തലപ്പള്ളിയുടെ തലവൻ തൊണ്ണൂറിലേയ്ക്ക്
സ്വന്തം ലേഖകൻ
മണർകാട് : ആകമാന സുറിയാനി സഭയുടെ തലപ്പള്ളി ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രൽ വികാരി ഇട്ട്യാടത്ത് ഇ.ടി. കുര്യാക്കോസ് കോർഎപ്പിസ്‌കോപ്പ ഇന്ന് തൊണ്ണൂറിലേയ്ക്ക്. ജന്മദിനത്തോടനുബന്ധിച്ച് പള്ളി മാനേജിംഗ് കമ്മറ്റി, ഇടവകയിലെ ഭക്തസംഘടനകൾ ഇതര സ്ഥാപനങ്ങൾ എന്നിവയുടെ ആഭിമുഖ്യത്തിൽ ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് അനുമോദന സമ്മേളനം നടത്തും. പള്ളി പൊതുയോഗ ഹാളിൽ ചേരുന്ന സമ്മേളനത്തിൽ ഡോ. തോമസ് മാർ തീമോത്തിയോസ് അദ്ധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി. അനുമോദന പ്രസംഗം നടത്തും. 1929 ഡിസംബർ 5 ന് ജനിച്ച ഇദ്ദേഹം 20-ാം വയസ്സിൽ മീഖായേൽ മാർ ദീവന്നാസ്യോസിൽ നിന്നും ശെമ്മാശപട്ടവും, പൗലോസ് മാർ പീലക്സിനോസിൽ നിന്നും കശീശാ പട്ടവും സ്വീകരിച്ചു. തുടർന്ന് ഡോ. ഗീവറുഗീസ് മാർ ഗ്രീഗോറിയോസനാൽ കോർഎപ്പിസ്‌കോപ്പാ സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടു. തിരുവാർപ്പ് മർത്തശ്മുനി യാക്കോബായ സുറിയാനി പള്ളിയിൽ ഏറെക്കാലം വികാരിയായിരുന്ന അച്ചൻ കാരാട്ടുകുന്നേൽ സെന്റ് മേരീസ് പള്ളിയിലും വികാരിയായി സേവനം അനുഷഠിച്ചിട്ടുണ്ട്. പഴയിടത്തുവയലിൽ മാത്യൂ പി. എലിയാസ് കോർഎപ്പിസ്‌കോപ്പായുടെ നിര്യാണത്തെതുടർന്ന് മണർകാട് പള്ളി വികാരിയായി ചുമതലയേറ്റ ഇദ്ദേഹം പള്ളി വക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജർ, ഭക്തസംഘടനകളുടെ പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ സെന്റ് മേരീസ് ഹോസ്പിറ്റൽ മാനേജർ സ്ഥാനവും വഹിച്ചു വരുന്നു. ഭാര്യ അന്നമ്മ കുര്യാക്കോസ് മക്കൾ : ഇ.കെ. തോമസ്, ഇ.കെ. മാത്യു, ഇ.കെ. കുര്യാക്കോസ്, ഇ.കെ. ഏലിയാമ്മ, ഇ.കെ. അന്നമ്മ