video
play-sharp-fill
കുന്നത്തുകളത്തിൽ ജ്വല്ലറി; തൊഴിലാളികൾ ധർണ്ണ നടത്തി

കുന്നത്തുകളത്തിൽ ജ്വല്ലറി; തൊഴിലാളികൾ ധർണ്ണ നടത്തി

സ്വന്തം ലേഖകൻ

കോട്ടയം: ഇടപാടുകാരെയും തൊഴിലാളികളെയും വഞ്ചിച്ച് കോടികളുമായി മുങ്ങിയ കുന്നത്തുകളത്തിൽ ഗ്രൂപ്പിന്റെ സ്ഥാപനങ്ങൾ അടച്ചുപൂട്ടിയതിൽ പ്രതിഷേധിച്ച് സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ തൊഴിലാളികളും കുടുബാംഗങ്ങളും ജ്വല്ലറിക്ക് മുന്നിൽ ധർണ നടത്തി. സി.ഐ.ടി.യു ജില്ല സെക്രട്ടറി ടി.ആർ രഘുനാഥൻ ധർണ്ണ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ജില്ല വൈസ് പ്രസിഡൻറ് പി.ജെ വർഗീസ്, ഏരിയ സെക്രട്ടറി സുനിൽ തോമസ്, കോമേഴ്സ്യൽ എംപ്ലോയീസ് യൂണിയൻ (സിഐടിയു) ജില്ല സെക്രട്ടറി പി.ഐ ബോസ് എന്നിവർ സംസാരിച്ചു. വർഷങ്ങളായി കുന്നത്തുകളത്തിൽ ഗ്രൂപ്പിൽ ജോലി ചെയ്തിരുന്നവരും ഉടമ വിശ്വനാഥനെ വിശ്വസിച്ച് പലരുടെ കൈയ്യിൽ നിന്നായി ലക്ഷക്കണക്കിന് രൂപ ഡെപ്പോസിറ്റായി വാങ്ങി നൽകുകയും ചെയ്ത തൊഴിലാളികളാണ് വഞ്ചിതരായത്. തൊഴിലാളികൾക്ക് അർഹതപ്പെട്ട ആനുകൂല്യങ്ങളും അവകാശങ്ങളും ജൂണിലെ ശമ്പളവും നൽകിയിട്ടില്ല. തൊഴിലാളികൾ സ്ഥാപന ഉടമകൾക്കെതിരെ ലേബർ ഓഫീസർക്ക് പരാതി നൽകി. ലേബർ ഓഫീസിൽ തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് തൊഴിലാളി പ്രതിനിധികളുമായി ചർച്ച നടത്തും. 5100 നിക്ഷേപകരും 136 കോടിയുടെ കടബാധ്യതയും ഉണ്ടെന്നാണ് സ്ഥാപന ഉടമ വിശ്വനാഥൻ സമർപ്പിച്ച പാപ്പർ ഹർജിയിൽ പറഞ്ഞിട്ടുള്ളത്. എന്നാൽ, അൻപത് കോടിയോളം രൂപ കോട്ടയത്തെ പല ബാങ്കുകൾക്കും വൻകിട സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾക്കും നൽകാനുണ്ടെന്ന് തേർഡ് ഐ ന്യൂസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കുന്നത്തുകളത്തിൽ ഗ്രൂപ്പ് പാപ്പരായ വിവരം ആദ്യമായി പുറത്തു വിട്ടത് തേർഡ് ഐ ന്യൂസ് ആയിരുന്നു. അതേസമയം, കുന്നത്തുകളത്തിൽ സാമ്പത്തിക തട്ടിപ്പ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുന്നതിന്റെ നടപടിക്രമം പൂർത്തിയായി. 1800ലധികം പേരിൽ നിന്നായി 270 കോടിയോളം തട്ടിയെന്നാണ് പ്രാഥമിക വിവരം. ഇത്രയും തുകയുടെ തട്ടിപ്പ് ലോക്കൽ പോലീസ് അന്വേഷണം നടത്താൻ കഴിയാത്ത സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുന്നത്. ഒളിവിലായ കുന്നത്തുകളത്തിൽ സ്ഥാപന ഉടമ വിശ്വനാഥൻ, ഭാര്യ രമണി, മക്കളായ ജീത്തു, നീതു, മരുമക്കളായ ഡോ. സുനിൽ ബാബു, ഡോ. ജയചന്ദ്രൻ എന്നിവർക്കായി പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.