കോവിഡ്19: രാജ്യത്ത് കൊറോണ വൈറസ് സാമൂഹ വ്യാപന ഘട്ടത്തിലേക്ക് കടന്നിട്ടില്ലെന്ന് കേന്ദ്രം; നാലാം ഘട്ടം സൂക്ഷിക്കണം ; അനിയന്ത്രിതമാം വിധം രോഗികളുടെ എണ്ണം വർധിക്കാൻ സാധ്യത
സ്വന്തം ലേഖകൻ
ഡൽഹി : രാജ്യത്ത് കൊറോണ വൈറസ് സാമൂഹ വ്യാപന ഘട്ടത്തിലേക്ക് കടന്നിട്ടില്ലെന്ന് കേന്ദ്രം. നിലവിലെ സാഹചര്യത്തിൽ സാമൂഹ വ്യാപനത്തിനുള്ള സാധ്യത കുറവാണെന്നും കേന്ദ്ര ആരോഗ്യ വകുപ്പ് സെക്രട്ടറി ലാവ് അഗർവാൾ വ്യക്തമാക്കി. രാജ്യത്തെ നിലവിലെ സാഹചര്യത്തെ സമൂഹ വ്യാപനമെന്ന് വിളിക്കാൻ കഴിയില്ല. ഇപ്പോഴും രോഗികളുമായി സമ്പർക്കം പുലർത്തിയ ആളുകൾക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. രാജ്യം ഇപ്പോഴും പ്രദേശിക വ്യാപന ഘട്ടത്തിലാണെന്നും അദ്ദേഹം അറിയിച്ചു.
നേരത്തെ രാജ്യത്ത് സാമൂഹ വ്യാപനം നടന്നതായി സൂചനയില്ലെന്ന് ഐസിഎംആർ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സാമൂഹ വ്യാപനം നടന്നിട്ടില്ലെന്ന് കേന്ദ്രം അറിയിച്ചത്.പല സംസ്ഥാനങ്ങളിലും സാമൂഹ വ്യാപനം ഉണ്ടായിട്ടുണ്ടെന്ന സംശയം ഉയരുന്ന സാഹചര്യത്തിലാണ് സമൂഹ വ്യാപന സാധ്യതയില്ലെന്ന വ്യക്തമാക്കി ആരോഗ്യ മന്ത്രാലയം രംഗത്ത് വന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രധാനമായും നാല് ഘട്ടങ്ങളാണ് കൊറോണ വൈറസ് ബാധയ്ക്കുള്ളതെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്. ഒന്നാം ഘട്ടത്തിൽ വൈറസ് ബാധ റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽ നിന്നും എത്തുന്നവർക്ക് മാത്രമേ രോഗം സ്ഥിരീകരിക്കൂ. രണ്ടാം ഘട്ടത്തിൽ വൈറസ് രോഗികളുമായി സമ്പർക്കം പുലർത്തിയവരിലേക്ക് വ്യാപിക്കും. നിലവിൽ രണ്ടാം ഘട്ടമാണ് ഇന്ത്യയിൽ ഉള്ളത്.മൂന്നാം ഘട്ടമാണ് സമൂഹ വ്യാപനം എന്ന് പറയുന്നത്.
ഈ വൈറസ് രോഗികളുമായി സമ്പർക്കം പുലർത്തുകയോ, രോഗ ബാധയുള്ള രാജ്യങ്ങൾ സന്ദർശിക്കുകയോ ചെയ്യാത്ത ആളുകളിലേക്ക് പകരും. ഈ ഘട്ടത്തിൽ എങ്ങിനെയാണ് വൈറസ് ബാധയുണ്ടായതെന്ന് തിരിച്ചറിയാൻ സാധിക്കില്ല. നാലാം ഘട്ടത്തിൽ അനിയന്ത്രിതമാം വിധം രോഗികളുടെ എണ്ണം വർധിക്കും.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 92 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായും നാലു പേർ മരിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതോടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 1071ഉം മരണസംഖ്യ 29ഉം ആയതായി കേന്ദ്ര ആരോഗ്യവകുപ്പ് സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു.
രാജ്യത്ത് ഇതുവരെ സാമൂഹ്യവ്യാപനത്തിന്റെ ഘട്ടത്തിലേയ്ക്ക് പ്രവേശിച്ചിട്ടില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. സാമൂഹ്യവ്യാപനത്തിന്റേതായ ഒരു സംഭവം പോലും ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ലെന്നും ആരോഗ്യവകുപ്പ് സെക്രട്ടറി പറഞ്ഞു.
സർക്കാർ നിർദേശങ്ങൾ എല്ലാവരും നൂറുശതമാനവും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്നും അതിൽ വീഴ്ച സംഭവിച്ചാൽ കരുതൽ നടപടികളെല്ലാം പാഴാകുമെന്നും അദ്ദേഹം വ്യക്തമാക്കി. അതിഥി തൊഴിലാളികൾക്ക് ഭക്ഷണവും താമസസൗര്യവും ഒരുക്കിനൽകാനും മുഴുവൻ ശമ്പളവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
അവരോട് വീട്ടുവാടക ആവശ്യപ്പെടരുതെന്ന് വീട്ടുടമകൾക്ക് നിർദേശം നൽകാനും ആഭ്യന്തര സെക്രട്ടറി ഉത്തരവിട്ടിട്ടുണ്ട്.തിരിച്ചെത്തിയ അതിഥി തൊഴിലാളികളുടെ മേൽ അണുനാശിനി തളിച്ച സംഭവത്തിൽ കുറ്റക്കാരായ ജീവനക്കാർക്കെതിരെ നടപടി കൈക്കൊള്ളുമെന്നും ലവ് അഗർവാൾ പറഞ്ഞു.
ഇക്കാര്യത്തിൽ ജില്ലാ മജിസ്ട്രേറ്റിന് നിർദേശം നൽകിയതായും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന്റെ വടക്കുകിഴക്കൻ മേഖലയിൽ ചികിത്സാ ഉപകരണങ്ങളും അവശ്യവസ്തുക്കളും എത്തിക്കുന്നതിന് പ്രത്യേക വിമാനം അയയ്ക്കുന്നതിന് കേന്ദ്ര മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് സെക്രട്ടറി വ്യക്തമാക്കി.