കുഷ്ഠരോഗ നിര്‍ണ്ണയ ഭവന സന്ദര്‍ശന യജ്ഞം ഏപ്രില്‍ 29 മുതല്‍
സ്വന്തംലേഖകൻ
കോട്ടയം : ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലുള്ള കുഷ്ഠരോഗ നിര്‍ണയ ഭവന സന്ദര്‍ശന യജ്ഞം -അശ്വമേധം കോട്ടയം ജില്ലയില്‍ ഏപ്രില്‍ 29 മുതല്‍ മെയ് 12 വരെ നടക്കും. കുഷ്ഠരോഗം ബാധിച്ചിട്ടുണ്ടെങ്കിലും തിരിച്ചറിയാത്തതുമൂലം ചികിത്സ ലഭിക്കാത്തവരെ കണ്ടെത്തി ചികിത്സ നല്‍കുന്നതിനുവേണ്ടിയാണ് പരിപാടി നടത്തുന്നതെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ജേക്കബ് വര്‍ഗീസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കുഷ്ഠരോഗത്തെക്കുറിച്ച് മലയാളി സമൂഹത്തില്‍ നിലനിന്നിരുന്ന മിഥ്യാ ധാരണകളെ അകറ്റുന്നതില്‍ മുഖ്യ പങ്കുവഹിച്ച തോപ്പില്‍ ഭാസിയുടെ അശ്വമേധം എന്ന നാടകവുമായും ഇതേ പേരിലുള്ള സിനിമയുമായും ബന്ധപ്പെടുത്തിയാണ് പരിപാടിക്ക് ഈ പേര് നല്‍കിയത്.
ജില്ലാ ആരോഗ്യ വകുപ്പ്, ദേശീയ ആരോഗ്യ ദൗത്യം, ലയണ്‍സ് ഡിസ്ട്രിക്ട് 318ആ, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍, കുടുംബശ്രീ, വനിതാ ശിശു വികസന വകുപ്പ്, സാമൂഹ്യ നീതി വകുപ്പ് എന്നിവ സംയുക്തമായാണ് അശ്വമേധം സംഘടിപ്പിക്കുന്നത്.
ജില്ലയില്‍ അഞ്ചര ലക്ഷത്തിലധികം വരുന്ന വീടുകളില്‍ ഏപ്രില്‍ 29 മുതല്‍ മെയ് 12 വരെ ആശാ പ്രവര്‍ത്തകരുടെയും പരിശീലനം സിദ്ധിച്ച വോളണ്ടിയര്‍മാരുടെയും നേതൃത്വത്തില്‍ ഭവനസന്ദര്‍ശനം നടത്തി എല്ലാവരുടെയും ത്വക്ക് പരിശോധന നടത്തി കുഷ്ഠരോഗലക്ഷണങ്ങള്‍ സംശയിക്കുന്നവരെ ആശുപത്രിയിലേക്ക് റെഫര്‍ ചെയ്യാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
ഒരു പുരുഷ വോളണ്ടിയറും വനിതാ വോളണ്ടിയറും അടങ്ങുന്ന ടീം ഏകദേശം 250 വീടുകള്‍ 14 ദിവസം കൊണ്ട് സന്ദര്‍ശിക്കും. ഇതിനായി 5000 വോളണ്ടീയര്‍മാര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, പബ്ലിക് ഹെല്‍ത്ത് നഴ്‌സ്മാര്‍ എന്നിവരുടെ മേല്‍നോട്ടത്തിലായിരിക്കും പരിപാടി നടപ്പിലാക്കുക. പ്രാഥമിക, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിലെ ഡോക്ടര്‍മാര്‍ പരിപാടിക്ക് നേതൃത്വം നല്‍കും.
ഭവന സന്ദര്‍ശനത്തില്‍ കുഷ്ഠരോഗലക്ഷണങ്ങള്‍ കണ്ടെത്തുന്ന കേസുകള്‍ ത്വക്ക്‌രോഗ വിദഗ്ധര്‍ പരിശിധിച്ചു ചികിത്സ നല്‍കും. കുഷ്ഠരോഗത്തിനു എല്ലാ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലും പൂര്‍ണമായും സൗജന്യമായ ചികിത്സ ലഭ്യമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ പറഞ്ഞു.
അശ്വമേധത്തിന്റെ ഒന്നാം ഘട്ടത്തില്‍ (2018 ഡിസംബറില്‍) രണ്ടാഴ്ചകൊണ്ട് എട്ടു ജില്ലകളില്‍ 194 പുതിയ കുഷ്ഠരോഗികളെ കണ്ടെത്തി ചികിത്സ ആരംഭിച്ചു. പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഏറ്റവും അധികം രോഗികളെ കണ്ടെത്തിയത്. ഇവയില്‍ 129 കേസുകള്‍ ദീര്‍ഘ കാലമായുള്ള അഞ്ചില്‍ കൂടുതല്‍ പാടുകളോടുകൂടിയ കുഷ്ഠരോഗം (മള്‍ട്ടി ബാസിലറി)യും, 15 കേസുകള്‍ വൈകല്യം ബാധിച്ചവയുമായിരുന്നു. രോഗം കണ്ടെത്തിയവരില്‍ 20 കുട്ടികളും ഉള്‍പ്പെടുന്നു.
സമൂഹത്തില്‍ രോഗബാധ ദീര്‍ഘകമാലമായി തിരിച്ചറിയാതെ തുടരുന്നു എന്നതിന്റെ സൂചനയാണിത്.
കുഷ്ഠരോഗം പൂര്‍ണമായി സുഖപ്പെടുത്താനാവുമെങ്കിലും രോഗ ലക്ഷണങ്ങളെക്കുറിച്ചുള്ള ശരിയായ അറിവില്ലാത്തുമൂലം രോഗം ബാധിച്ചവര്‍ സ്വയം തിരിച്ചറിഞ്ഞ് ചികിത്സക്കെത്തുന്നത് വളരെ വൈകിയാണ്. ചികിത്സ വൈകുന്നത് രോഗിക്ക് അംഗവൈകല്യം ബാധിക്കുന്നതിനും മറ്റുള്ളവരിലേക്ക് രോഗം പടരുന്നതിനും കാരണമാകും.
സംസ്ഥാനത്ത് രോഗ സാന്ദ്രത വളരെ കുറവാണെന്ന പൊതു ധാരണ മൂലം രോഗ ലക്ഷണങ്ങളെക്കുറിച്ചുള്ള അവബോധം തീരെ കുറഞ്ഞതാണ് രോഗികളെ നേരത്തെ കണ്ടെത്തുന്നത്തില്‍ നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ പറഞ്ഞു.
രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും അടുത്തു നിന്ന് ശ്വസിക്കുന്നതിലൂടെയാണ് കുഷ്ഠരോഗം പകരുന്നത്.
തൊലിപ്പുറത്ത് നിറം മങ്ങിയതോ ചുവന്നതോ ആയ പാടുകള്‍, തടിപ്പുകള്‍, കട്ടികൂടിയ തിളക്കമുള്ള ചര്‍മ്മം, വേദനയില്ലാത്ത വ്രണങ്ങള്‍, കൈ കാലുകളില്‍ മരവിപ്പ്, വൈകല്യങ്ങള്‍, കണ്ണടക്കാനുള്ള പ്രയാസം തുടങ്ങിയവ കുഷ്ഠരോഗ ലക്ഷണങ്ങളായേക്കാം. തുടക്കത്തില്‍ തന്നെ ചികിത്സ ആരംഭിച്ചാല്‍ വൈകല്യങ്ങള്‍ പൂര്‍ണമായും തടയാന്‍ കഴിയും. വൈകല്യങ്ങള്‍ ചികിത്സിച്ചു ഭേദമാക്കുക എളുപ്പമല്ലാത്തതിനാല്‍ വൈകല്യങ്ങള്‍ ബാധിക്കുന്നതിനു മുമ്പ് ചികിത്സ ആരംഭിക്കേണ്ടതുണ്ട്.
ചികിത്സ ആരംഭിക്കുന്നതോടെ തന്നെ രോഗിയുടെ ശരീരത്തിലെ 90 ശതമാനം ബാക്ടീരിയയും നശിക്കുന്നതിനാല്‍ രോഗം മറ്റുള്ളവരിലേക്ക് പകരുന്നത് പൂര്‍ണമായും തടയാനാകും. ആറു മാസം മുതല്‍ 12 മാസം വരെ കൃത്യമായ ചികിത്സയിലൂടെ രോഗി പൂര്‍ണമായും സുഖം പ്രാപിക്കും.
ഡെപ്യൂട്ടി ഡി.എം.ഒ ഡോ. പി.എന്‍. വിദ്യാധരന്‍,ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. വ്യാസ് സുകുമാരന്‍, ജില്ലാ എജ്യുക്കേഷന്‍ മീഡിയ ഓഫീസര്‍ ഡോമി ജോണ്‍, അസിസ്റ്റന്റ് ലെപ്രസി ഓഫീസര്‍ കെ.എന്‍.മുരളീധരന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ ങ്കെടുത്തു.