play-sharp-fill
വൺവെ തെറ്റിച്ചത് ചോദ്യം ചെയ്ത പോലീസുകാരന്റെ കാലിൽ ഓട്ടോ കയറ്റി

വൺവെ തെറ്റിച്ചത് ചോദ്യം ചെയ്ത പോലീസുകാരന്റെ കാലിൽ ഓട്ടോ കയറ്റി

സ്വന്തം ലേഖകൻ

കുന്നംകുളം: തൃശൂർ റോഡിൽ വൺവെ തെറ്റിച്ച് വന്ന ഓട്ടോറിക്ഷ തടഞ്ഞ ദേഷ്യത്തിന് ശബരിമല സീസൺ പ്രമാണിച്ച് ഡ്യൂട്ടിയിലുണ്ടായിരുന്ന സ്പെഷൽ പോലീസ് ഓഫീസറായ യുവാവിന്റെ കാലിൽ ഓട്ടോറിക്ഷ കയറ്റി. വലതുകാൽ പാദത്തിനു ചതവുപറ്റിയ എസ്.പി.ഒ. ആൽത്തറ സ്വദേശി താഴെത്തയിൽ രാധാകൃഷ്ണൻ മകൻ രഞ്ജിത്തി (20) നെ കുന്നംകുളം ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെ തുടർന്ന് തൃശൂർ റോഡിലെ ഓട്ടോ ഡ്രൈവറായ പോർക്കുളം സ്വദേശി മൂന്നുകണ്ണിയിൽ സൂരജി (30) നെ പോലീസ് അറസ്റ്റുചെയ്തു. ഇന്നലെ രാവിലെ 10ന് തൃശൂർ റോഡിലെ മുനിസിപ്പൽ ജംഗ്ഷനു സമീപത്തുവച്ചാണ് സംഭവം. തൃശൂർ ഭാഗത്തുനിന്ന് വരുന്ന എല്ലാ വാഹനങ്ങളും മുനിസിപ്പൽ ജംഗ്ഷനിൽനിന്ന് ഇടത്തോട്ട് തിരിഞ്ഞുപോകണം. ഇതിനു വിരുദ്ധമായി നേരിട്ട് വൺവെ തെറ്റിച്ച് ടൗണിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച ഓട്ടോറിക്ഷയാണ് എസ്.പി.ഒ. രഞ്ജിത്ത് തടഞ്ഞത്. ഓട്ടോ ഡ്രൈവർ എസ്.പി.ഒ യുമായി തർക്കത്തിനിടയിൽ സംഭവം പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുപറഞ്ഞു. ഇതിനിടെ തൃശൂർ റോഡിൽനിന്ന് പോലീസ് വാഹനം വരുന്നതുകണ്ട് ഓട്ടോഡ്രൈവർ ബോധപൂർവം എസ്.പി.ഒ യുടെ കാൽപ്പാദത്തിലൂടെ ഓട്ടോ കയറ്റി ഓടിച്ചുപോവുകയായിരുന്നു. ഗവ. ആശുപത്രിയിൽ നടത്തിയ എക്സ്‌റെ പരിശോധനയിൽ വലതുകാൽപ്പാദത്തിനു ചതവ് പറ്റിയതായി കണ്ടെത്തിയിട്ടുണ്ട്. തൃശൂർ റോഡിലെ വൺവെ സമ്പ്രദായത്തിനെതിരേ ഈ റോഡിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോ തൊഴിലാളികൾ നഗരസഭയ്ക്കും പോലീസിനുമെതിരേ പണിമുടക്ക് നടത്തിയിരുന്നു. പിന്നീട് സി.ഐ. കെ.ജി. സുരേഷ് ഇടപെട്ട് പാർക്ക് മാറ്റിക്കൊടുത്ത് രണ്ടുവീതം ഓട്ടോറിക്ഷകൾ ഡ്രൈവർമാരുടെ നിർദേശപ്രകാരം റോഡരുകിൽ പാർക്ക് ചെയ്യുവാൻ അനുമതി നൽകിയിരുന്നു.