
അല്‍ ഹിലാലും ബാഴ്സയും വേണ്ടെന്ന് വെച്ച് ഫുട്ബോള്‍ മിശിഹ അമേരിക്കന്‍ ക്ലബ്ബിലേക്ക്…! ഡേവിഡ് ബെക്കാമിന്റെ ഇന്റര്‍ മിയാമിയുമായി മെസ്സി കരാര്‍ ഒപ്പിട്ടതായി റിപ്പോര്‍ട്ടുകള്‍; തീരുമാനം അഡിഡാസ്, ആപ്പിള്‍ ബ്രാന്‍ഡുകളുമായുള്ള സഹകരണം കൂടി കരാറില്‍ ഉള്‍പ്പെടുത്തി
സ്വന്തം ലേഖിക
ബ്യൂണസ്‌ഐറിസ്: അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ ട്രാൻസ്ഫറുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളെല്ലാം അസ്ഥാനത്തായി.
ഫുട്‌ബോള്‍ മിശിഹ സൗദി അറേബ്യൻ ക്ലബ്ബിലേക്കോ സ്പാനിഷ് പ്രീമിയര്‍ ലീഗിലെ ക്ലബ്ബിലേക്കോ അല്ല. അല്‍ ഹിലാലും ബാഴ്സയും വേണ്ടെന്ന് വെച്ച് മെസ്സി അമേരിക്കൻ ക്ലബ്ബിലേക്കേക്കാണ് ചേക്കേറുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലയണല്‍ മെസ്സി അമേരിക്കൻ ക്ലബായ ഇന്റര്‍ മിയാമിയിലേക്കെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
നേരത്തെ സൗദി അറേബ്യൻ ക്ലബായ അല്‍ ഹിലാലിലേക്കും മെസ്സിയുടെ പഴയ തട്ടകമായ ബാഴ്‌സലോണയിലേക്കും താരം കൂടുമാറ്റം നടത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോള്‍ ഇന്റര്‍ മിയാമിയിലേക്ക് മെസ്സി ചേക്കേറുന്നുവെന്നാണ് റിപ്പോര്‍ട്ട്.
അഡിഡാസ്, ആപ്പിള്‍ തുടങ്ങിയ ബ്രാൻഡുകളുമായുള്ള സഹകരണം കൂടി മെസ്സിയുടെ മിയാമി കരാറില്‍ ഉള്‍പ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്പാനിഷ് പത്രപ്രവര്‍ത്തകൻ ഗില്ലെം ബാലാഗാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്.
നേരത്തെ റെക്കോര്‍ഡ് തുകയാണ് സൗദി ക്ലബ്ബ് മെസ്സിക്ക് മുന്നില്‍ വെച്ചത്. എന്നാല്‍ താരത്തിന് പശ്ചിമേഷ്യയിലേക്ക് വരാൻ താല്‍പര്യമില്ലെന്ന റിപ്പോര്‍ട്ടുകള്‍ വന്നു.
പിന്നാലെ ആദ്യ ക്ലബ്ബായ ബാഴ്സയിലേക്ക് തന്നെ മടങ്ങുമെന്നായിരുന്നു വാര്‍ത്തകള്‍. ഇതിന് പിന്നാലെ മെസ്സിയുടെ പിതാവ് ബാഴ്‌സലോണ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഇതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. മെസ്സിയെ തിരികെ എത്തിക്കുന്നതിനുള്ള സാമ്പത്തിക നിയന്ത്രണങ്ങള്‍ ലാലീഗ നീക്കിയതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.