
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നറിയിച്ച് മുൻ കേന്ദ്ര മന്ത്രി കെ വി തോമസ്. തന്റെ നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്നും സജീവ രാഷ്ട്രീയത്തിലിറങ്ങിയാൽസമ്മർദ്ദം കൂടുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിൽ കെ വി തോമസിനെ മത്സരിപ്പിക്കാൻ സിപിഎം നീക്കം നടത്തുന്നുവെന്ന വിവരങ്ങൾ പുറത്തുവന്നിരുന്നു. ഇത്തരം അഭ്യൂഹങ്ങളിൽ അദ്ദേഹം ഇപ്പോൾ മറുപടി പറഞ്ഞിരിക്കുകയാണ്.’എന്റെ നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്.
2021ൽ എറണാകുളത്തുനിന്ന് സ്വതന്ത്രനായി മത്സരിക്കാൻ താൽപര്യമുണ്ടായിരുന്നു. ഇനി മത്സരിക്കാനില്ല. എട്ടുതവണ മത്സരിച്ചു. ഇനി അങ്ങനെയൊരു കൊതിയൊന്നുമില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇപ്പോൾ എന്നെക്കാൾ പ്രായമുള്ളവർ മത്സരിക്കാൻ പോകുകയാണ്. 2021ൽ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ വന്നു. അല്ലാതെ രാഷ്ട്രീയത്തിൽ വിരോധമുണ്ടായിട്ടല്ല. എന്റെ നിലപാട് പാർട്ടിയെ അറിയിച്ചിട്ടുണ്ട്.യുഡിഎഫ് രാഷ്ട്രീയത്തിൽ ഞാൻ നിരാശനാണ്. ആരാണ് നേതാവെന്ന് സംശയമാണ്.
എൽഡിഎഫിൽ നേതാവ് ആരാണെന്ന് ചോദിച്ചാൽ പിണറായി വിജയനാണെന്ന് പറയാൻ ആർക്കും ഒരുമടിയില്ല. ഇവിടെ കെ സി വേണുഗോപാലാണോ സതീശനാണോ രമേശ് ചെന്നിത്തലയാണോയെന്നാണ് സംശയം. നയിക്കാൻ ആരുമില്ല. ഞാനെന്ന ഭാവത്തിലാണ് ഇപ്പോൾ കോൺഗ്രസ്.
എല്ലാവരുടെയും പൊതുശത്രു ബിജെപിയാണ്. സജീവ രാഷ്ട്രീയത്തിൽ വന്നാൽ സമ്മർദ്ദം കൂടും’- അദ്ദേഹം പറഞ്ഞു.എറണാകുളം, വൈപ്പിൻ സീറ്റുകളിലേക്ക് കെ വി തോമസിനെ ഇടതുസ്വതന്ത്രനായി മത്സരിപ്പിക്കാൻ സിപിഎം ആലോചിക്കുന്നുണ്ടെന്ന വിവരങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു.
അദ്ദേഹത്തിന്റെ എറണാകുളത്തെ ബന്ധങ്ങളും സാമൂഹിക സമവാക്യങ്ങളും ഗുണകരമാകുമെന്നായിരുന്നു സിപിഎമ്മിന്റെ പ്രതീക്ഷ. കോൺഗ്രസിൽ നിന്ന് ഇടതു ക്യാമ്പിലേക്കെത്തിയ കെ വി തോമസ് നിലവിൽ സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയാണ്.



