video
play-sharp-fill
ക്രൂരമായ ലോക്ക് ഡൗൺ : മണ്ണിട്ട് പൂട്ടി കർണാടകയുടെ നടപടി; പുറത്തിറങ്ങാനാവാതെ മലയാളികൾ

ക്രൂരമായ ലോക്ക് ഡൗൺ : മണ്ണിട്ട് പൂട്ടി കർണാടകയുടെ നടപടി; പുറത്തിറങ്ങാനാവാതെ മലയാളികൾ

സ്വന്തം ലേഖകൻ

 

 

കാസർകോട്: വടക്കൻ കേരളത്തിലെി അതിർത്തി പഞ്ചായത്തായ ദേലംപാടി കർണാടകയുടെ വിചിത്രമായ ലോക്ക് ഡൗണിൽ. മൺകൂനകളുടെ പൂട്ടിൽ. ലോറികളിൽ കൊണ്ടുവന്ന് മണ്ണിട്ടതു കാരണം പാവപ്പെട്ട കർഷകരും തൊഴിലാളികളും ആദിവാസി വിഭാഗങ്ങളും കൂടുതലുള്ള പഞ്ചായത്ത് അത്യാവശ്യത്തിന് പുറത്തിറങ്ങാൻ കർണ്ണാടകയോട് യാചിക്കുകയാണ്.

 

 

ഈ ഭാഗങ്ങളിലുള്ളവർക്ക് പുറത്തിറങ്ങണമെങ്കിൽ കർണ്ണാടകയുമായി ബന്ധമുള്ള റോഡിൽ കൂടി മാത്രമേ വഴിയുള്ളു. റോഡുകൾ മൊത്തം കർണ്ണാടക പൊലീസും ആരോഗ്യവകുപ്പും ചേർന്ന് അടച്ചതോടെ നിത്യോപയോഗ സാധനങ്ങൾ വാങ്ങാൻ പോലും പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

അടിയന്തര സാഹചര്യം വന്നാൽ എങ്ങിനെ പുറത്തിറങ്ങും എന്നതാണ് നൂജിബെട്ടു, അഡ്ഡംതടുക്ക , കൊംബോട് ഗ്രാമത്തിലുള്ളവരെ അലട്ടുന്ന പ്രധാന വിഷയം. പൊലീസ് ബാരിക്കേഡ് വച്ചോ മുളകൾ, ബാരലുകൾ എന്നിവ വച്ചോ റോഡ് അടച്ചിരുന്നെങ്കിൽ ആവശ്യക്കാരെ കടത്തി വിടാൻ കഴിയുമായിരുന്നു. നൂജിബെട്ടു -മഡ്യളമജാലു റോഡ് അടച്ചിരിക്കുന്നത് ലോഡുകണക്കിന് മണ്ണ് കൊണ്ടുവന്ന് റോഡിൽ കുന്നുപോലെ കൂട്ടിയിട്ടാണ്.

 

അരപ്പട്ടിണിയും മുഴുപ്പട്ടിണിയുമായി ജീവിക്കുന്ന പാവങ്ങൾ അധികമുള്ള ദേലംപാടി, കർണ്ണാടകയിലെ പുത്തൂർ , സുള്യ താലൂക്കുകളുമായി അതിർത്തി പങ്കിടുന്ന പ്രദേശമാണ്. ഈ പഞ്ചായത്തിലെ ഗ്രാമീണ ജനങ്ങൾ ഇപ്പോൾ വിചിത്രമായ ലോക്ക് ഡൗണിലാണ്. ദേലംപാടി, ഊജംപാടി, മയ്യള, ശാലത്തടുക്ക, ഹിദായത്ത് നഗർ, ശാന്തിമല, മുൻചിങ്ങാനം, ബെൾപാറ്, കൊംബോട്,

നൂജിബെട്ടു,

 

അഡ്ഡംതടുക്ക തുടങ്ങിയ ഗ്രാമങ്ങളിൽ താമസിക്കുന്ന ജനങ്ങൾ ആശ്രയിക്കുന്നത് കർണ്ണാടകയിലെ ഈശ്വരമംഗലം ടൗണിനെയാണ്. നിത്യോപയോഗ സാധനങ്ങൾ കൂടാതെ മരുന്നിനും വിദ്യാഭ്യാസത്തിനും വരെ ഈ ടൗണിനെയാണ് ഇന്നാട്ടുകാർ ആശ്രയിക്കുന്നത്. അങ്ങനെയുള്ള ഈ നാട്ടിലെ എല്ലാ റോഡുകളും അടച്ച് പൂട്ടിയത് കാരണം ഗ്രാമീണർ പൂർണ്ണമായും ഒറ്റപ്പെട്ടിരിക്കുകയാണ്.

 

 

അധികാരികൾ അടിയന്തര പ്രധാന്യത്തോടെ റോഡിൽ കൂട്ടിയിട്ട മൺകൂനകൾ നീക്കി ബാരിക്കേഡുകൾ സ്ഥാപിച്ച് റോഡ് യാത്ര നിയന്ത്രിക്കണമെന്നാണ് നാട്ടുകാരുടെആവശ്യം. കാസർകോട് ജില്ലാ ഭരണകൂടം കർണാടകയുമായി വേണ്ടുന്ന നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. കർണാടകയിൽനിന്ന് കേരളത്തിലേക്ക് പ്രവേശിക്കാനുള്ള ചെറുതും വലുതുമായ 24 വഴികളും ഇന്നോടെ പൂർണമായും അടഞ്ഞു.