ബിജെപിയെ ബഹിഷ്‌കരിക്കും: മാധ്യമപ്രവർത്തകരെ ആക്രമിച്ചതിനെതിരെ ശക്തമായ പ്രതിഷേധം ഉണ്ടാകും; കെ.യു.ഡബ്ല്യു.ജെ
സ്വന്തം ലേഖകൻ
കോഴിക്കോട്: സംഘപരിവാർ ഹർത്താലിനിടെ മാധ്യമപ്രവർത്തകരെ ആക്രമിച്ചതിനെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്ന് കെ.യു.ഡബ്ല്യു.ജെ സംസ്ഥാന പ്രസിഡന്റ് കമാൽ വരദൂർ. ആക്രമണത്തിൽ സത്വരനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘മുഖ്യമന്ത്രിക്ക് വളരെ വിശദമായ പരാതി കൊടുത്തിട്ടുണ്ട്. കേരളത്തിലുടനീളം 45 മാധ്യമ പ്രവർത്തകർക്ക് നഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. അവരുടെ വിവരങ്ങളും അവർക്കുണ്ടായ നഷ്ടങ്ങളും അടക്കമാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയിരിക്കുന്നത്. 39 മാധ്യമ പ്രവർത്തകരെ ശാരീരികമായി ആക്രമിച്ചിട്ടുണ്ട്.’
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേരളാ ഹൗസിനു മുമ്പിൽ വെച്ച് മൂന്നു മലയാളി മാധ്യമപ്രവർത്തകരും രണ്ടു തമിഴ് മാധ്യമ പ്രവർത്തകരും ആക്രമിക്കപ്പെട്ടിട്ടുണ്ട്. ഇത്തരം എല്ലാ വിവരങ്ങളും ചേർത്താണ് പരാതി നൽകിയിരിക്കുന്നത്. മാധ്യമ പ്രവർത്തർക്ക് നേരെയുണ്ടായ ആക്രമണങ്ങളെ കുറിച്ച് അന്വേഷിക്കാൻ സ്പെഷ്യൽ പൊലീസ് സംഘത്തെ നിയമിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞിരുന്നുവെന്നും കമാൽ വരദൂർ പറഞ്ഞു.
ആക്രമിക്കപ്പെട്ട മാധ്യമ പ്രവർത്തകരുടെ വിവരങ്ങൾ സ്പെഷ്യൽ പൊലീസ് സംഘത്തിനു കൈമാറിയിട്ടുണ്ടെന്നും അക്രമികൾക്കെതിരെ നടപടി എടുക്കുമെന്നും മുഖ്യമന്ത്രി വാക്ക് തന്നിട്ടുണ്ട്. ജില്ലകളിൽ കെ.യു.ഡബ്ല്യൂ.ജെയുടെ മറ്റു പ്രതിഷേധ പരിപാടികൾ ഉണ്ടാകും. ഇനി ഇത്തരം നടപടികൾ തുടർന്നാൽ ബി.ജെ.പിക്കെതിരെ നടപടിയുമായി മുന്നോട്ടു പോകുമെന്നും പാർട്ടിയെ ബഹിഷ്‌ക്കരിക്കുമെന്നും അവരോട് പറഞ്ഞിട്ടുണ്ടെന്ന് കമാൽ വരദൂർ വ്യക്തമാക്കി.