play-sharp-fill
ലോക്ഡൗണിനിടയിലും ഫാക്ടറികള്‍ പ്രവര്‍ത്തിക്കുന്നത് നിരവധി പ്രതിബന്ധങ്ങള്‍ തരണം ചെയ്‌തെന്ന് നിറ്റാ ജലാറ്റിന്‍ കമ്പനി

ലോക്ഡൗണിനിടയിലും ഫാക്ടറികള്‍ പ്രവര്‍ത്തിക്കുന്നത് നിരവധി പ്രതിബന്ധങ്ങള്‍ തരണം ചെയ്‌തെന്ന് നിറ്റാ ജലാറ്റിന്‍ കമ്പനി

സ്വന്തം ലേഖകൻ

കൊച്ചി: ലോക്ഡൗണ്‍ കാലത്തും നിറ്റാ ജലാറ്റിന്‍ ഇന്ത്യ കമ്പനിയുടെ കാതികുടത്തെ ഉള്‍പ്പെടെയുള്ള ഫാക്ടറികള്‍ പ്രവര്‍ത്തിക്കുന്നത് നിരവധി പ്രതിബന്ധങ്ങള്‍ തരണം ചെയ്താണെന്ന് നിറ്റാ ജലാറ്റിന്‍ കമ്പനി മാനേജ്‌മെന്റ് വ്യക്തമാക്കി.

രാജ്യത്തെ മരുന്ന് നിര്‍മാണ കമ്പനികള്‍ക്ക് പ്രതിദിനം 7 കോടി ക്യാപ്‌സ്യൂളുകള്‍ ഉണ്ടാക്കാന്‍ ആവശ്യമായ ജലാറ്റിന്‍ നിര്‍മിക്കുന്നത് കമ്പനിയാണ്. ഇന്നത്തെ സാഹചര്യത്തില്‍ ഫാക്ടറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചാല്‍ രാജ്യത്ത് മരുന്ന് ലഭ്യതയുടെ കാര്യത്തില്‍ വന്‍ പ്രതിസന്ധി നേരിടുമെന്ന് കമ്പനി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടാതെ അടിയന്തര ഘട്ടങ്ങളില്‍ ജീവന്‍ രക്ഷിക്കാന്‍ ആവശ്യമായ ബ്ലഡ് പ്ലാസ്മ എക്‌സ്പാന്‍ഡര്‍ ഉണ്ടാക്കാനുള്ള ജലാറ്റിന്‍ വിതരണം ചെയ്യുന്ന ഇന്ത്യയിലെ ഏക സ്ഥാപനവും നിറ്റാ ജലാറ്റിന്‍ ഇന്ത്യയാണ്.

ഈ കാരണം കൊണ്ട് തന്നെ കമ്പനിയുടെ ഫാക്ടറികള്‍ പ്രവര്‍ത്തിക്കുന്ന കേരളം, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാന സര്‍ക്കാരുകള്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങളെ അവശ്യ സേവന വിഭാഗത്തില്‍പ്പെടുത്തിയിരിക്കുകയാണെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി.

ഫാക്ടറികള്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ രാജ്യത്തെ ആരോഗ്യമേഖല കടുത്ത പ്രതിസന്ധി നേരിടുമെന്നതിനാല്‍ മരുന്ന് കമ്പനികളുടെ അഭ്യര്‍ഥന മാനിച്ചാണ് ഈ ലോക്ഡൗണ്‍ കാലത്ത് വന്‍ സാമ്പത്തിക ബാധ്യത സഹിച്ചും കമ്പനിയുടെ ഫാക്ടറികള്‍ പ്രവര്‍ത്തിക്കുന്നത്.

അസംസ്‌കൃത വസ്തുക്കളുടെ ശേഖരണത്തിലും ഉത്പന്നങ്ങള്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിലും ഭീമമായ ചെലവാണ് കമ്പനി  വഹിക്കുന്നത്. വസ്തുത ഇതായിരിക്കെ കമ്പനിയുടെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്താന്‍ തുനിഞ്ഞിറങ്ങിയിരിക്കുന്ന ചില തല്‍പര കക്ഷികള്‍ കള്ളക്കഥകള്‍ പ്രചരിപ്പിക്കുകയാണെന്നും വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു.

സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് ഫാക്ടറിയിലെ ജീവനക്കാര്‍ ജോലി ചെയ്യുന്നതെന്നും മാനേജ്‌മെന്റ് അറിയിച്ചു.