സ്വന്തം ലേഖിക
കൊച്ചി: പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്തുവന്നു.
മ്യൂസിയം കാണാന്‍ ആരും ക്ഷണിച്ചുകൊണ്ടുപോയതല്ല. സോഷ്യല്‍ മീഡിയയിലെ പോസ്റ്റുകള്‍ കണ്ട് പോയതാണെന്നുമാണ് ബെഹ്റയുടെ മൊഴി. മ്യൂസിയം കണ്ടതിന് പിന്നാലെ തന്നെ തനിക്ക് ഇതിലെ ചില സംശയങ്ങള്‍ തോന്നിയിരുന്നു. അഞ്ച് ദിവസത്തിനകം മ്യൂസിയത്തെ കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന ഇന്റലിജന്‍സിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നതായും മൊഴിയില്‍ പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മോന്‍സന് ഇത്രയധികം പൊലീസ് സുരക്ഷ കിട്ടിയത് എങ്ങനെയാണെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. ഇതിൻ്റെ വിശദീകരണം നാളെ ഹൈക്കോടതിയില്‍ സമര്‍പ്പിക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് സംഘം ബെഹ്റയുടെ മൊഴി രേഖപ്പെടുത്തിയത്.
ലോക്നാഥ് ബെഹ്റ മോന്‍സണ്‍ മാവുങ്കലിൻ്റെ കലൂരിലെ മ്യൂസിയം സന്ദര്‍ശിച്ചതിന് ശേഷമാണ് വീടിന് മുമ്ബില്‍ പൊലീസിൻ്റെ പട്ടാ ബുക്ക് സ്ഥാപിക്കുന്നത്.
ഇത് വന്‍ വിവാദത്തിന് വഴി വെച്ചിരുന്നു. പൊലീസ് ആസ്ഥാനത്ത് നിന്നുള്ള നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് മോന്‍സൻ്റെ കലൂരിലെ വാടക വീട്ടിലും ചേര്‍ത്തലയിലെ കുടുംബ വീട്ടിലും പൊലീസിന്റെ ബീറ്റ് ബോക്സ് സ്ഥാപിച്ചത് എന്നതിന്റെ രേഖകള്‍ പുറത്തു വന്നിരുന്നു.
മോന്‍സന് മുന്‍ ഡിജിപിയെ പരിചയപ്പെടുത്തിയതും കലൂരിലെ വാടകവീട്ടില്‍ ഡിജിപിയെ എത്തിച്ചത് താനാണെന്നും പ്രവാസി വനിതയായ അനിത പുല്ലയില്‍ നേരത്തെ പറഞ്ഞിരുന്നു. പിന്നീട് മോന്‍സൻ്റെ തട്ടിപ്പ് തിരിച്ചറിഞ്ഞതിന് പിന്നാലെ ഇത് സംബന്ധിച്ച് അന്നത്തെ ഡിജിപിയെ അറിയിച്ചിരുന്നതായും അനിത വെളിപ്പെടുത്തിയിരുന്നു.
ഐജി ഗോകുലത്ത് ലക്ഷ്മണനെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. ഐജിക്ക് മോന്‍സണുമായി വലിയ അടുപ്പമുണ്ട് എന്നാണ് അന്വേഷണത്തില്‍ വ്യക്തമാകുന്നത്. ഇത് വ്യക്തമാക്കുന്ന രേഖകളും പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഐജിയെ ചോദ്യം ചെയ്തത് എന്നാണ് വിവരം. എറണാകുളത്ത് നിന്നുള്ള ക്രൈംബ്രാഞ്ച് എസ് പി തിരുവനന്തപുരത്ത് എത്തി വിശദമായി ചോദ്യം ചെയ്യുകയായിരുന്നു.