play-sharp-fill
കല്യോട്ട് ,അമ്മ പെങ്ങൻമാരുടെ മഹാസംഗമം നടത്തും : ലതികാ സുഭാഷ്

കല്യോട്ട് ,അമ്മ പെങ്ങൻമാരുടെ മഹാസംഗമം നടത്തും : ലതികാ സുഭാഷ്

സ്വന്തംലേഖകൻ

കോട്ടയം: സി.പി.എമ്മി ന്റെ കൊലപാതക രാഷ്ട്രീയത്തിന് അറുതി വരുത്തണമെന്ന അഭ്യാർത്ഥനയുമായി കാസർകോട് പെരിയയിലെ കല്യോട്ട് അമ്മമാരുടെയും സഹോദരിമാരുടെയും മഹാസംഗമം നടത്തുമെന്ന് കേരളാ പ്രദേശ് മഹിളാ കോൺഗ്രസ് കമ്മിറ്റി അദ്ധ്യക്ഷ ലതികാ സുഭാഷ് പത്രസമ്മേളനത്തിൽ അറിയിച്ചു. മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിനെ ദാരുണമായി കൊല ചെയ്ത് ഒരു വർഷം തികഞ്ഞ ഉടനേ കാസർകോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്ത് ലാലിനെയും ക്യപേഷിനെയും കൊല ചെയ്ത സി.പി.എം ന്റെ സ്വന്തം പാർട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും ആൺമക്കൾ നഷ്ടപ്പെട്ട ആ രണ്ട് അമ്മമാരെയും കണ്ട് മാപ്പ് പറയണമെന്ന് ലതിക ആവശ്യപ്പെട്ടു. ഇനിയൊരു രാഷ്ട്രീയ കൊലപാതകം കേരളത്തിൽ ഉണ്ടാവാതിരിക്കാനും കൊലപാതക രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്നവരുടെ കണ്ണ് തുറപ്പിക്കാനും കാസർകോട്ടെ കല്യോട്ട് അമ്മമാരുടെയും പെങ്ങന്മാരുടെയും പെൺമക്കളുടെയും മഹാസംഗമം സംഘടിപ്പിക്കുമെന്ന് ലതികാ സുഭാഷ് അറിയിച്ചു. മാർച്ച് 5 രാവിലെ 10ന് ആരംഭിക്കുന്ന സംഗമത്തിൽ കൊലപാതക രാഷ്ട്രീയത്തിന്റെ ഇരകളായവരുടെ കുടുംബാംഗങ്ങളും പങ്കെടുക്കും. ആർ.എം.പി.നേതാവും ടി.പി.ചന്ദ്രശേഖരന്റെ സഹധർമ്മിണിയുമായ കെ.കെ.രമ ഉൾപ്പെടെ ഉറ്റവർ നഷ്ടപ്പെട്ട നിരവധി സഹോദരിമാർ സംഗമത്തിൽ പങ്കെടുക്കും. കോൺഗ്രസ്സിന്റെയും മഹിളാ കോൺഗ്രസ്സിന്റെയും നേതാക്കളെ കുടാതെ യു.ഡി.എഫ് വനിതാ നേതാക്കളും ത്രിതല പഞ്ചായത്ത് മുനിസിപ്പൽ കോർപ്പറേഷൻ വനിതാ ജനപ്രതിനിധികളും സംഗമത്തിന് നേതൃത്വം നൽകും . രാഷ്ട്രീയ സാംസ്കാരിക സാഹിത്യ രംഗങ്ങളിലെ പ്രമുഖരും പരിപാടിയിൽ പങ്കെടുക്കുമെന്ന് ലതിക അറിയിച്ചു.