play-sharp-fill
സംഘപരിവാർ പ്രതിഷേധത്തിനിടെ ശബരിമലയിൽ അൻപത് യുവതികൾ എത്തി: സന്നിധാനത്ത് കയറിയ യുവതികളുടെ പട്ടികയുമായി സർക്കാർ സുപ്രീം കോടതിയിലേയ്ക്ക്; പ്രതിഷേധ സമരങ്ങളെല്ലാം പൊളിഞ്ഞു

സംഘപരിവാർ പ്രതിഷേധത്തിനിടെ ശബരിമലയിൽ അൻപത് യുവതികൾ എത്തി: സന്നിധാനത്ത് കയറിയ യുവതികളുടെ പട്ടികയുമായി സർക്കാർ സുപ്രീം കോടതിയിലേയ്ക്ക്; പ്രതിഷേധ സമരങ്ങളെല്ലാം പൊളിഞ്ഞു

തേർഡ് ഐ ബ്യൂറോ

സന്നിധാനം: ശബരിമലയിൽ യുവതികൾക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധിയ്ക്കു പിന്നാലെ മലകയറി സന്നിധാനത്ത് എത്തിയത് അൻപതിലേറെ യുവതികൾ. ആരെയുമറിയിക്കാതെ, ആരോടും പറയാതെ കേരളം, തമിഴ്‌നാട്, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നും എത്തിയ യുവതികൾ ശബരിമലകയറി സന്നിധാനത്ത് എത്തിയതായാണ് പൊലീസ് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരിക്കുന്നത്. മലകയറിയെത്തിയ യുവതികളുടെ വിശദാംശങ്ങൾ പൊലീസ് ശേഖരിച്ച് സുപ്രീം കോടതിയിൽ സമർപ്പിക്കും. ഇത് അടുത്ത ദിവസം സുപ്രീം കോടതി പരിഗണിക്കുന്ന പുനപരിശോധനാ ഹർജിയെ ബാധിച്ചേക്കുമെന്നാണ് സൂചന.
സെപ്റ്റംബർ 28 ന് ഏത് പ്രായത്തിലുള്ള സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധി വന്നിരുന്നു. എന്നാൽ, ഇതിനു ശേഷം മാസ പൂജകൾക്കായി അഞ്ചു ദിവസം നട തുറന്നെങ്കിലും യുവതികൾക്ക് ആർക്കും തന്നെ മലകയറാൻ സാധിച്ചിരുന്നില്ല. ഇതിനു ശേഷം ചിത്തിര ആട്ടവിശേഷത്തിനു നടതുറന്നെങ്കിലും അന്നും അതിരൂക്ഷമായ സംഘർഷമായ ശബരിമലയിൽ ഉണ്ടായത്. ഇതിനു ശേഷം മണ്ഡല പൂജയ്ക്കായി നടന്ന തുറമ്പോഴാണ് യുവതികൾ കൂട്ടത്തോടെ ശബരിമല നട ചവിട്ടി സന്നിധാനത്ത് എത്തിയതെന്നാണ് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരിക്കുന്നത്.
സന്നിധാനത്ത് കയറാൻ കൊട്ടിഘോഷിച്ച്, ചാനലുകൾക്കു മുന്നിൽ പ്രഖ്യാപനങ്ങൾ നടത്തിയെത്തിയവരെല്ലാം പരാജയപ്പെടുകയായിരുന്നു. ഇതിനിടെയാണ് ആരെയും അറിയിക്കാതെ യുവതികൾ മല കയറിയെന്ന് രഹസ്യാന്വേഷണ വിഭാഗം ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. തമിഴ്‌നാട്ടിൽ നിന്നുള്ള സംഘങ്ങളോടൊപ്പം ഒറ്റയ്ക്കും പെട്ടയ്ക്കുമായാണ് യുവതികൾ പമ്പയിലെത്തി മലകയറിയത്. പ്രതിഷേധം തണുത്ത ശേഷമുള്ള തീർത്ഥാടനത്തിന്റെ രണ്ടാം ഘട്ടത്തിലാണ് യുവതികൾ എത്തിയതെന്നാണ് റിപ്പോർട്ടുകൾ. എത്തിയ യുവതികളെ കണ്ടെത്തിയ പൊലീസ് ഇവരെ രഹസ്യമായി നിരീക്ഷിച്ച് മലകയറുന്നതിനു വേണ്ട സുരക്ഷ ഒരുക്കി നൽകുകയായിരുന്നു. പലപ്പോഴും ഇവർക്ക് മഫ്തി പൊലീസിന്റെ അകമ്പടിയും ഒരുക്കി നൽകിയിരുന്നു. എന്നാൽ, ഈ യുവതികളുടെ ദർശനം വാർത്തിയാകാതിരുന്നതിനാൽ നട അടയ്ക്കലോ മറ്റുള്ള പരിഹാര കൃയകളോ ഉണ്ടായില്ല.
എന്നാൽ, ഈ യുവതികളുടെയെല്ലാം പേരും വിവരങ്ങളും ചിത്രങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. 22 ന് റിവ്യു ഹർജി സുപ്രീം കോടതി പരിഗണിക്കുമ്പോൾ, വിധി നടപ്പാക്കിയെന്നും ഇത്രയും സ്ത്രീകൾ ശബരിമല നട ചവിട്ടി എന്നും ചൂണ്ടിക്കാട്ടി സർക്കാർ സുപ്രീം കോടതിയെ സമീപിക്കും. ഇത് വഴി റിവ്യൂ ഹർജിയിൽ ഇനി ഒരു മാറ്റമുണ്ടാകില്ലെന്ന് ഉറപ്പാക്കുന്നതിനാണ് സർക്കാർ പദ്ധതിയിട്ടിരിക്കുന്നത്.

ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കുന്നതിനെതിരെ സംഘപരിവാർ സംഘടനകൾ പമ്പ മുതൽ സന്നിധാനം വരെ ആളെ നിർത്തി പ്രതിഷേധം സംഘടിപ്പിക്കുന്നതിനിടെയാണ് പബ്ലിസിറ്റി നൽകാതെ എത്തിയ യുവതികൾ മല കയറി തൊഴുതു മടങ്ങിയത്. ഇതേ ആവശ്യം ഉന്നയിച്ച് തിരുവനന്തപുരത്ത് ബിജെപി നടത്തുന്ന സമരവും ഇതോടെ പൊളിഞ്ഞ് അവസ്ഥയിലായി. മാധ്യശ്രദ്ധ പോലും ലഭിക്കാത്ത നിരാഹാര സമരം അവസാനിപ്പിക്കാൻ പോലും ബിജെപിയ്ക്ക് ഇപ്പോൾ സാധിക്കുന്നില്ല. ബിജെപിയുമായി ചർച്ച നടത്താൻ പോലും മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറായിട്ടുമില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group