ഒരുകാലത്ത് മലയാള ചലച്ചിത്ര വേദിയിൽ ഒഴിച്ചുകൂടാനാകാത്ത ശബ്ദ സാന്നിധ്യമായിരുന്ന ലതാരാജുവിന്റെ ജന്മദിനമാണ് ഇന്ന്. ഈ വലിയ കലാകാരിക്ക് പിറന്നാളാശംസകൾ …!
കോട്ടയം: ലോകത്തെവിടേയുമുള്ള മാതാപിതാക്കൾ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് തങ്ങളുടെ ഓമനമക്കൾ മിണ്ടിത്തുടങ്ങുമ്പോഴായിരിക്കും.
രണ്ടോ മൂന്നോ വയസ്സുള്ളപ്പോൾ ആദ്യമായി “അച്ഛാ, അമ്മാ ” എന്നൊക്കെ വിളിക്കാൻ തുടങ്ങുമ്പോൾ കുട്ടികളെ ഓരോരോ വാക്കുകൾ പറയാൻ പഠിപ്പിക്കുന്നു , പാട്ടുകൾ പാടാൻ പഠിപ്പിക്കുന്നു.
കുട്ടികൾ പാട്ടുപാടാനും നൃത്തം ചെയ്യാനുമെല്ലാം തുടങ്ങുമ്പോൾ അച്ഛനും അമ്മയും കുട്ടികളായി മാറും . അവർക്കൊപ്പം ആന കളിക്കാനും ഒളിച്ചു കളിക്കാനും അവർക്കും വലിയ ഉത്സാഹമായിരിക്കും .
കിളികൊഞ്ചൽ പോലെയുള്ള അവരുടെ പാട്ടിനൊപ്പം താളം പിടിക്കാനും തലയാട്ടാനുമൊക്കെ
തയ്യാറായി അവരും തങ്ങളുടെ ബാല്യകാലത്തേക്ക് തിരിച്ചു പോകുന്നു .
Whatsapp Group 1 | Whatsapp Group 2 |Telegram Group
നീലായുടെ ബാനറിൽ
പി സുബ്രഹ്മണ്യം നിർമ്മിച്ച് സംവിധാനം ചെയ്ത “സ്നേഹദീപം ” എന്ന പഴയ ചിത്രത്തിലെ ഒരു ഗാനരംഗം ഇത്തരം ഗൃഹാതുരത്വം കലർന്ന ഓർമ്മകളാൽ സമ്പന്നമാണ്.
തിക്കുറിശ്ശി സുകുമാരൻ നായർ, ടി കെ ബാലചന്ദ്രൻ , അംബിക , ശാന്തി തുടങ്ങിയ താരങ്ങളാണ് 1964-ൽ തിയേറ്ററുകളിൽ എത്തിയ ഈ ചിത്രത്തിൽ അഭിനയിച്ചത്.
ഈ സിനിമ ഇന്ന് ഓർമ്മിക്കപ്പെടുന്നത് അതിലെ മനോഹരമായ ഒരു ഗാനത്തിലൂടെയാണെന്ന് എടുത്ത് പറയേണ്ടിയിരിക്കുന്നു .
“ഒന്നാം തരം ബലൂണ്‍ തരാം
ഒരു നല്ല പീപ്പീ തരാം
ഓടിയോടി വാ
ഓടിയോടിയോടി വന്നൊരു മുത്തം തന്നാട്ടേ
ചക്കര മുത്തം തന്നാട്ടേ…. ”
പഴയകാല നടൻ ടി കെ ബാലചന്ദ്രനും ബേബി വിനോദിനിയുമാണ്
ഈ ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നത്.
വെറും നാലു വയസുമാത്രം പ്രായമുണ്ടായിരുന്ന ബേബി വിനോദിനി എന്ന പെൺകുട്ടി
ഈ ഗാനരംഗം അതിമനോഹരമാക്കിയിരുന്നു.
പി ഭാസ്കരൻ എഴുതി എം ബി ശ്രീനിവാസൻ സംഗീതം പകർന്ന ഈ കുട്ടിപ്പാട്ട് പാടിയത് മറ്റൊരു കൊച്ചുകുട്ടിയായിരുന്നു .
അന്ന് വെറും പതിനൊന്ന് വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന
ലത എന്ന ഈ കൊച്ചു ഗായിക അക്കാലത്ത് മലയാളത്തിലെ
ഗാനാലാപനരംഗത്ത് നിറഞ്ഞുനിന്നിരുന്ന ശാന്ത പി നായരുടെ മകളാണ്.
മലയാളത്തിലെ ചലച്ചിത്ര ഇതിഹാസകാവ്യമായ
“ചെമ്മീനി ” ൽ കറുത്തമ്മയുടെ അനുജത്തി പഞ്ചമിയായി അഭിനയിച്ച് ഒരേസമയം ബാലതാരം എന്ന നിലയിലും ഗായിക എന്ന നിലയിലും മലയാളികളുടെ കണ്ണിലുണ്ണിയായി മാറിയ ലതാരാജു തന്നെ .
ആകാശവാണിയിൽ ഉദ്യോഗസ്ഥനായിരുന്ന പത്മനാഭൻ നായരുടേയും ശാന്താ പി നായരുടേയും മകളായി 1951 – ലാണ് ലതാ രാജു ജനിക്കുന്നത്.
ഒരുകാലത്ത് മലയാള സിനിമയിൽ അഭിനയിച്ചിരുന്ന ഒട്ടുമിക്ക കൊച്ചുകുട്ടികൾക്കും വേണ്ടി പാട്ടുകൾ പാടിയിരുന്നത് ലതാ രാജുവായിരുന്നു.
ഉലകനായകൻ കമലാഹാസൻ ആദ്യമായി അഭിനയിച്ച
“കണ്ണു കരളും ” എന്ന ചിത്രത്തിൽ അദ്ദേഹത്തിനു വേണ്ടി പിന്നണി പാടാൻ കഴിഞ്ഞത് ജീവിതത്തിലെ ഒരു വലിയ ഭാഗ്യമായി ഈ ഗായിക കണക്കാക്കുന്നു .
“താതെയ്യം കാട്ടില് തക്കാളിക്കാട്ടില്
തത്തമ്മ പണ്ടൊരു വീടുവച്ചു
കല്ലല്ല ഹായ് മണ്ണല്ല
കല്ലല്ല മണ്ണല്ല മരമല്ല
കൽക്കണ്ടം കൊണ്ടൊരു
വീടു വച്ചു …”
കുട്ടിയായ കമലഹാസൻ അഭിനയിച്ച ഈ ഗാനരംഗത്തെക്കുറിച്ച് പല അഭിമുഖങ്ങളിലും അദ്ദേഹം തന്നെ വാചാലനാകാറുണ്ട്.
കെ എസ് സേതുമാധവൻ സംവിധാനം ചെയ്ത “മയിലാടുംകുന്ന് ” എന്ന ചിത്രത്തിൽ സി ഓ ആൻ്റോയും ലതയും ചേർന്നു പാടിയ
” പാപ്പി അപ്പച്ചാ
അപ്പച്ചനോടോ
അമ്മച്ചിയോടോ
പാപ്പിക്ക് സ്നേഹം
അപ്പച്ചനോട് …. ”
എന്ന ഗാനം സർവ്വകാല റെക്കോർഡുകൾ തകർത്തു സൂപ്പർ ഡൂപ്പർ ഹിറ്റായി മാറിയത്
പ്രിയ വായനക്കാർ ഓർക്കുന്നുണ്ടായിരിക്കുമല്ലോ..?
ശശികുമാർ സംവിധാനം ചെയ്ത “സേതുബന്ധനം ” എന്ന ചിത്രം അക്കാലത്ത് 100 ദിവസം തകർത്തോടി വൻ വിജയം കരസ്ഥമാക്കിയിരുന്നു.
ബേബി സുമതി എന്ന ബാലനടിയും ആ കുട്ടിക്ക് വേണ്ടി ലതാരാജു പാടിയ രണ്ടു ഗാനങ്ങളുമാണ് അന്ന് കേരളത്തിലെ ഒന്നടങ്കം കുടുംബങ്ങൾ തിയേറ്ററുകളിലേക്ക് ഒഴുകിയെത്താൻ കാരണമായത്.
“പിഞ്ചുഹൃദയം ദേവാലയം
കിളികൊഞ്ചലാക്കോവിൽ മണിനാദം…”
” മഞ്ഞക്കിളീ സ്വർണ്ണക്കിളീ
മയിൽപ്പീലിക്കാട്ടിലെ വർണ്ണക്കിളീ
അമ്മയുണ്ടോ നിനക്കച്ഛനുണ്ടോ
അനിയത്തി കൂട്ടിനുണ്ടോ…”
എന്നീ ഗാനങ്ങൾ എഴുപതുകളിൽ റേഡിയോയിലും സിനിമാ ടാക്കീസുകളിലുമൊക്കെ സ്ഥിരമായി കേൾക്കാമായിരുന്നു .
യേശുദാസ് ആദ്യമായി സംഗീതസംവിധാനം നിർവ്വഹിച്ച “അഴകുള്ള സെലീന ” എന്ന ചിത്രത്തിൽ ലതയ്ക്ക് ഒരു പാട്ട് നൽകുവാൻ അദ്ദേഹം പ്രത്യേക താൽപര്യം കാണിച്ചു.
“ഇവിടുത്തെ ചേച്ചിക്കിന്നലെ മുതലൊരു ജലദോഷം…. ”
എന്ന ആ ഗാനവും ഒട്ടേറെ ജനപ്രീതി നേടിയെടുക്കുകയുമുണ്ടായി.
നടൻ മധു ആദ്യമായി സംവിധാനം ചെയ്ത “പ്രിയ ”
എന്ന ചിത്രത്തിൽ
ജയഭാരതിക്കു വേണ്ടി ഒരു പാട്ടുപാടാൻ ഇവർക്ക് ഭാഗ്യം ലഭിച്ചു. ശ്രീകൃഷ്ണ ഭക്തിഗാനങ്ങൾ എഴുതുമ്പോൾ തൂലിക പൊന്നാകുന്ന യൂസഫലി കേച്ചേരി എഴുതിയ
” കണ്ണിനു കണ്ണായ കണ്ണാ
എന്നും ഗുരുവായൂർ വാഴും താമരക്കണ്ണാ …. ”
ഇന്നും ലക്ഷക്കണക്കിന് കൃഷ്ണഭക്തർ മനസ്സിൽ താലോലിച്ചു പാടുന്ന അതിമനോഹരമായ ഭക്തിഗാനമാണെന്ന കാര്യത്തിൽ സംശയമൊന്നുമില്ല.
“ആലുവാപ്പുഴയ്ക്കക്കരെയുള്ളൊരു പൊന്നമ്പലം
അവിടത്തെ കൃഷ്ണനു രത്നകിരീടം…”
(ചിത്രം ആദ്യത്തെ കഥ – ഗാനരചന വയലാർ – സംഗീതം അർജ്ജുനൻ)
“പാവക്കുട്ടി പാവാടക്കുട്ടി
പിച്ചാ പിച്ചാ പിച്ചാ….”
(ചിത്രം കടത്തുകാരൻ – രചന വയലാർ -സംഗീതം ബാബുരാജ്
കൂടെ പാടിയത് കെ പി ഉദയഭാനു )
“കാക്കക്കറുമ്പികളെ
കാർമുകിൽ തുമ്പികളെ ‘
(ചിത്രം ഏഴുരാത്രികൾ -രചന വയലാർ -സംഗീതം സലിൽ ചൗധരി – കൂടെ പാടിയത് യേശുദാസ് ,കെ പി ഉദയഭാനു , സി ഓ ആന്റോ ,
ശ്രീലത നമ്പൂതിരി )
“ആയിരം ചിറകുള്ള
വഞ്ചിയിൽ ഉടനെ
നീ വന്നാട്ടെ… ”
(ചിത്രം വിധി – രചന വയലാർ – സംഗീത ലക്ഷ്മികാന്ത് പ്യാരെലൽ – കൂടെ പാടിയത് എസ് ജാനകി)
“കിഴക്ക് കിഴക്കൊരാന
പൊന്നണിഞ്ഞു നിൽക്കണ് ആലവട്ടം വെഞ്ചാമരം
താലിപ്പീലി നെറ്റിപ്പട്ടം…..”
(ചിത്രം ത്രിവേണി – രചന വയലാർ -സംഗീതം ദേവരാജൻ – കൂടെ പാടിയത് പി ബി ശ്രീനിവാസ്)
“തള്ള് തള്ള് തള്ള് തള്ള്
പന്നാസുവണ്ടി … ”
(ചിത്രം ആഭിജാത്യം -രചന
പി ഭാസ്കരൻ -സംഗീതം
എ ടി ഉമ്മർ – കൂടെ പാടിയത് അടൂർ ഭാസി ,അമ്പിളി)
“വില്ല് കെട്ടിയ കടുക്കനിട്ടൊരു വലിയമ്മാവൻ …… ”
( ചിത്രം ലൈൻബസ് -രചന വയലാർ -സംഗീതം ദേവരാജൻ – കൂടെ പാടിയത് മാധുരി )
“കാറ്റുമൊഴുക്കും കിഴക്കോട്ട് കാവേരി വെള്ളം പടിഞ്ഞാട്ട് …”
( ചിത്രം പണിതീരാത്ത വീട് –
രചന വയലാർ -സംഗീതം
എം എസ് വിശ്വനാഥൻ –
കൂടെ പാടിയത് ജയചന്ദ്രൻ)
“കണ്ടം ബെച്ചൊരു കോട്ടിട്ട മാനത്ത്
(ചിത്രം മാനിഷാദ -രചന വയലാർ -സംഗീതം ദേവരാജൻ – കൂടെ പാടിയത് ജയചന്ദ്രൻ, വസന്ത )
“പൊട്ടിച്ചിരിക്കുന്ന നിമിഷങ്ങളേ….”
( ചിത്രം കഥയറിയാതെ –
രചന എം ഡി രാജേന്ദ്രൻ – സംഗീതം ദേവരാജൻ ആലാപനം ലതാ രാജു )
“വാ മമ്മി വാ മമ്മി വാ
വന്നൊരുമ്മ താ മമ്മീ
താ മമ്മീ താ .. ”
( ചിത്രം പണിതീരാത്ത വീട് – രചന വയലാർ – സംഗീതം
എം എസ് വിശ്വനാഥൻ – ആലാപനം ലതാ രാജു )
“പൊന്നാരം ചൊല്ലാതെ മന്ദാരത്തണലത്ത്
കണ്ണാരം പൊത്തി
കളിക്കാൻ വാ
അള്ളള്ളോ ഞാനില്ലേ
അമ്മായി തല്ലൂല്ലേ
പൊള്ളുന്ന വെയിലല്ലേ
തീയൊത്ത വെയിലല്ലേ …”
(ചിത്രം സുബൈദ –
രചന പി ഭാസ്കരൻ –
സംഗീതം ബാബുരാജ് – ആലാപനം എൽ ആർ . അഞ്ജലി, ലതാ രാജു )
എന്നീ ഗാനങ്ങളെല്ലാം ലതാരാജു പാടി ഒരു തലമുറ ഏറ്റു പാടിയ ഗൃഹാതുരത്വം നിറഞ്ഞ ഗാനങ്ങൾ ആയിരുന്നുവെന്ന് അടിവരയിട്ട് പറയേണ്ടിയിരിക്കുന്നു .
തമിഴ് ,കന്നട, തുളു ഭാഷകളിൽ കുട്ടികൾക്ക് വേണ്ടി ഒട്ടേറെ ഗാനങ്ങൾ പാടിയിട്ടുള്ള ഈ കൊച്ചു ഗായികയെ സ്കൂളിൽ നിന്നും യൂണിഫോമോടെ സ്റ്റുഡിയോയിലേക്ക് കൂട്ടിക്കൊണ്ടുപോയി മുതിർന്ന ഗായകരോടൊപ്പം സ്റ്റൂളിൽ കയറ്റി നിർത്തിയായിരുന്നു അന്ന് പല പാട്ടുകളും റെക്കോർഡ് ചെയ്തിരുന്നതെന്ന കാര്യം വർഷങ്ങൾക്കു മുമ്പ് ഒരു ചാനലിൽ എസ് ജാനകി പറഞ്ഞത് ഈ ലേഖകൻ ഓർക്കുന്നു .
മലയാളത്തിലെ ആദ്യ വനിത സംഗീതസംവിധായിക
ശാന്ത പി നായർ
ഈണം കൊടുത്ത
“മക്കത്ത് പോയ്‌വരും
മാനത്തെ ഹാജിയാര്‍ക്ക്
മുത്തു പതിച്ചൊരു മേനാവ്
ഉടുക്കാന്‍ കസവിട്ട കള്ളിമുണ്ട്
നടക്കാന്‍ മെതിയടി
പൊന്നു കൊണ്ട്……”
എന്ന ഗാനം പാടാൻ യോഗമുണ്ടായത് മകൾ ലതാ രാജുവിനായിരുന്നു എന്നത് ഇവരുടെ സംഗീത ജീവിതത്തിലെ രസകരമായ ഒരു അദ്ധ്യായം.
നല്ലൊരു ഡബ്ബിങ് ആർട്ടിസ്റ്റ് കൂടിയാണ് ഈ പ്രിയഗായിക. സുഹാസിനി ,പാർവ്വതി ,
ശോഭ , ശോഭന തുടങ്ങി ഒട്ടേറെ നടികളുടെ അഭിനയ ചാതുര്യത്തിന് ലതാ രാജുവിൻ്റെ മധുര മനോഹരശബ്ദം അലങ്കാരമായി തീർന്നിട്ടുണ്ട്.
ശ്രീലങ്ക പ്രക്ഷേപണ നിലയത്തിൽ ക്രിസ്ത്യൻ ആർട്ട്സ് അവതരിപ്പിച്ചിരുന്ന “വാന അമുദം ” എന്ന പരിപാടിയുടെ അവതാരകനും പ്രസിദ്ധ ഗായകനുമായ
ജെ എം രാജുവാണ് ഇവരുടെ
ജീവിത പങ്കാളി .
ഏകദേശം നൂറിലധികം രാജ്യങ്ങളിലായി ആയിരത്തിലധികം വേദികളിൽ ഗാനമേളകൾ നടത്തി റെക്കോർഡിട്ട ദമ്പതിമാരാണ് ഇവർ.
ദൂരദർശനിലും ആകാശവാണിയിലും ഉന്നത പദവികൾ വഹിച്ചിരുന്ന ഇവർ 2011-ൽ ചെന്നൈ ആകാശവാണി നിലയത്തിൽ നിന്നും മാർക്കറ്റിംഗ് ഡയറക്ടറായി ആണ് ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചത്.
1951 ജൂൺ 25ന് തമിഴ്നാട്ടിലെ മദ്രാസിൽ ജനിച്ച
ലതാരാജുവിന്റെ
ജന്മദിനമാണ് ഇന്ന്.
ഒരുകാലത്ത് മലയാള ചലച്ചിത്ര വേദിയിൽ ഒഴിച്ചുകൂടാനാകാത്ത ശബ്ദ സാന്നിധ്യമായിരുന്ന ഈ വലിയ കലാകാരിക്ക് നിറഞ്ഞ മനസ്സോടെ പിറന്നാളാശംസകൾ നേരുന്നു