video
play-sharp-fill
ലോക് ഡൗണിന് ശേഷം മദ്യത്തിന് വില കൂടൂം : മദ്യത്തിനും ബിയറിനും 35% വരെ നികുതി വര്‍ദ്ധിപ്പിക്കാന്‍ ശുപാര്‍ശ ; മദ്യശാലകളിലെ തിരക്കൊഴിവാക്കാന്‍  വിതരണത്തിനായി ഓണ്‍ലൈന്‍ ബുക്കിംഗ് ആവാമെന്ന് ഡിജിപി

ലോക് ഡൗണിന് ശേഷം മദ്യത്തിന് വില കൂടൂം : മദ്യത്തിനും ബിയറിനും 35% വരെ നികുതി വര്‍ദ്ധിപ്പിക്കാന്‍ ശുപാര്‍ശ ; മദ്യശാലകളിലെ തിരക്കൊഴിവാക്കാന്‍ വിതരണത്തിനായി ഓണ്‍ലൈന്‍ ബുക്കിംഗ് ആവാമെന്ന് ഡിജിപി

സ്വന്തം ലേഖകന്‍

തിരുവനന്തപുരം : കൊറോണ വൈറസ് വ്യാപനത്തിന് പിന്നാലെ ഉണ്ടാവുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സംസ്ഥാനത്ത് മദ്യത്തിന് വില കൂട്ടാന്‍ ശുപാര്‍ശ. ഇതിനായി എല്ലാത്തരം മദ്യങ്ങള്‍ക്കും ബിയറിനും പത്ത് മുതല്‍ 35 ശതമാനം വരെ നികുതി വര്‍ധിപ്പിക്കാനാണ് നികുതി വകുപ്പ് ശുപാര്‍ശ ചെയ്തിരിക്കുന്നത്.

കെയ്സ് അടിസ്ഥാനമാക്കിയാണ് മദ്യത്തിന് നികുതി നിശ്ചയിക്കുക. 400 രൂപ വിലയുള്ള കെയ്സിന് 35 ശതമാനം നികുതി ആയിരിക്കുക വര്‍ദ്ധിപ്പിക്കുക. അതിനുതാഴെ വിലയുള്ളതിനും ബിയറിനും പത്തുശതമാനവും നികുതിയായിരിക്കും വര്‍ദ്ധിപ്പിക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മദ്യശാലകള്‍ തുറക്കുന്നതോട് കൂടി പുതിയ നികുതി നിലവില്‍ വരുന്ന രീതിയിലാകും കാര്യങ്ങള്‍ ക്രമീകരിക്കുക. ഇതിനായി വില്‍പ്പന നികുതി നിയമത്തില്‍ മാറ്റംവരുത്തി പുതിയ ഓര്‍ഡിനന്‍സ് ഇറക്കണം.

ഇക്കാര്യം മന്ത്രിസഭ ചര്‍ച്ചചെയ്ത് ആയിരിക്കും തീരുമാനിക്കുക. വില്‍പ്പനയില്‍ കുറവ് വന്നില്ലെങ്കില്‍ വര്‍ഷം പരമാവധി 600-700 കോടി രൂപ അധികവരുമാനം ഇതുവഴി നേടാമെന്നാണ് നികുതി വകുപ്പിന്റെ കണക്കാക്കുന്നത്.

കേരളത്തില്‍ മദ്യനികുതി താരതമ്യേന മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൂടുതലാണ്. ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന് 212 ശതമാനമാണ് കേരളത്തില്‍ നികുതിയായി ഈടാക്കുന്നത്.

വിലകുറഞ്ഞ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന്റെ നികുതി 202 ശതമാനം. ബിയറിന്റെ നികുതി 102 ശതമാനം. വിദേശ നിര്‍മിത വിദേശ മദ്യത്തിന്റെ നികുതി 80 ശതമാനം എന്നിങ്ങനെയാണ്.

ഫാക്ടറിയില്‍നിന്നു കിട്ടുന്ന വിലയ്ക്കുമുകളില്‍ എക്സൈസ് ഡ്യൂട്ടിയും ചേര്‍ന്ന തുകയിലാണ് നികുതി നിശ്ചയിക്കുന്നത്. ഉദാഹരണത്തിന് ബെക്കാര്‍ഡി ക്ലാസിക് സര്‍ക്കാര്‍ മദ്യകമ്ബനികളില്‍ നിന്ന് വാങ്ങുന്നത് 168 രൂപയ്ക്കാണ്, വില്‍ക്കുന്നതാകട്ടെ 1,240 രൂപയ്ക്ക്.

സര്‍ക്കാരിന് ലാഭം 1,072 രൂപ. ഇതുപോലെ എംസി ബ്രാന്‍ഡി സര്‍ക്കാരിന് ലഭിക്കുന്നത് 53 രൂപയ്ക്കാണ്, എന്നാല്‍ നികുതികള്‍ ചുമത്തി വില്‍ക്കുന്നത് 560 രൂപയ്ക്കും.

ലോക് ഡൗണിന് ശേഷം സംസ്ഥാനത്ത് മദ്യശാലകള്‍ തുറന്നാല്‍ ആദ്യദിവസങ്ങളില്‍ വലിയ തിരക്കിന് സാധ്യതയുളളതിനാല്‍ ഓണ്‍ലൈന്‍ ബുക്കിംഗിനെക്കുറിച്ച് ആലോചിക്കണമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു.

സോഫ്റ്റ് വെയര്‍ തയ്യാറാക്കി ഓരോ മണിക്കൂറിലും ഓണ്‍ലൈന്‍ ബുക്കിങ് നടത്തണം. ബുക്കിങ് കൂപ്പണുമായി ആവശ്യക്കാര്‍ മദ്യശാലകളില്‍ എത്തി വാങ്ങണമെന്നാണ് റിപ്പോര്‍ട്ട്.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ മദ്യക്കടക്കള്‍ക്ക് മുന്നിലെ തിരക്ക് കുറയ്ക്കാന്‍ മദ്യം ഓണ്‍ലൈനില്‍ വില്‍ക്കുന്നതോ, വീട്ടുകളില്‍ എത്തിച്ച് നല്‍കുന്നതോ പരിഗണിക്കാന്‍ കഴിഞ്ഞ ദിവസം സുപ്രീംകോടതി സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

ലോക്ക് ഡൗണില്‍ മദ്യശാലകള്‍ തുറക്കാന്‍ ഉത്തരവ് നല്‍കിയതിനെതിരായ ഹര്‍ജി തീര്‍പ്പാക്കിയാണ് സുപ്രീംകോടതി നിര്‍ദേശം നല്‍കിയിരിക്കുന്നു.