തൃശൂരിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥിയുടെ ഇടപെടലിൽ മനുഷ്യ ജീവന് ഹാനികരമായ ലാബ് മാലിന്യം തള്ളിയയാൾ പിടിയിൽ; കണ്ടെത്തിയത് രണ്ട് പ്ലാസ്റ്റിക് ചാക്ക് നിറയെ സിറിഞ്ചുകൾ, രക്തം അടങ്ങിയ ടെസ്റ്റ് ട്യൂബുകൾ, യൂറിൻ കണ്ടെയ്നർ എന്നിവ, മാലിന്യം മന്നലാംകുന്ന് ഹെൽത്ത് കെയർ ഹൈടെക് ലാബിലേതെന്ന് കണ്ടെത്തി
തൃശൂർ: രണ്ടാം ക്ലാസ് വിദ്യാർത്ഥിയുടെ സമയോചിതമായ ഇടപെടലിൽ മനുഷ്യ ജീവന് ഹാനികരമായ ലാബ് മാലിന്യം പൊതു സ്ഥലത്ത് തള്ളിയ ആൾ പിടിയിൽ.
പുന്നയൂർ ഗ്രാമപഞ്ചായത്തിലെ നാലാം വാർഡ് പിലാക്കാട്ട് പള്ളിക്ക് സമീപം റോഡരികിൽ രണ്ട് പ്ലാസ്റ്റിക് ചാക്കുകളിലായി ഉപയോഗിച്ച സിറിഞ്ചുകൾ, രക്തം അടങ്ങിയ ടെസ്റ്റ് ട്യൂബുകൾ, യൂറിൻ കണ്ടെയ്നർ എന്നിവയാണ് അലക്ഷ്യമായി വലിച്ചെറിഞ്ഞത്.
ആറ്റുപുറം സെന്‍റ് ആന്‍റണീസ് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ ഇബ്രാഹിം നാസിം മദ്രസയിൽ നിന്നും തിരികെ വരുമ്പോഴാണ് മാലിന്യ കെട്ടുകൾ കണ്ടത്. തുടർന്ന് വീട്ടുകാരുടെ സഹായത്തോടെ പഞ്ചായത്ത് അധികൃതരെ അറിയിക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിവരമറിഞ്ഞ പുന്നയൂർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എൻ വി ഷീജ, ഹെൽത്ത് ഇൻസ്പെക്ടർ രോഹിണി സോമസുന്ദരൻ, ഐആർടിസി കോഡിനേറ്റർ ബി എസ് ആരിഫ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. പ
പരിശോധനയിൽ മന്നലാംകുന്ന് ഹെൽത്ത് കെയർ ഹൈടെക് ലാബ് ആണ് മാലിന്യം തള്ളിയത് എന്ന് കണ്ടെത്തുകയായിരുന്നു. ഇവർക്ക് 50,000 രൂപ പിഴ ചുമത്തി നോട്ടീസ് നൽകി. വടക്കേക്കാട് പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തെത്തി മാലിന്യം തള്ളിയ സ്ഥാപന ഉടമയോട് സ്ഥലത്തെത്താൻ നിർദ്ദേശിക്കുകയായിരുന്നു.
സ്ഥാപന ഉടമ സ്ഥലത്തെത്തി മാലിന്യം നീക്കം ചെയ്യുകയും ചെയ്തു. മനുഷ്യ ജീവന് ഹാനികരമായ മാലിന്യങ്ങളാണ് ചാക്കിൽ കണ്ടെത്തിയത്. പൊതു ജനങ്ങൾക്ക് മാതൃക ആകേണ്ട ആരോഗ്യ പ്രവർത്തകർ തന്നെ ഇത്തരത്തിലുള്ള പ്രവർത്തികൾ ചെയ്യുന്നത് ഖേദകരമാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി വി സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവരെ കണ്ടെത്തി കർശന നടപടികൾക്ക് വിധേയമാക്കുമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.