play-sharp-fill
കുന്നത്ത്കളത്തിൽ ജ്വല്ലറി തട്ടിപ്പ്: വിശ്വനാഥന്റെ മകൾക്കും മരുമകനും ജാമ്യം; ജ്വല്ലറിയിൽ റിസീവറുടെ പരിശോധന ആരംഭിച്ചു

കുന്നത്ത്കളത്തിൽ ജ്വല്ലറി തട്ടിപ്പ്: വിശ്വനാഥന്റെ മകൾക്കും മരുമകനും ജാമ്യം; ജ്വല്ലറിയിൽ റിസീവറുടെ പരിശോധന ആരംഭിച്ചു

 

സ്വന്തം ലേഖകൻ

കോട്ടയം: കുന്നത്ത്കളത്തിൽ ജ്വല്ലറി ചിട്ടി തട്ടിപ്പിൽ സ്ഥാപനം ഉടമ വിശ്വനാഥന്റെ മകൾക്കും മരുമകനും ഹൈക്കോടതി ജാമ്യം അനുവദിച്ചു. വിശ്വനാഥന്റെ മകൾ നീതു, മരുമകൻ ഡോ.ജയചന്ദ്രൻ എന്നിവർക്കാണ് തിങ്കളാഴ്ച ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കോട്ടയത്തെ സബ് കോടതിയും, ജില്ലാ കോടതിയും ജാമ്യാപേക്ഷ തള്ളിയതോടെയാണ് ഇരുവരും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കുന്നത്ത്കളത്തിൽ ജ്വല്ലറിയും ചിട്ടു തട്ടിപ്പ് സ്ഥാപനങ്ങളുമായി തനിക്ക് യാതൊരു ബന്ധമില്ലെന്നും തങ്ങൾ നിരപരാധികളാണെന്നുമായിരുന്നു പ്രതികളുടെ വാദം. ഇത് അംഗീകരിച്ചാണ് കോടതി രണ്ടു പേർക്കും ജാമ്യം അനുവദിച്ചത്. കേസിൽ ഇതോടെ രണ്ടു പേർ മാത്രമാണ് ഇപ്പോൾ ജയിലിൽ കഴിയുന്നത്. വിശ്വനാഥനും ഭാര്യ രമണിയും. ഇരുവർക്കുമായി അടുത്ത ദിവസം തന്നെ ജാമ്യാപേക്ഷ നൽകും. എന്നാൽ, കുന്നത്ത്കളത്തിൽ ജ്വല്ലറി തട്ടിപ്പ് കേസിൽ തട്ടിപ്പിനു ഇരയായവർ നീതുവിന്റെയും ജയചന്ദ്രന്റെയും ജാമ്യത്തിനെതിരെ രംഗത്ത് എത്തിയിട്ടുണ്ട്. ഇരുവർക്കും സ്ഥാപനത്തിലുള്ള പങ്ക് ചൂണ്ടിക്കാട്ടി അടുത്ത ദിവസം തന്നെ ഹർജി സമർപ്പിക്കുമെന്നു നിക്ഷേപകരുടെ ആക്ഷൻ കൗൺസിൽ ഭാരവാഹികൾ തേർഡ് ഐ ന്യൂസ് ലൈവിനോടു പറഞ്ഞു. ഇതിനിടെ തിങ്കളാഴ്ച രാവിലെ കുന്നത്ത്കളത്തിൽ ഗ്രൂപ്പിന്റെ കോട്ടയം സെൻട്രൽ ജംഗ്ഷനിലെ സ്ഥാപനത്തിൽ റിസീവറുടെ നേതൃത്വത്തിൽ ആസ്ഥി പരിശോധന ആരംഭിച്ചു. കോട്ടയം സബ് കോടതി സെപ്റ്റംബർ മൂന്നിനു കേസ് വീണ്ടും പരിഗണിക്കും.