play-sharp-fill
ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ സിനിമാ താരങ്ങളെ സ്ഥാനാർത്ഥികളാക്കും: ബി ജെ പി

ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ സിനിമാ താരങ്ങളെ സ്ഥാനാർത്ഥികളാക്കും: ബി ജെ പി

സ്വന്തം ലേഖകൻ

ചെങ്ങന്നൂർ: നടൻ മോഹൻലാൽ, സുരേഷ് ഗോപി, പന്തളം രാജകുടുംബാംഗം ശശികുമാര വർമ്മ എന്നിവരെ സ്ഥാനാർത്ഥികളാക്കി ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടണമെന്ന് ആർ.എസ്.എസ് കേരളഘടകം ബി.ജെ.പി ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടതായി സൂചന. വിവിധ ലോക്സഭാ മണ്ഡലങ്ങളിൽ ആർ.എസ്.എസ് നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് നിർദ്ദേശം.

ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് ഹൈദരാബാദിലെ കുഞ്ഞാലി മരയ്ക്കാറിന്റെ ഷൂട്ടിൽ സൈറ്റിലെത്തി മോഹൻലാലിനെ കഴിഞ്ഞ ദിവസം കണ്ടിരുന്നു. മോഹൻലാൽ സമ്മതം മൂളിയില്ലെങ്കിലും പേര് സജീവമായി നിലനിറുത്തുന്നത് ഗുണം ചെയ്യുമെന്നാണ് ആർ.എസ്.എസ് വിലയിരുത്തൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിനിടെ ഇടത് പാളയത്തിലെ ചില സിനാമാ താരങ്ങളെയും രംഗത്തിറക്കാൻ സംഘപരിവാർ ആലോചിക്കുന്നുണ്ട്. ഇത്തവണ കൂടുതൽ സീറ്റുകളിൽ മത്സരിക്കുകയല്ല, വിജയസാദ്ധ്യതയുള്ള മണ്ഡലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് നിർദ്ദേശം.

തിരുവനന്തപുരത്ത് മോഹൻലാലിനെയും കൊല്ലത്ത് സുരേഷ് ഗോപിയെയും പൊതുസ്വതന്ത്രരായി മത്സരിപ്പിച്ചാൽ നേട്ടമുണ്ടാകുമെന്നാണ് ആർഎസ്.എസ് നിലപാട്. തിരുവനന്തപുരത്തെത്തിയ ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി രാംലാലുമായുള്ള കൂടിക്കാഴ്ചയിൽ ഇക്കാര്യം കേരളത്തിലെ ആർ.എസ്.എസ് നേതാക്കൾ വിശദീകരിച്ചിട്ടുണ്ട്.

സ്ഥിരം പാർട്ടി മുഖങ്ങളെക്കാൾ സ്വീകാര്യതയുള്ള പൊതുസ്വതന്ത്രർ സ്ഥാനാർത്ഥികളായാൽ താമര വിരിയിക്കാമെന്നാണ് ആർ.എസ്.എസിന്റെ പ്രതീക്ഷ. പല മണ്ഡലങ്ങളിലും ആർ.എസ്.എസ് രഹസ്യ സർവേ പൂർത്തിയാക്കി. ബിജെപി ഏറ്റവും പ്രതീക്ഷ വയ്ക്കുന്ന തിരുവനന്തപുരത്ത് ആർ.എസ്.എസ് സർവേയിൽ മുന്നിലെത്തിയത് മോഹൻലാലാണ്. തൊട്ടുപിന്നിൽ കുമ്മനംരാജശേഖരൻ. ലാലിനെ ബി.ജെ.പി ദേശീയ നേതൃത്വം ഇടപെട്ട് ഇറക്കണമെന്നാണ് ആർ.എസ്.എസ് നേതാക്കൾ രാംലാലുമായുള്ള കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടത്. കൊല്ലത്ത് സുരേഷ് ഗോപിയെ മത്സരിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. ആർ.എസ്.എ?സ് മുന്നോട്ടുവച്ച മറ്റൊരു പൊതുസ്വതന്ത്രൻ പന്തളം കൊട്ടാര പ്രതിനിധി ശശികുമാര വർമ്മയാണ്. ശബരിമല സ്ത്രീപ്രവേശനത്തിനെതിരെ കടുത്ത നിലപാട് സ്വീകരിച്ച ശശികുമാര വർമ്മയാണ് പത്തനംതിട്ടയിലെ ആർ.എസ്.എസ് സർവേയിൽ മുന്നിലെത്തിയത്.

പാർട്ടിക്ക് അതീതമായ വോട്ടുകൾ സമാഹരിക്കാൻ പൊതുസ്വതന്ത്രർ വഴി കഴിയുമെന്നാണ് കണക്കുകൂട്ടൽ. സാധാരണ നിലയിൽ ബി.ജെ.പി സംസ്ഥാന ഘടകം കൊടുക്കുന്ന പട്ടികയിൽ നിന്ന് ദേശീയ നേതൃത്വമാണ് അന്തിമ സ്ഥാനാർത്ഥിയെ തീരുമാനിക്കാറുള്ളത്. എന്നാൽ ഇത്തവണ ആർ.എസ്.എസ് നേരത്തെ തന്നെ സ്ഥാനാർത്ഥിയുടെ കാര്യത്തിൽ സജീവ ഇടപെടൽ നടത്തുകയാണ്.