കൊടും ക്രിമിനലുകൾക്കുള്ള മനുഷ്യാവകാശം പോലും കേരളത്തിലെ പൊലീസുകാർക്കില്ലേ? കൊടും കുറ്റവാളി ഒരു പൊലീസുദ്യോഗസ്ഥന്റെ തല തല്ലിപ്പൊളിച്ചിട്ട് പോലും ആരും തിരിഞ്ഞു നോക്കിയില്ല; മലയാളത്തിലെ മുഖ്യപത്രങ്ങൾക്കൊന്നും പൊലീസിൻ്റെ ദുരവസ്ഥ കണ്ടഭാവമില്ല; തെരുവിൽ കിടന്ന് തല്ലുകൊണ്ടു ചാവേണ്ടവരോ നമ്മുടെ ഈ നിയമപാലകർ? അന്തി ചർച്ചകൾക്ക് സ്വപ്നയും, സരിതയും, രശ്മി നായരും മാത്രം മതിയോ?
ഏ.കെ. ശ്രീകുമാർ
കോട്ടയം: തെരുവിൽ നിയമം പാലിക്കാനിറങ്ങുമ്പോൾ ഗുണ്ടകളുടെയും ക്രിമിനലുകളുടേയും തല്ലുകൊണ്ടു ചാവേണ്ടവരാണോ നമ്മുടെ നിയമപാലകർ. മറയൂർ പൊലീസ് സ്‌റ്റേഷനിൽ കഞ്ചാവ് മാഫിയ സംഘാംഗമായ കൊടുംക്രിമിനലിന്റെ മർദനമേറ്റ് പൊലീസ് ഉദ്യോഗസ്ഥൻ തലയോട് പൊട്ടി മൃതപ്രായനായി കിടക്കുന്നത് കാണുമ്പോൾ ആരും ചോദിച്ച് പോകുന്ന ചോദ്യമാണ് ഇത്.
പൊലീസ് ഉദ്യോഗസ്ഥൻ മരണത്തോടെ മല്ലടിച്ചു കിടക്കുന്ന വാർത്ത ഒന്നാം പേജിൽ അർഹിക്കുന്ന പ്രാധാന്യത്തോടെ നൽകിയത് കേരള കൗമുദി ദിനപത്രം മാത്രമാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അടികിട്ടി തലയോട് പൊട്ടി രാജഗിരിആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ കഴിയുന്ന അജേഷ് എന്ന പൊലീസ് ഉദ്യോഗസ്ഥൻ മരണത്തോട് മല്ലടിക്കുന്ന വാർത്തയോടുള്ള മലയാള മനോരമയും, മാതൃഭൂമിയുമടക്കമുള്ള മാധ്യമങ്ങളുടെ പ്രതികരണം ഏറെ വേദനാ ജനകമാണ്. തലയോട് പൊട്ടിക്കിടക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വാർത്ത ഒന്നാം പേജിൽ നൽകാതിരുന്ന മലയാള മനോരമ ഈ വാർത്തയ്ക്കിട്ടിരിക്കുന്ന ഹെഡിംങാണ് വേദനാ ജനകം – പൊലീസ് ഉദ്യോഗസ്ഥന് മർദനം – അതും മൂന്നു കോളത്തിൽ മാത്രം.
മാതൃഭൂമിയുടെ ഒന്നാം പേജിൽ നെടുങ്കണ്ടം കസ്റ്റഡി മരണക്കേസ് വലിയ വാർത്തയാക്കി. രണ്ട് കോളത്തിൽ സാമാന്യം വലുപ്പത്തിലാണ് വാർത്ത നൽകിയിരിക്കുന്നത്. പൊലീസുകാരെ വിചാരണ ചെയ്യും. പക്ഷേ, ഇവരുടെ ഒരു സഹപ്രവർത്തകൻ തലയ്ക്കടിയേറ്റ് അബോധാവസ്ഥയിൽ കിടക്കുന്ന വാർത്ത അതേ പേജിൽ തന്നെ ഒറ്റക്കോളത്തിൽ ഒതുങ്ങി.
കൊടും ക്രിമിനലനായ പ്രതി സുലൈമാൻ മാസങ്ങൾക്ക് മുൻപാണ് എക്‌സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ചത്. നാട്ടിൽ വിലസി നടക്കുന്ന പ്രതിയ്‌ക്കെതിരെ യാതൊരു നടപടിയും ഉണ്ടായില്ല. പകരം കണ്ടതോ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ തലയോട് തല്ലിത്തകർത്ത് അദ്ദേഹത്തെ ബോധരഹിതനാക്കിയിരിക്കുകയാണ് ഇപ്പോൾ.
സമാന രീതിയിലുള്ള സംഭവം തന്നെയാണ് തെന്മലയിൽ സിഐക്കും എസ്ഐക്കും നേരേ ഉണ്ടായത്. ഇത് കൂടാതെ കാസർകോട് പൊലീസിനു നേരെ വെടിവയ്പ്പും വരെയുണ്ടായി. എന്നാൽ, ഈ കേസുകളിലൊന്നും പ്രതികരിക്കാൻ ഒരു മനുഷ്യാവകാശ സംഘടനകളെയും വ്യക്തികളെയും മാധ്യമങ്ങളെയും കാണാറില്ല. പൊലീസ് അടിച്ചു ഇടിച്ചു നുള്ളി പിച്ചി മാന്തി എന്നു പറഞ്ഞ് വാർത്ത നൽകുകയും, മണിക്കൂറുകളോളം അന്തിചർച്ച നടത്തുകയും പ്രതിയുമായുള്ള യാത്ര ലൈവായി നൽകുകയും ചെയ്യുന്ന ചാനലുകളൊന്നും തന്നെ മറയൂരിൽ അടിയേറ്റ് വീണ പൊലീസ് ഉദ്യോഗസ്ഥന്റെ ആശുപത്രിയ്ക്ക് മുന്നിൽ ക്യാമറയുമായി എത്തിയിട്ടില്ല.
സാധാരണക്കാരന് നീതി ഉറപ്പാക്കാൻ സകല റിസ്‌കും എടുത്ത് രാവ് പകലാക്കി ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥന് ലഭിക്കുന്നത് 110 രൂപയാണ് . പേര് “റിസ്‌ക് അലവൻസ് “. പൊലീസുകാരുടെ ജീവനും സ്വത്തിനും പോലും സംരക്ഷണം ഇല്ലാത്ത ഈ കാലത്താണ് ഗുണ്ടകളും ക്രിമിനലുകളും പൊലീസിനു മേൽ അഴിഞ്ഞാടുന്നത്. ഇവരെ തിരിച്ചൊന്നു തൊട്ടു പോയാൽ മനുഷ്യാവകാശമായി, ഹൈക്കോടതി കേസായി , പൊലീസ് കംപ്ലെയിന്റ് അതോറിറ്റിയുടെ ഇടപെടലായി, അന്തി ചർച്ചയായി. നമ്മുടെ അന്തിചർച്ചകളിൽ സ്വപ്നയും, സരിതയും, രശ്മി നായരും മാത്രം മതിയോ?
ക്രിമിനലുകൾ അഴിഞ്ഞാടുമ്പോൾ മൗനമായി പൊലീസ് ഇരിക്കേണ്ട സാഹചര്യമാണ് ഇനിയുണ്ടാകുന്നത്.സൈക്കിൾ വാങ്ങിക്കൊടുത്തും, മൊബൈൽ വാങ്ങിക്കൊടുത്തും, ജനമൈത്രി കളിച്ചും നടക്കുന്ന പൊലീസിനോട് അൽപമെങ്കിലും സ്‌നേഹമുണ്ടെങ്കിൽ ജനങ്ങളെ നിങ്ങൾ ഈ പൊലീസ് മാമന് വേണ്ടി പ്രാർത്ഥിക്കണം..!!!