൂട്ടിക്കലർത്തി അവസാന ഒറ്റ അക്കം ഒരേ രീതിയിൽ വരുന്ന തരത്തിലാണ് ലോട്ടറി ടിക്കറ്റുകൾ മീനാക്ഷി വിറ്റഴിച്ചിരുന്നത്. ഇത് ലോട്ടറി ഡിപ്പാർട്ട്‌മെന്റ് നിഷ്‌കർഷിച്ചിരിക്കുന്ന ചട്ടത്തിനു വിരുദ്ധമാണ്. ഇതു സംബന്ധിച്ചു ഏജന്റുമാരും, കച്ചവടക്കാരും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മീനാക്ഷിയുടെ ലൈസൻസ് ഇപ്പോൾ റദ്ദാക്കിയിരിക്കുന്നത്.
അവസാന നാല് അക്കങ്ങൾ ഒരേ രീതിയിൽ ഇടകലർത്തി വിൽക്കുന്നത് ചൂതാട്ടമാണെന്നും ഭാഗ്യക്കുറിയുടെ വിശ്വാസ്യതയെ ബാധിക്കുമെന്നും ലോട്ടറി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇതേ തുടർന്നാണ് വകുപ്പ് ഈ ഏജൻസികളുടെ ലൈസൻസ് റദ്ദാക്കിയത്. ലോട്ടറികൾ സെറ്റാക്കി വിൽക്കരുതെന്ന് മുന്നറിയിപ്പ് നൽകി നേരത്തെ ലോട്ടറി വകുപ്പ് സർക്കുലറും ഇറക്കിയിരുന്നു. എന്നിട്ടും വിൽപന തുടർന്ന സാഹചര്യത്തിലാണ് നടപടി എടുത്തത്. കോട്ടയം, പാലക്കാട് ജില്ലകളിൽ നിന്നുള്ള പരാതികളുടെ അടിസ്ഥാനത്തിൽ ലോട്ടറി വകുപ്പ് അന്വേഷണം നടത്തിയിരുന്നു. അന്വേഷണത്തിൽ നിയമ ലംഘനവും ക്രമക്കേടും നടക്കുന്നതായി ലോട്ടറി ഡയറക്ടർ റിപ്പോർട്ട് കിട്ടി. ഇതിന്റെ അടിസ്ഥാനത്തി്‌ലായരുന്നു നടപടി.ലോട്ടറിയിൽ സീൽ പതിപ്പിക്കാതെയാണ് ഈ ഏജൻസികൾ വിൽപന നടത്തിയതെന്നും ലോട്ടറിവകുപ്പ് കണ്ടെത്തി. അതേ സമയം ലൈസൻസ് റദ്ദായ ലോട്ടറി ഏജന്റുമാർക്ക് വേണ്ടി രാഷ്ട്രീയതലത്തിലും സമ്മർദ്ദം ശക്തമായിര്ിക്കയാണ്. മറ്റു നടപടികളിലേക്ക് പോകാതെ അവർക്ക് ഒരവസരം നൽകണമെന്നാണ് സമ്മർദ്ദം ചെലുത്തുന്നവരുടെ ആവശ്യം.
മീനാക്ഷി ഏജൻസീസിനെ കൂടാതെ ഗീജ ജെ, അനുദാസ് എസ്, രാജേഷ്, മുരുകേഷ് തേവർ, ബാലൻ കെ, എ കാജാഹുസൈൻ, ആർവി വിജീഷ്, റസാക്ക്, പി മുരളി, സുരേഷ്ബാബു കെജെ, അനീഷ് പൗലോസ് എന്നീ ഏജന്റുമാരുടെ ഏജൻസികളും മീനാക്ഷി ലോട്ടറി ഏജൻസിയുമാണ് സസ്പെൻഡ് ചെയ്തത്.