
തൃശൂർ: കുവൈറ്റില്‍ തീ പിടിത്തത്തിൽ മരിച്ച ബിനോയ് തോമസിന്‍റെ കുടുംബത്തിന് ലൈഫ് പദ്ധതിയില്‍ വീടു നിര്‍മ്മിച്ചു നല്‍കുമെന്ന് റവന്യൂ മന്ത്രി കെ. രാജന്‍ പറഞ്ഞു. ചാവക്കാട്ടെ വീട്ടിലെത്തി ബിനോയിയുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
ബിനോയ് തോമസിന്‍റെ കുടുംബത്തിന് ലൈഫ് പദ്ധതി വഴി വീട് നല്‍കാനാണ് ലക്ഷ്യമിടുന്നത്. നഗരസഭയുടെ ലൈഫ് പട്ടികയില്‍ ബിനോയിയുടെ കുടുംബത്തിന്‍റെ പേരുണ്ടായിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ അടിയന്തര കൗണ്‍സില്‍ കൂടി വീടനുവദിക്കാനാണ് നഗരസഭയ്ക്ക് നിര്‍ദ്ദേശം നല്‍കിയത്. കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും ബിനോയ് തോമസിന്‍റെ വീട്ടിലെത്തി വീട് നല്‍കുമെന്ന് അറിയിച്ചിരുന്നു. പിന്നാലെയാണ് സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടല്‍.
ബിനോയിയുടെ മൂത്ത മകന്‍ രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിയാണ്. പ്രവാസി മലയാളി വ്യവസായികള്‍ കുടുംബാംഗങ്ങള്‍ക്ക് ജോലി നല്‍കുമെന്ന് സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ബിനോയിയുടെ മകന് ജോലി ഉറപ്പാക്കുമെന്ന് വീട്ടിലെത്തിയ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവും അറിയിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group