play-sharp-fill
ലക്ഷപ്രഭുവായി കുതിച്ച്… കുതിച്ച്…. കൊച്ചി മെട്രോ മുന്നോട്ട്

ലക്ഷപ്രഭുവായി കുതിച്ച്… കുതിച്ച്…. കൊച്ചി മെട്രോ മുന്നോട്ട്

സ്വന്തം ലേഖിക

കൊച്ചി: തൈക്കൂടം വരെ യാത്രി നീട്ടിയതിന് പിന്നാലെ യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ് വർധനവുമായി കൊച്ചി മെട്രോ. വ്യാഴാഴ്ച മാത്രം ഒരു ലക്ഷത്തിലധികം യാത്രക്കാരാണ് മെട്രോയിലൂടെ സഞ്ചരിച്ചത്. മെട്രോ കമ്മീഷൻ ചെയ്തതിന് ശേഷം ഇതാദ്യമായാണ് ഇത്രയും യാത്രക്കാർ മെട്രോ ഉപയോഗിക്കുന്നത്. വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെ തന്നെ മെട്രോ പുതിയ റെക്കോർഡ് സ്വന്തമാക്കിയിരുന്നു.

മഹാരാജാസ് മുതൽ തൈക്കൂടം വരെ സർവീസ് നീട്ടിയതിന് ശേഷം ഇതുവരെ മെട്രോയിൽ യാത്ര ചെയ്തത് 6.7 ലക്ഷം ആളുകളാണ്. സെപ്റ്റംബർ മൂന്ന് മുതലാണ് മെട്രോ സർവീസ് മഹാരാജസിൽ നിന്നും തൈക്കൂടം വരെ നീട്ടിയത്. സെപ്റ്റംബർ ഏഴാം തീയതിയാണ് ഇതിന് മുമ്ബ് ഏറ്റവും അധികം ആളുകൾ മെട്രോ ഉപയോഗിച്ചത്, 99680 പേർ. ഇതിന് മുമ്ബ് മെട്രോ ഉദ്ഘാടനം ചെയ്ത ശേഷമുള്ള ആദ്യ ഞായറാഴ്ചയാണ് ഏറ്റവും കൂടുതൽ ആളുകൾ മെട്രോ ഉപയോഗിച്ചത്. അന്ന് 98310 ആളുകളാണ് മെട്രോ ഉപയോഗിച്ചത്. ഈ റെക്കോർഡാണ് ഇപ്പോൾ മറികടന്നിരിക്കുന്നത്. മെട്രോ സർവീസ് നീട്ടിയ കഴിഞ്ഞ മൂന്നാം തീയതി മുതൽ മെട്രോയിലെ പ്രതിദിന യാത്രക്കാരുടെ എണ്ണം എഴുപതിനായിരത്തിന് മുകളിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓണത്തോട് അനുബന്ധിച്ച് യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഈ ദിവസങ്ങളിൽ മെട്രോ ഒരു മണിക്കൂർ അധിക സർവീസും നടത്തിയിരുന്നു. സാധാരണ ദിവസങ്ങളിൽ രാവിലെ ആറ് മുതൽ രാത്രി പത്ത് മണി വരെയാണ് മെട്രോയുടെ പ്രവർത്തനം. സെപ്റ്റംബർ 10 മുതൽ 12 വരെയുള്ള ദിവസങ്ങളിൽ രാത്രി 11 മണി വരെ മെട്രോ സർവീസ് നടത്തിയിരുന്നു.

ഓണത്തിന്റെ തിരക്കിന് പുറമെ കൊച്ചി ഗനഗരത്തിലെ ഗതാഗത കുരുക്കും ആളുകളെ മെട്രോ ഉപയോഗിക്കുന്നതിന് പ്രേരകമായി. ഗതാഗത കുരുക്ക് രൂക്ഷമായ വൈറ്റില ഭാഗത്തേക്ക് കൂടുതൽ ആളുകൾ മെട്രോ ഉപയോഗിക്കാൻ ആരംഭിച്ചു. ഇതിന് പുറമെ തൈക്കൂടം റൂട്ടിലേക്ക് സർവീസ് നീട്ടിയതിന്റെ ഭാഗമായി നിശ്ചിത ദിവസത്തേക്ക് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചതും ആളുകളെ മെട്രോയിലേക്ക് ആകർഷിക്കുന്നുണ്ട്. ഈ മാസം 18 വരെ മെട്രോ നിരക്കുകൾ പകുതിയായി കുറച്ചിരിക്കുന്നത്.

5600 കോടി രൂപയാണ് ഇത് വരെയുള്ള കൊച്ചി മെട്രോയുടെ നിർമ്മാണ ചെലവ്. പുതിയ അഞ്ച് സ്റ്റേഷനുകൾ ഉൾപ്പടെ ആകെ ഇരുപത്തിയൊന്ന് സ്റ്റേഷനുകളാണ് മെട്രോയിലുള്ളത്. ആലുവ മുതൽ തൈക്കൂടം വരെ ആകെ ദൂരം 23.81 കിലോമീറ്ററും.