മലയാളി നഴ്‌സുമാരെ കുവൈറ്റിൽ പൂട്ടിയിട്ടിരിക്കുന്നു: നഴ്‌സുമാരുടെ ദുരിത ജീവിതത്തിന്റെ ദൃശ്യങ്ങൾ തേർഡ് ഐ ന്യൂസ് ലൈവിന്; താമസ സ്ഥലത്ത് പൂട്ടിയിട്ടത് പത്തനംതിട്ട സ്വദേശിയുടെ നേതൃത്വത്തിലുള്ള ഗുണ്ടാ സംഘം; നേഴ്സുമാരുടെ ദുരിതം തേർഡ് ഐ ന്യൂസ് പുറത്ത് വിട്ടതോടെ കുവൈറ്റ് മലയാളി അസോസിയേഷൻ പ്രശ്നത്തിൽ ഇടപെടുന്നു
കുവൈറ്റ് ബ്യൂറോ
കുവൈറ്റ്: ജോലിയ്ക്കു വേണ്ടി കുവൈറ്റിലെത്തിച്ച ശേഷം ശമ്പളം കൂട്ടി ചോദിച്ചതിന്റെ പേരിൽ മലയാളിയായ കരാറുകാരൻ പൂട്ടിയിട്ട നഴ്‌സുമാരുടെ ജീവിതം കൂടുതൽ ദുരിതത്തിൽ. നേരത്തെ ഗുണ്ടാ സംഘങ്ങളുടെ നേതൃത്വത്തിൽ താമസ സ്ഥലത്തു നിന്നും പുറത്തിറങ്ങാൻ അനുവദിക്കാതെ ഇരിക്കുകയായിരുന്നുവെങ്കിൽ ഇപ്പോൾ ഗുണ്ടാ സംഘം ഇവർ താമസിക്കുന്ന റൂം പുറത്തു നിന്നു പൂട്ടി. തേർഡ് ഐ ന്യൂസ് ലൈവിന്റെ വാർത്തയെ തുടർന്ന് കുവൈറ്റിലെ മലയാളി സംഘടനകൾ വിഷയത്തിൽ ഇടപെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ബുധനാഴ്ച രാവിലെ ഗുണ്ടാ സംഘം എത്തി യുവതികളുടെ മുറി അടച്ചു പൂട്ടിയത്.
പത്തനംതിട്ട റാന്നി സ്വദേശിയായ കെ.ടി മാത്യുവിന്റെ ഉടമസ്ഥതയിലുള്ള അൽ – ഈസാ (വേർട്ടസ്) എന്ന നഴ്‌സിംങ് റിക്രൂട്ട്‌മെന്റ് സ്ഥാപനത്തിന്റെ ഇടനിലയിൽ ജോലിയ്ക്ക് എത്തിയ നഴ്‌സുമാരെയാണ് ഇപ്പോൾ പൂട്ടിയിട്ടിരിക്കുന്നത്. ശമ്പളം നൽകണമെന്നാവശ്യപ്പെട്ട് സമരത്തിലേയ്ക്കു തള്ളിയിടപ്പെട്ട നഴ്‌സുമാരെയാണ് ഇത്തരത്തിൽ പൂട്ടിയിട്ട് ഭീഷണിപ്പെടുത്താൻ ശ്രമിക്കുന്നത്. അൽ- ഈസാ കമ്പനിയുടെ പബ്ലിക്ക് അതോറിറ്റി പ്രോജക്ട് വിസയിലാണ് യുവതികൾ കുവൈറ്റിൽ എത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ 12 വർഷത്തോളമായി ഇവരിൽ പലരും കുവൈറ്റിൽ ജോലി ചെയ്യുന്നുണ്ട്. ഇതിനിടെയാണ് ഇടയ്ക്ക് കൊവിഡ് എത്തിയതും, ഇവരുടെ ദുരിതകാലം അടക്കം തുടങ്ങിയത്. ശമ്പലം കൂട്ടി നൽകണമെന്നും, കൃത്യമായി ഇത് ലഭിക്കണമെന്നും ആവശ്യപ്പെട്ടതോടെയാണ് പ്രശ്‌നങ്ങൾ തുടങ്ങിയത്. തുടർന്നു, ഇവരെ രഹസ്യ കേന്ദ്രത്തിലേയ്ക്കു കമ്പനി മാറ്റുകയായിരുന്നു.
ദിവസങ്ങളായി ഇവിടെ കടുത്ത മാനസിക പീഡനങ്ങളാണ് നഴ്‌സുമാർക്കു നേരിടേണ്ടി വന്നിരിക്കുന്നത്. മാനസികമായ പീഡനത്തിനൊടുവിലാണ് ഇവരെ മുറിയിൽ ഇന്നു രാവിലെ പൂട്ടിയിടുക കൂടി ചെയ്തിരിക്കുന്നത്. ഇതെല്ലാം ചേർത്തു വായിക്കുമ്പോഴാണ് പണത്തിന് വേണ്ടി എന്തും കാട്ടുന്ന മലയാളികളുടെ ക്രൂരത വ്യക്തമാകുന്നത്. കുവൈറ്റ് എംബസിയും സന്നദ്ധ സംഘടനകളും വിഷയത്തിൽ ഇടപെട്ടെങ്കിലും ഇതുവരെയും പ്രശ്‌നം പരിഹരിക്കാൻ സാധിച്ചിട്ടില്ല.