സ്ഥലം പോക്കുവരവ് ചെയ്യുന്നതിന് കൈക്കൂലി: കുറിച്ചി സ്പെഷ്യൽ വില്ലേജ് ഓഫിസർ വിജിലൻസ് പിടിയിൽ; പിടിയിലായത് 2000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ: ഒരാഴ്ചയ്ക്കിടെ മൂന്നാമത്തെ കൈക്കൂലി വേട്ട
സ്വന്തം ലേഖകൻ
കോട്ടയം: സ്ഥലം പോക്കുവരവ് നടത്തുന്നതിനായി രണ്ടായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കുറിച്ചി വില്ലേജ് ഓഫിസർ കൈക്കൂലിയുമായി കയ്യോടെ പിടിയിൽ. ആലപ്പുഴ, ആറാട്ടുപുഴ സ്വദേശി കുറിച്ചി സ്പെഷ്യൽ വില്ലേജ് ഓഫീസർ പി.രാജനെയാണ് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് എസ്.പി വി.ജി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം.
കോട്ടയം പുതുപ്പള്ളി സ്വദേശിക്കും സഹോദരനും തങ്ങളുടെ വല്ല്യമ്മയിൽ നിന്നു ലഭിച്ച സ്ഥലം പോക്കുവരവ് ചെയ്യുന്നതിനായി ആറു മാസം മുൻപ് അപേക്ഷ നൽകിയിരുന്നു. വല്യമ്മയിൽ നിന്ന് വിൽപത്രപ്രകാരം ലഭിച്ച കുറിച്ചി വില്ലേജിലെ 12 സെന്റ് വസ്തുവാണ് ഇത്തരത്തിൽ പോക്കുവരവ് ചെയ്യാൻ അപേക്ഷ നൽകിയത്. നിലവിൽ താമസിക്കുന്ന പുതുപ്പള്ളിയിലെ വീട് ഈട് നൽകി എടുത്ത വായ്പയിൽ ജപ്തി നടപടികൾ ആയിരുന്നു. ഈ വീട് പണയപ്പെടുത്തി എടുത്ത വിദ്യാഭ്യാസ വായ്പയിലാണ് നടപടികൾ ആരംഭിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കുറിച്ചിയിലെ സ്ഥലം പേരിലാക്കി അത് പണയപ്പെടുത്തി ജപ്തി നടപടികൾ ഒഴിവാക്കുന്നതിനായാണ് അപേക്ഷ കൊടുത്തിരുന്നത്. അപേക്ഷയുമായി സ്പെഷ്യൽ വില്ലേജ് ഓഫീസർ രാജനെ സമീപിച്ചപ്പോൾ ആദ്യം 500 രൂപ കൈക്കൂലിയായി വാങ്ങി. തുടർന്ന് വീണ്ടും രണ്ടായിരം രൂപ കൂടി ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ഇവർ വിജിലന്‍സ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ, കിഴക്കന്‍ മേഖല, പോലീസ് സൂപ്രണ്ട് വി. ജി. വിനോദ്കുമാറിന് പരാതി നൽകി.
തുടർന്ന് വില്ലേജ് ഓഫിസറെ കുടുക്കാൻ വിജിലൻസ് സംഘം കെണിയൊരുക്കുകയായിരുന്നു. വിജിലൻസ് ഉദ്യോഗസ്ഥർ നൽകിയ ഫിനോഫ്തലിൻ പൌഡർ പുരട്ടിയ രണ്ടായിരം രൂപ പരാതിക്കാരൻ കുറിച്ചി വില്ലേജ് ഓഫീസിന് സമീപമുള്ള വാടക മുറിയിൽ വച്ച് വില്ലേജ് ഓഫിസർക്ക് കൈമാറി. പണം കൈപ്പറ്റിയ സമയം വിജിലൻസ് സംഘം നോട്ടുകൾ ഉദ്യോഗസ്ഥനിൽ നിന്ന് കണ്ടെടുത്തു. തുടർന്ന് വിജിലൻസ് കിഴക്കൻ മേഖല ഡി.വൈ.എസ്.പി. എം. കെ. മനോജിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടി.
ഡി.വൈ.എസ്.പി. എ. കെ. വിശ്വനാഥൻ പോലീസ് ഇൻസ്പെക്ടർമാരായ റിജോ പി. ജോസഫ്, രാജൻ കെ അരമന, കെ. സദൻ, സബ്ബ് ഇൻസ്പെക്ടർമാരായ പി. എച്ച്. മുഹമ്മദ്, വിൻസെന്റ്, പ്രദീപ് കുമാർ, രാഘവൻകുട്ടി, തോമസ് ജോസഫ്, റെനി മാണി, എ.എസ്.ഐ. മാരായ, വിനോദ് കെ.ഒ., സ്റ്റാൻലി തോമസ്, തുളസീധരക്കുറുപ്പ്, സുരേഷ് കുമാർ, ഷാജിമോൻ പി. ഇ., സുരേഷ് ബാബു, തോമസ് സി. എസ്. പോലീസ് ഉദ്യോഗസ്ഥരായ അനൂപ് പി. എസ്., സജീവ്, അനിൽകുമാർ, സജി എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പ്രതിയെ ശനിയാഴ്ച കോട്ടയം വിജിലൻസ് കോടതിയിൽ ഹാജരാക്കും.