
കുട്ടനാട്: ശക്തമായ മഴയും കിഴക്കന്‍ വെള്ളത്തിന്‍റെ വരവും കാരണം കുട്ടനാടും അപ്പര്‍ കുട്ടനാടും മുങ്ങുന്നു.
മുട്ടാർ പഞ്ചായത്തില്‍ നിരവധി വീടുകളാണ് വെള്ളത്തിലായത്.
തലവടി പഞ്ചായത്തിലെ കുന്നുമ്മാടി – കുതിരച്ചാല്‍ പ്രദേശത്തെ നിരവധി വീടുകളില്‍ വെള്ളം കയറി. മിക്ക പഞ്ചായത്തിലും ക്യാമ്പുകള്‍ ആരംഭിച്ചു.
തലവടി പഞ്ചായത്തില്‍ ചക്കുളത്തുകാവ് ഓഡിറ്റോറിയത്തില്‍ 15 കുടുംബങ്ങളില്‍ നിന്ന് 68 അംഗങ്ങളും, മണലേല്‍ സ്കൂള്‍, തലവടി ഗവണ്‍മെന്‍റ് ഹയർ സെക്കണ്ടറി സ്കൂള്‍, തകഴിയില്‍ തകഴി ദേവസ്വം ബോർഡ് സ്കൂളില്‍ 8 കുടുംബങ്ങളില്‍ 30 അംഗങ്ങള്‍, കരുമാടി ഡിബി എച്ച്‌എസില്‍ 5 കൂടുംബങ്ങളില്‍ 23 അംഗങ്ങള്‍, മുട്ടാർ പഞ്ചായത്തില്‍ മുട്ടാർ സെന്‍റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളില്‍ 15 കുടുംബങ്ങളില്‍ 43 അംഗങ്ങള്‍, വീയപുരം പഞ്ചായത്തില്‍ വീയപുരം ഹയർ സെക്കൻഡറി സ്കൂളില്‍ 6 കുടുംബങ്ങള്‍ 24 അംഗങ്ങള്‍, പായിപ്പാട് എല്‍പി സ്കൂള്‍ 5 കുടുംബങ്ങള്‍ 11 അംഗങ്ങളും എത്തിയിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നിരവധി കുടുംബങ്ങള്‍ ക്യാമ്പ് തേടി എത്തിക്കൊണ്ടിരിക്കുകയാണ്. എടത്വയില്‍ ക്യാമ്പിന്‍റെ പ്രവർത്തനം ആരംഭിച്ചിട്ടില്ല. നിരണം പടിഞ്ഞാറേ ഭാഗം, മുട്ടാർ, തലവടി, എടത്വാ, വീയപുരം, തകഴി പഞ്ചായത്തിലാണ് വെള്ളക്കെട്ട് രൂക്ഷമായിരിക്കുന്നത്.
കുട്ടനാട്ടിലെ പ്രധാന പാതകള്‍ ഉള്‍പ്പെടെ ഇടറോഡുകള്‍ വെള്ളത്തില്‍ മുങ്ങി. ഇന്നലെ മുതല്‍ അമ്പലപ്പുഴ – തിരുവല്ല സംസ്ഥാന പാതയില്‍ നെടുംമ്പ്രം, തകഴി കേളമംഗലം ജംഗ്ഷൻ എന്നിവിടങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട്. കെഎസ്‌ആർടിസി ബസ് സർവ്വീസ് നിലച്ചില്ലെങ്കിലും ചെറു വാഹനങ്ങളുടെ സർവ്വീസ് നിലച്ചിട്ടുണ്ട്.
തായങ്കരി – കൊടുപ്പുന്ന റോഡില്‍ വേഴപ്ര കുരിശ്ശടിക്ക് സമീപത്തും പടപ്പില്‍ മുട്ട് ഭാഗത്തും, നീരേറ്റുപുറം – കിടങ്ങാ റോഡില്‍ മുട്ടാർ ജംഗ്ഷന് സമീപത്തും വെള്ളം കയറിയിട്ടുണ്ട്. അമ്ബലപ്പുഴ – തിരുവല്ല സംസ്ഥാന പാതയും എ സി റോഡും തമ്മില്‍ ബന്ധിപ്പിക്കുന്ന കെഎസ്‌ആർടിസി സർവ്വീസുകള്‍ വ്യാഴാഴ്ച മുതല്‍ നിർത്തിവെച്ചിരിക്കുകയാണ്. തലവടി കോടമ്പനാടി ഭാഗം ഏറെക്കുറെ മുങ്ങിയ അവസ്ഥയാണ്. നദീതിരങ്ങളിലും പാടശേഖര നടുവിലും താമസിക്കുന്നവർ ഒറ്റപ്പെട്ട അവസ്ഥയിലാണ്. കിഴക്കൻ വെള്ളത്തിന്‍റെ വരവ് നിലയ്ക്കാത്തതും കനത്ത മഴയും ആശങ്ക കൂട്ടുകയാണ്. ഇന്നലെ രാവിലെ മുതല്‍ ജില്ലയില്‍ കനത്ത മഴയാണ് രേഖപ്പെടുത്തിയത്. പത്തനംതിട്ടയിലെ കക്കി, പമ്പാ ഡാമുകളുടെ വൃഷ്ടിപ്രദേശങ്ങളിലെ കനത്ത മഴ ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്.