മകളെ ആക്രമിച്ചവനെതിരെ പോലീസ് നടപടിയെടുക്കുന്നില്ല: ഇനി എവിടെയാണ് പരാതി പറയേണ്ടത് ; മുഖ്യമന്ത്രി പിണറായി വിജയന് ഒരച്ഛൻറെ കത്ത്
സ്വന്തം ലേഖകൻ
കൊച്ചി: എന്തു വിശ്വസിച്ചാണു പെൺമക്കളെ രക്ഷിതാക്കൾ പുറത്തുവിടേണ്ടതെന്നും പോലീസിൽ പരാതി നൽകിയിട്ടും നടപടിയില്ലാത്ത സാഹചര്യത്തിൽ ഇനി എവിടെയാണു പരാതി പറയേണ്ടതെന്നും ചോദിച്ചു മുഖ്യമന്ത്രി പിണറായി വിജയന് ഒരു പെൺകുട്ടിയുടെ അച്ഛൻറെ കത്ത്. തൻറെ മകളെ കൈയേറ്റം ചെയ്ത സംഭവത്തിൽ പ്രതിയെ പോലീസ് പിടികൂടാത്തതാണു ഫോർട്ടുകൊച്ചി സ്വദേശിയായ അച്ഛനെ പ്രകോപിപ്പിച്ചത്. രാത്രി ഏഴിനു പെൺകുട്ടി തന്റെ ഫ്‌ളാറ്റിലേക്കു പോകുമ്പോൾ ബൈക്കിൽ എത്തിയ ഒരാൾ കൈയേറ്റം ചെയ്യുകയായിരുന്നു. നിലവിളിച്ച് ഓടിയതുകൊണ്ടാണു രക്ഷപ്പെട്ടത്. ഫോർട്ടുകൊച്ചി സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും തുടർ നടപടികളുണ്ടായില്ല. ഒരിക്കലും സംഭവിക്കരുതാത്തതാണു മകൾക്ക് അനുഭവിക്കേണ്ടി വന്നതെന്നും ആയിരക്കണക്കിനു പെൺകുട്ടികളുടെ രക്ഷിതാക്കൾക്കു വേണ്ടിയാണു താൻ പോലീസ് സ്റ്റേഷനുകൾ കയറിയിറങ്ങുന്നതെന്നും കത്തിൽ പറയുന്നു. കുറ്റവാളി ഇപ്പോഴും പരിസരങ്ങളിൽ തന്നെയുണ്ട്.
പോലീസിനെയോ നിയമസംവിധാനങ്ങളെയോ ഭയപ്പെടാതെ അയാളിപ്പോഴും അടുത്ത ഇരയ്ക്കായി കറങ്ങി നടക്കുകയായിരിക്കാം. സ്വന്തം മകൾക്കായിരുന്നു ഇതു സംഭവിച്ചിരുന്നതെങ്കിൽ എന്തു നടപടി സ്വീകരിക്കുമായിരുന്നു എന്നതുപോലെ തന്റെ പരാതിയിൽ നടപടികളെടുക്കണം. ഒരു അച്ഛനെന്ന നിലയിലുള്ള അപേക്ഷയാണിതെന്നും കത്തിൽ പറയുന്നു. അതേസമയം സംഭവത്തിൽ അന്വേഷണം നടന്നു വരികയാണെന്നു ഫോർട്ടുകൊച്ചി പോലീസ് അറിയിച്ചു. പരിസരത്തുള്ള അഞ്ചു സ്വകാര്യ സിസിടിവി കാമറകൾ പരിശോധിച്ചിരുന്നു. സംഭവം നടന്നതിന്റെ 100 മീറ്റർ അകലെയുളള കാമറയിൽ സംഭവം നടന്ന സമയത്തു ബൈക്ക് പാഞ്ഞുപോകുന്നതായി കാണുന്നുണ്ട്. നമ്പർ തിരിച്ചറിയാൻ കഴിയാത്തതിനാൽ കൂടുതൽ അന്വേഷണം നടത്തുന്നുണ്ടെന്നും പോലീസ് അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group