ഹെൽത്ത്, ഓട്ടോ, ട്രാവൽ ഇൻഷുറൻസുകൾക്ക് ജനുവരി ഒന്നു മുതൽ കെ വൈ സി നിർബന്ധം ; പോളിസികൾ കൃത്യമായും കാര്യക്ഷമമായും വിതരണം ചെയ്യാനും ഉപഭോക്തൃ സേവനം മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് കമ്പനികൾ
സ്വന്തം ലേഖകൻ
ജനുവരി ഒന്നു മുതൽ എല്ലാ ഇൻഷുറൻസ് പോളിസികൾക്കും കെ വൈ സി നിർബന്ധമാക്കുന്നു. ജനുവരി ഒന്നുമുതൽ എടുക്കുന്ന ആരോഗ്യ ,വാഹന , ട്രാവൽ, ഹോം ഇൻഷുറൻസ് പോളിസികൾക്ക് പുതിയ നിബന്ധന ബാധകമാകും ജനുവരി ഒന്നിനു ശേഷം പുതുക്കുന്ന പോളിസികളും കെ വൈസി ബാധകമാണ് .ഇൻഷുറൻസ് ക്ലെയിം ഉണ്ടാകുമ്പോൾ മാത്രമാണ് ആധാർ ഉൾപ്പെടെയുള്ള വിവരങ്ങൾ നിലവിൽ ആവശ്യപ്പെട്ടിരുന്നത്. ഒരു ലക്ഷം രൂപയ്ക്ക് മുകളിലാണ് തുകയെങ്കിൽ മാത്രമായിരുന്നു ഇത് ബാധകം .
നിലവിലെ പോളിസി ഉടമകളിൽ നിന്ന് നിശ്ചിത സമയപരിധിക്കുള്ളിൽ കെ വൈ സി രേഖകൾ ശേഖരിക്കാൻ ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെൻറ് അതോറിറ്റി ഓഫ് ഇന്ത്യ ( ഐ ആർ ഡി ഐ) ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു വർഷം മുതൽ രണ്ടു വർഷം വരെയാണ് സമയം അനുവദിച്ചിട്ടുള്ളത്. രേഖകൾ ആവശ്യപ്പെട്ട് കമ്പനി പോളിസി ഉടമകൾക്ക് ഈ മെയിൽ അയക്കും.
പോളിസി ഉടമകളുടെ വിശദവിവരങ്ങൾ ലഭിക്കുന്നതിനാൽ വേഗത്തിൽ ക്ലെയിം തീർപ്പാക്കാൻ കമ്പനികൾക്ക് കഴിയും. യഥാർത്ഥ ആശ്രിതരെ കണ്ടെത്താനും തട്ടിപ്പുകൾ തടയുന്നതിനും കെവൈസി ഉപകരിക്കും. ക്ലെയിം ചരിത്രം ഉൾപ്പെടെയുള്ള വിവരങ്ങൾ പരസ്പരം പരിശോധിക്കുന്നതിനും സംവിധാനം വഴി കഴിയും .
Whatsapp Group 1 | Whatsapp Group 2 |Telegram Group
തെറ്റായ ക്ലെയിമുകൾ ഒഴിവാക്കാൻ കഴിയും എന്നതാണ് കമ്പനികൾക്കുള്ള പ്രധാന നേട്ടം. പോളിസികൾ കൃത്യമായും കാര്യക്ഷമമായും വിതരണം ചെയ്യാനും ഉപഭോക്തൃ സേവനം മെച്ചപ്പെടുത്താനും സഹായിക്കും.