play-sharp-fill
പാർട്ടി പ്രവർത്തനം മടുത്തപ്പോൾ ഹരിദ്വാറിൽ പോയി സന്യാസിയായി ; കവിത കേട്ട് കണ്ണ് നിറഞ്ഞ പെൺകുട്ടിയെ ജീവിത സഖിയാക്കി ; കവി എന്ന് സ്വയം അടയാളപ്പെടുത്തി തിരികെ വരാത്തൊരു യാത്രയിലേക്ക് പനച്ചൂരാൻ മടങ്ങുമ്പോൾ കവിത മാത്രം ബാക്കിയാകുന്നു

പാർട്ടി പ്രവർത്തനം മടുത്തപ്പോൾ ഹരിദ്വാറിൽ പോയി സന്യാസിയായി ; കവിത കേട്ട് കണ്ണ് നിറഞ്ഞ പെൺകുട്ടിയെ ജീവിത സഖിയാക്കി ; കവി എന്ന് സ്വയം അടയാളപ്പെടുത്തി തിരികെ വരാത്തൊരു യാത്രയിലേക്ക് പനച്ചൂരാൻ മടങ്ങുമ്പോൾ കവിത മാത്രം ബാക്കിയാകുന്നു

തേർഡ് ഐ ഡെസ്‌ക്

ആലപ്പുഴ: ‘ഒരു മാത്ര കൂടി നീ ഇവിടെ നിന്നാൽ ഞാൻ ജനിമൃതികളറിയാതെ പോകും..’ അനിൽ പനച്ചൂരാന്റെ ഈ വരികൾ ഏറ്റ് പാടാത്ത കോളേജ് ക്യാമ്പസുകൾ ഒരുപക്ഷെ ഉണ്ടാവില്ല. കലാലയ പ്രണയങ്ങൾക്ക് പലപ്പോഴും ശബ്ദവും രൂപവും നൽകിയത് അനിൽ പനച്ചൂരാന്റെ കവിതകളായിരുന്നു. പ്രണയത്തിന്‌
മാത്രമല്ല പ്രണയ നഷ്ടത്തിനും ആ വരികൾ ജീവൻ നൽകിയിരുന്നു.

വിപ്ലവകവിയായ അനിൽ പനച്ചൂരാന്റെ കവിതകൾ പോലെ ജീവിതവും വിസ്മങ്ങളും നാടകീയതകളും നിറഞ്ഞവയായിരുന്നു. ശ്രീനാരായണഗുരു വിദ്യ അഭ്യസിക്കാനെത്തിയ കായംകുളം ഗോവിന്ദമുട്ടം വാരണപ്പള്ളിൽ തറവാട്ടിലെ ഇളംതലമുറക്കാരനാണ് അദ്ദേഹം. ഇടതുപക്ഷ അനുഭാവമുള്ള കുടുംബത്തിൽ പിറന്ന അദ്ദേഹതതിന്റെ വഴിയും കമ്മ്യൂണിസം തന്നെയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടത് പാർട്ടിയ്‌ക്കൊപ്പം നിന്നുകൊണ്ട് പാർട്ടിയോട് കലഹിച്ച ഒരു വ്യക്തിത്വത്തിനുടമ കൂടിയാണ് അദ്ദേഹം. പിന്നീട് പലവഴികൾ പയറ്റിയ ശേഷമാണ് സിനിമാ ഗാനരചയിതാവ് എന്ന നിലയിൽ ശ്രദ്ധേയനായത്.

സന്ന്യാസി, വിഷവൈദ്യൻ, വക്കീൽ അങ്ങനെ തികച്ചും വ്യത്യസ്ത വേഷങ്ങളിലൂടെയാണ് അദ്ദേഹത്തിന്റ ജീവിതം മുന്നേറിയത്. നങ്ങ്യാർകുളങ്ങര ടി.കെ.എം.എം.കോളേജിൽ പഠിക്കുന്ന കാലഘട്ടത്തിലാണ് എസ്.എഫ്.ഐ.പ്രവർത്തകനായി ഇടത് പാർട്ടിയിലേക്ക് എത്തുന്നത്. ഡിവൈഎഫ്‌ഐ.യിലും പ്രവർത്തിച്ച് പാർട്ടിയംഗമാവുകയും ചെയ്തു.

പാർട്ടി പ്രവർത്തനം മടുത്ത ഘട്ടത്തിലാണ് അദ്ദേഹം ഹരിദ്വാറിൽ ചെന്ന് സന്ന്യാസവും സ്വീകരിച്ചു.കമ്മ്യൂണിസ്റ്റുകാരനായ അനിൽ സന്യാസം സ്വീകരിച്ചു നാട്ടിൽ തിരിച്ചെത്തിയപ്പോൾ ലഭിച്ചതോടെ സ്വീകരണവും. അദ്ദേഹം തന്നെ പലപ്പോഴായി പറഞ്ഞുവച്ചിട്ടുണ്ട് വിശ്വാസിയായ കമ്മ്യൂണിസ്റ്റാണ് താനെന്ന്.

കാഷായമിട്ട വിപ്ലവകാരിയെ അംഗീകരിക്കാൻ മനസ്സിലാത്ത കമ്മ്യൂണിസ്റ്റുകൾ അദ്ദേഹവുമായി അകലുകയും ചെയ്തിരുന്നു. ഒടുവിൽ അതെല്ലാം വിട്ടെറിഞ്ഞ് തിരുവനന്തപുരം ലോ അക്കാദമിയിൽ ചേർന്നു. അങ്ങനെ വക്കീലുമായി. ഇതൊക്കെ സംഭവിച്ചത് തീർത്തും അപ്രതീക്ഷിതമായിട്ടായിരുന്നു.

ലോ അക്കാദമിയിൽ സായാഹ്ന ബാച്ചിൽ ചേർന്ന കാലത്താണ് കവിത കേട്ടു കണ്ണുനിറഞ്ഞ പെണ്ണിനെ കൈപിടിച്ചു ജീവിതത്തിലേക്ക് കൂട്ടിയത്. മായയുമായി പ്രണയവിവാഹമായിരുന്നു പനച്ചൂരാന്റെത്. മകൾ മൈത്രേയിയും അമ്മയെ പോലെ നർത്തകിയാണ്.

‘വിൽക്കുവാൻ വച്ചിരിക്കുന്ന പക്ഷികൾ’ എന്ന തന്റെ ആദ്യ കവിത ചൊല്ലി കലാലയങ്ങളിലും തെരുവുകളിലും കള്ളുഷാപ്പുകളിലും ചായപ്പീടികകളിലും അദ്ദേഹം നിറയുകയായിരുന്നു.

തിരക്കഥാകൃത്തായിരുന്ന സിന്ധുരാജ് പലപ്പോഴും ചൊല്ലുന്ന കവിതയായിരുന്നു ‘വലയിൽ വീണ കിളികളാണു നാം’ എന്നത്. ഇതു കേൾക്കാനിടയായ ലാൽ ജോസ്, സിന്ധുരാജിനോട് കവിയെക്കുറിച്ചു ചോദിച്ചു. അങ്ങനെ ഷൊർണൂർ ഗസ്റ്റ്ഹൗസിൽ വെച്ച് ഇരുവരും കാണുന്നു. ഇങ്ങനെയാണ് ‘അറബിക്കഥ’ എന്ന സിനിമയിലേക്ക് എത്തുന്നത്.

പിന്നീട് എന്റെ അറബിക്കഥയിൽ അദ്ദേഹം പാട്ടെഴുതി. ചോര വീണ മണ്ണി നിന്ന് എന്ന ഗാനം എഴുതി, പാടി, അഭിനയിച്ചു. പിന്നീട് കുറേ സിനിമകളിൽ ഒപ്പം വർക്ക് ചെയ്തു.ഓരോ തുള്ളി ചോരയിൽനിന്നും ഒരായിരം പേരുയരുന്നു എന്ന മാതൃകയിൽ ഒരു ഗാനം വേണമെന്ന് ലാൽ ആവശ്യപ്പെട്ടതിനെത്തുടർന്നാണ് ചോരവീണ മണ്ണിൽനിന്നുയർന്നു വന്ന പൂമരം എന്നവരികൾ പിറന്നത്. ഇതിലെ പാട്ടുകളെല്ലാംതന്നെ അനിലിനെ പ്രശസ്തിയുടെ കൊടുമുടിയിലെത്തിച്ചു.

സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയിലെന്നെഴുതിയ പനച്ചൂരാനോടൊപ്പം കേരളത്തിലെ ക്യാംപസുകളും ഇടത് പ്രസ്ഥാനങ്ങളും ഇപ്പോഴും ഉറക്കെ പാടുന്നുണ്ട്. വിടവാങ്ങിയത് തന്റെ കവിതകളെ ഒരേസമയം കച്ചവടവും ജീവിതവുമാക്കിയ ഒരു കവിയാണ്. കവിയെന്ന നിലയിൽ സ്വയം അടയാളപ്പെടുത്തി 51-ാം വയസിൽ തിരികെ വരാത്തൊരു യാത്രയിലേക്ക് അനിൽ പനച്ചൂരാൻ മടങ്ങുകയാണ്, ഒടുവിൽ കവിത മാത്രം ബാക്കിയാകുന്നു.