കുറിച്ചി കോയിപ്പുറം ഭാഗത്തേക്കുള്ള റോഡ് ചെളിക്കുണ്ടായി; ലക്ഷങ്ങൾ മുടക്കി കോൺക്രീറ്റ് ചെയ്ത റോഡ് താറുമാറായതോടെ വൻ അഴിമതിയെന്ന് നാട്ടുകാർ

കുറിച്ചി കോയിപ്പുറം ഭാഗത്തേക്കുള്ള റോഡ് ചെളിക്കുണ്ടായി; ലക്ഷങ്ങൾ മുടക്കി കോൺക്രീറ്റ് ചെയ്ത റോഡ് താറുമാറായതോടെ വൻ അഴിമതിയെന്ന് നാട്ടുകാർ

സ്വന്തം ലേഖകൻ

കുറിച്ചി: മഴക്കെടുതിയുടെ ദുരിതം പേറി ഒട്ടേറെ കുടുംബങ്ങൾ. ലക്ഷങ്ങൾ മുടക്കി കോൺക്രീറ്റ് ചെയ്ത റോഡ് താറുമാറായതോടെ വൻ അഴിമതിയാണ് ഇതിൽ നടന്നതെന്ന് നാട്ടുകാർ ആരോപിച്ചു. ഒരു മഴ പെയ്താൽ വെള്ളം കെട്ടി നിൽക്കുന്ന സ്ഥിതി ഉള്ള റോഡിൽ ഈ തുടർച്ചയായ മഴ ചെളിക്കുണ്ടാക്കി മാറ്റി.ചെളിക്കുണ്ടിലൂടെ യാത്ര ചെയ്യേണ്ടി വരുകയാണ് ഇവിടെ. കുറിച്ചി കോയിപ്പുറം ഭാഗത്ത് പുന്നയ്ക്കാട്ട് പള്ളത്തോട്ട് റോഡിലാണ് ഈ ദുരവസ്ഥ.പഞ്ചായത്ത് ലക്ഷങ്ങൾ മുടക്കി കോൺക്രീറ്റ് ചെയ്ത റോഡാണ് ഇത്. കാലങ്ങളായി നിവേദനങ്ങളും പരാതികളും അധികാരികൾക്ക് നൽകിയിട്ടും ഫലമില്ലാതെ സ്ഥലവാസികൾ വലയുകയാണ്. മുകൾ ഭാഗത്ത് നിന്ന് ഒഴുകിവരുന്ന വെള്ളവും വെയ്സ്റ്റും ഒഴുകുവാൻ സൗകര്യമില്ലാത്തതാണ് പ്രശ്‌നം. പണ്ടത്തെ ഒഴുക്കു ചാലുകൾ പലതും ഇന്ന് ഇല്ല.വെള്ളം ഒഴുകിയിരുന്ന ചാലുൾപ്പെട്ട കണ്ടം സ്വകാര്യവ്യക്തി വാങ്ങി മണ്ണടിച്ചുയർത്തിയതോടെ ആണ് പ്രശ്‌നം രൂക്ഷമായത്.കുട്ടികളടക്കം നിരവധി ആൾക്കാരാണ് ദുരിതം അനുഭവിക്കുന്നത്.മുട്ടറ്റം ചള്ളയിലൂടെ വേണം ഇപ്പോൾ യാത്ര ചെയ്യാൻ. കുട്ടികൾക്കും പ്രായമായവർക്കും പല ത്വക്ക് രോഗങ്ങളും ഉണ്ടാകുവാൻ തുടങ്ങിയിട്ടുണ്ട്. അടിയന്തിരമായി ഈ പ്രതിസന്ധിക്ക് പരിഹാരം ഉണ്ടാക്കണമെന്ന് ബിജെപി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ബി ആർ മഞ്ജീഷ്, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കുഞ്ഞുമോൻ ഉതിക്കൽ, ജനറൽ സെക്രട്ടറി രതീഷ് കുറിച്ചി, പി കെ ഗോപാലകൃഷ്ണൻ, ഹരികുമാർ കുറിച്ചി, ജയകുമാർ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.