ലോക്ക് ഡൗൺ: പ്രഭാത സവാരിക്കിറങ്ങിയവരെ പിടികൂടി ഡ്രോൺ: പനമ്പള്ളി നഗറിൽ സ്ത്രീകളുൾപ്പെടെ 41 പേർ അറസ്റ്റിൽ
സ്വന്തം ലേഖകൻ
കൊച്ചി: ലോക്ക് ഡൗൺ ലംഘിച്ച് പ്രഭാത സവാരിക്കിറങ്ങിയ 41 പേർ അറസ്റ്റിൽ. പനമ്പള്ളി നഗറിൽ നിന്നാണ് രണ്ട് സ്ത്രീകൾ ഉൾപ്പെടെ 41 പേർ പിടിയിലായത്. കേരളാ എപ്പിഡെമിക്സ് ഡിസീസസ് ഓർഡിനൻസ് പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തു അറസ്റ്റ് ചെയ്തത്.
പുതിയ ഓർഡിനൻസ് അനുസരിച്ച് പതിനായിരം രൂപ പിഴയും രണ്ട് വർഷം വരെ തടവ് ശിക്ഷയും ലഭിച്ചേക്കാമെന്ന കുറ്റമാണ്. ഇന്നലെ നടത്തിയ ഡ്രോൺ പരിശോധനയിലാണ് പ്രഭാത സവാരിക്ക് ആളുകൾ കൂട്ടമായി ഇറങ്ങുന്നത് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പതിവായി ആളുകൾ പ്രഭാത നടത്തത്തിനിറങ്ങുന്ന സ്ഥലമാണ് പനമ്പള്ളി നഗർ. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ പ്രഭാത നടത്തം ഉൾപ്പെടെ ഒഴിവാക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഇത് വീണ്ടും ലഘിച്ചതിനെ തുടർന്നാണ് നടപടി.
ദിവസങ്ങൾക്ക് മുമ്പാണ് കൊവിഡ് വ്യാപനത്തെത്തുടർന്ന് ഏർപ്പെടുത്തിയ വിലക്ക് ലംഘിച്ച് കുർബാന നടത്തിയ വികാരിമാർ ഉൾപ്പടെ അഞ്ചുപേർ കോലഞ്ചേരിയിലും, എട്ടുപേർ കൂത്താട്ടുകുളത്തും അറസ്റ്റിലായത്.
കോലഞ്ചേരിയിൽ കക്കാട്ടുപാറ സെന്റ് മേരീസ് യാക്കോബായ ചാപ്പലിലാണ് നിയന്ത്രണം ലംഘിച്ച് കുർബാന നടന്നത്. വികാരി ഫാ. ഗീവർഗീസ് ചെങ്ങനാട്ടുകുഴി, സിറിൾ എൽദോ പാണ്ടൻ ചേരി, എൽദോ സാജു താഴേടത്ത്, പത്രോസ് പുരവത്ത്, എൽദോ പീറ്റർ മടത്തിക്കുടിയിൽ എന്നിവരെയാണ് പുത്തൻകുരിശ് പൊലീസ് അറസ്റ്റ് ചെയ്തതു.
കൂത്താട്ടുകുളം ആട്ടിൻകുന്ന് സെന്റ് മേരീസ് ഓർത്തോഡോക്സ് പള്ളിയിൽ കുർബാന നടത്തിയ ഫാ. ഗീവർഗീസ് ജോൺ, സാജു വർഗീസ്, തോമസ്, പൗലോസ്, ജോർജ് വർഗീസ്, ഗീവർഗീസ്, സക്കറിയ സൈബു, ബിനോയ് എന്നിവരെ കൂത്താട്ടുകുളം പൊലീസും അറസ്റ്റു ചെയ്തു.
കൊവിഡ് -19 വ്യാപനത്തെ തുടർന്നുണ്ടായ നിരോധനാജ്ഞ ലംഘിച്ചതിന് കേരള എപ്പിഡമിക് ഡിസീസസ് ഓർഡിനൻസ് പ്രകാരമാണ് അവിടെയും അറസ്റ്റ്. കൂട്ടംകൂടിയുള്ള ചടങ്ങുകൾ പാടില്ലെന്നിരിക്കെയാണ് വികാരിമാരുടെ നേതൃത്വത്തിലും കുർബാന നടന്നത്.