സ്വന്തം ലേഖകൻ
കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നിൽക്കണ്ട് മുന്നണികള്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടുകഴിഞ്ഞു. സ്ഥാനാര്‍ഥിനിര്‍ണയ ചര്‍ച്ചകള്‍ ആരംഭിച്ചില്ലെങ്കിലും മുന്നണികള്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടുകഴിഞ്ഞു. സംസ്ഥാന സര്‍ക്കാരിനെതിരേയുള്ള സമരപരിപാടികള്‍ ശക്തമാക്കിയാണ് യുഡിഎഫ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടുന്നത്.
മൂന്നു ലോക്സഭാ മണ്ഡലങ്ങളും കഴിഞ്ഞ തവണ യുഡിഎഫിനായിരുന്നു മുൻതൂക്കം. കേരള കോണ്‍ഗ്രസ്-എം മുന്നണി വിട്ടതോടെ കോട്ടയം ലോക്സഭാ മണ്ഡലം ഇടതുപക്ഷത്തായി. ഇത്തവണ കോട്ടയം പിടിക്കാനുള്ള ശ്രമങ്ങളാണ് യുഡിഎഫ് നടത്തുന്നത്. സീറ്റില്‍ കോണ്‍ഗ്രസ് നോട്ടമിട്ടിട്ടുണ്ടെങ്കിലും കേരള കോണ്‍ഗ്രസ് തങ്ങളുടെസീറ്റ് തങ്ങള്‍ക്കു തന്നെയാണെന്ന അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. മുന്‍ ലോക്സഭാംഗം കൂടിയായ നേതാവ് സീറ്റ് ലക്ഷ്യമാക്കി പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്നുണ്ട്. പത്തനംതിട്ടയിലും മാവേലിക്കരയിലും സിറ്റിംഗ് എംപിമാര്‍ സജീവമായി രംഗത്തുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
യുഡിഎഫ് താഴേത്തട്ടുമുതല്‍ നേതൃയോഗങ്ങള്‍ ചേര്‍ന്നാണ് മുന്നണിയുടെ പ്രവര്‍ത്തനം ശക്തമാക്കുന്നത്. റോയി കെ. പൗലോസ് (കോട്ടയം), കെ.സി. ജോസഫ് (മാവേലിക്കര), എ.എ. ഷുക്കൂര്‍ (പത്തനംതിട്ട) എന്നിവര്‍ക്കാണ് കെപിസിസി ചുമതല നല്കിയിരിക്കുന്നത്. കഴിഞ്ഞതവണത്തേതുപോലെ ജില്ലയിലെ മൂന്നു മണ്ഡലങ്ങളും യുഡിഎഫിനു നിലനിര്‍ത്താനാകുമെന്ന് യുഡിഎഫ് ജില്ലാ കണ്‍വീനര്‍ ഫില്‍സണ്‍ മാത്യൂസ് പറഞ്ഞു.
സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി തെരഞ്ഞെടുപ്പു പ്രചാരണ രംഗത്തേക്ക് വന്‍ റാലികളുമായി കടക്കാനാണ് ശ്രമിക്കുന്നത്. കോട്ടയം ലോക്സഭാ മണ്ഡലത്തില്‍ സിറ്റിംഗ് എംപിതന്നെ സ്ഥാനാര്‍ഥിയാകുമെന്നുറപ്പായിരിക്കുകയാണ്. പത്തനംതിട്ടയില്‍ ഇത്തവണ സീറ്റ് പിടിക്കാനുള്ള ശ്രമത്തിലാണ് സിപിഎം. മാവേലിക്കര സംവരണ മണ്ഡലം പിടിച്ചെടുക്കാന്‍ സിപിഐയും രംഗത്തുണ്ട്.
സര്‍ക്കാരിന്‍റെ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നിയോജക മണ്ഡലം തലത്തില്‍ വന്‍ റാലികളാണ് ഇടതുമുന്നണി സംഘടിപ്പിക്കാന്‍ പോകുന്നത്.
വോട്ടേഴ്സ് ലിസ്റ്റില്‍ പേരു ചേര്‍ക്കുന്ന ജോലികള്‍ പുരോഗമിക്കുകയാണെന്നാണ് എല്‍ഡിഎഫ് നേതൃത്വം പറയുന്നത്. സിപിഎം ആകട്ടെ പാര്‍ലമെന്‍റ് മണ്ഡലം കേന്ദ്രീകരിച്ച് കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. കോട്ടയം മണ്ഡലത്തിന്‍റെ സെക്രട്ടറി കെ.അനില്‍കുമാറും പത്തനംതിട്ടയില്‍ രാജു ഏബ്രഹാമും മാവേലിക്കരയില്‍ കെ.സോമപ്രസാദുമാണ്. സിപിഐയും പാര്‍ലമെന്‍റ് കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്. ജില്ലാ തലത്തില്‍ എക്സിക്യൂട്ടീവ് കമ്മിറ്റിയും നേതാക്കള്‍ക്ക് ചുമതലയും സിപിഐ നല്‍കിയിട്ടുണ്ട്.
മറ്റു പാര്‍ട്ടികളില്‍നിന്നുള്ളവരെ തങ്ങളുടെ പക്ഷത്തേക്ക് അടുപ്പിക്കാനുള്ള ശ്രമത്തിലാണ്ബിജെപി . കേന്ദ്ര സര്‍ക്കാരിന്‍റെ വികസന പദ്ധതികള്‍ പരമാവധി ജനങ്ങളില്‍ എത്തിക്കാനുള്ള ശ്രമവും നടത്തുന്നുണ്ട്. റബറിനു താങ്ങുവില പ്രഖ്യാപനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയെ കോട്ടയത്ത് എത്തിക്കാനുള്ള ശ്രമം ബിജെപി നടത്തുന്നുണ്ട്. ഇതുകൂടാതെ ബഹുജനങ്ങളെ അണിനിരത്തി ശക്തികാട്ടാന്‍ ജില്ലാ റാലിയും നടത്താനൊരുങ്ങുകയാണ്. ക്രൈസ്തവ മേഖലകളില്‍ പരമാവധി സ്വാധീനമുണ്ടാക്കുനുള്ള ശ്രമവും ബിജെപി ആരംഭിച്ചു.
ജില്ലയിലെ മൂന്നു മണ്ഡലങ്ങളിലും ശക്തമായ സ്ഥാനാര്‍ഥികളെ നിര്‍ത്താനൊരുങ്ങുകയാണ് ബിജെപി. തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ച് തിരുനക്കര പാലസ് റോഡില്‍ ഇത്തവണയും ബിജെപി ഒരിക്കല്‍കൂടി മോദി സര്‍ക്കാര്‍ എന്ന ചുവരെഴുത്തിനും തുടക്കം കുറിച്ചിട്ടുണ്ട്. ബിജെപി സംസ്ഥാന സമിതിയംഗം ടി.പി. സിന്ധുമോള്‍ക്കാണ് കോട്ടയത്തിന്‍റെ പ്രചാരണ ചുമതല.