നേരില്‍ കണ്ടെന്ന് നാട്ടുകാര്‍; പുലിയുടേതെന്ന് സംശയിക്കുന്ന കാല്‍പ്പാടുകളും;  പുലിപ്പേടിയില്‍ പുലിക്കുന്ന്; ക്യാമറ സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കി വനം വകുപ്പ്

നേരില്‍ കണ്ടെന്ന് നാട്ടുകാര്‍; പുലിയുടേതെന്ന് സംശയിക്കുന്ന കാല്‍പ്പാടുകളും; പുലിപ്പേടിയില്‍ പുലിക്കുന്ന്; ക്യാമറ സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കി വനം വകുപ്പ്

സ്വന്തം ലേഖിക

മുണ്ടക്കയം: മുണ്ടക്കയം പഞ്ചായത്തിലെ പുലിക്കുന്ന് ടോപ്പ് മേഖലയില്‍ ഒഴിയാതെ പുലിഭീതി.

പുലിയെ കണ്ടതായിട്ടാണ് നാട്ടുകാര്‍ പറയുന്നത്.
ഇതോടെ ക്യാമറ സ്ഥാപിച്ചു നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ് വനം വകുപ്പ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഞായറാഴ്ച രാത്രിയില്‍ പുലിക്കുന്ന് ടോപ്പില്‍ ചിറയ്ക്കല്‍ രാജുവിന്‍റെ ആടുകളെ അജ്ഞാതജീവി അക്രമിച്ചു കൊന്നിരുന്നു. കൂട്ടില്‍ കെട്ടിയിരുന്ന രണ്ട് ആടുകളാണ് ചത്തത്. ആടിനെ കെട്ടിയിരുന്ന കൂടിനു സമീപത്തായി പുലിയുടേതെന്നു സംശയിക്കുന്ന കാല്‍പ്പാടുകളും കണ്ടെത്തിയിരുന്നു.

എന്നാല്‍, ആടുകളെ കൊന്നതു പുലിയാണെന്നു സ്ഥിരീകരിക്കാൻ വനം വകുപ്പ് തയാറായിട്ടില്ല. തിങ്കളാഴ്ച രാത്രിയില്‍ ചിറയ്ക്കല്‍ രാജുവിന്‍റെ സഹോദരപുത്രൻ അരുണ്‍ പുലിയോടു സാമ്യമുള്ള ജീവിയെ നേരില്‍ കണ്ടെന്നു പറയുന്നു.

അരുണിന്‍റെ വീടിനു സമീപത്തെ പശുത്തൊഴുത്തിനു സമീപമാണ് പുലിയെന്നു സംശയിക്കുന്ന ജീവിയെ കണ്ടത്. ബഹളം വച്ചതോടെ ഇത് ഓടിമറിഞ്ഞെന്നും അരുണ്‍ പറയുന്നു.

തുടര്‍ന്നു നാട്ടുകാരെയും വനംവകുപ്പിനെയും വിവരം അറിയിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ആടിനെ അജ്ഞാത ജീവി കടിച്ചു കൊന്ന ചിറക്കല്‍ രാജുവിന്‍റെ ആട്ടില്‍ കൂടിനു സമീപത്തായി രണ്ടു ക്യാമറകളാണ് വനം വകുപ്പ് സ്ഥാപിച്ചത്. തിങ്കളാഴ്ച രാത്രിയില്‍ പുലിയെന്നു കരുതുന്ന ജീവിയെ വീണ്ടും പ്രദേശത്തു കണ്ടെന്ന നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് രാത്രിതന്നെ ഉദ്യോഗസ്ഥരെത്തി രണ്ട് കാമറകള്‍ സ്ഥാപിച്ചത്.
കാമറയിലെ നിരീക്ഷണങ്ങള്‍ക്കു ശേഷമാകും തുടര്‍നടപടി.