മഠത്തിൽ വിരുന്നിനെത്തവേ കന്യാസ്ത്രീയെ പീഡിപ്പിച്ചു: ബിഷപ്പിനെതിരെ പൊലീസ് കേസെടുത്തു; സീറോ മലബാർ സഭയിൽ ബിഷപ്പും കന്യാസ്ത്രീയും നേർക്കുനേർ

മഠത്തിൽ വിരുന്നിനെത്തവേ കന്യാസ്ത്രീയെ പീഡിപ്പിച്ചു: ബിഷപ്പിനെതിരെ പൊലീസ് കേസെടുത്തു; സീറോ മലബാർ സഭയിൽ ബിഷപ്പും കന്യാസ്ത്രീയും നേർക്കുനേർ

സ്വന്തം ലേഖകൻ

കോട്ടയം: അ്ഞ്ചു വൈദികർ ചേർന്ന് വീട്ടമ്മയെ കുമ്പസാര രഹസ്യം ചോർത്തി പീഡിപ്പിച്ച സംഭവം പുറത്തു വന്നതിനു പിന്നാലെ ക്രൈസ്തവ സഭയിൽ വീണ്ടും പീഡനക്കഥ. കുമ്പസാര രഹസ്യം ചോർത്തി വീട്ടമ്മയെ പീഡിപ്പിച്ചത് ഓർത്തഡോക്‌സ് സഭയിലെ വൈദികരാണെങ്കിൽ ഇവിടെ പീഡനത്തിനിരയായത് കന്യാസ്ത്രീ തന്നെയാണ്. ഇക്കുറി വൈദികനു പകരം ബിഷപ്പാണ് ആരോപണ വിധേയനായിരിക്കുന്നത്.
കുറവിലങ്ങാട് മരങ്ങാട്ടുപള്ളി നാടുകുന്നിലെ മഠത്തിലെ കന്യാസ്ത്രീയാണ് തനിക്കുണ്ടായ ലൈംഗിക ദുരനുഭവം തുറന്നു പറയാൻ തയ്യാറായിരിക്കുന്നത്. സീറോ മലബാർ സഭയുടെ പഞ്ചാബ് ജലന്ധർ രൂപതാ അധ്യക്ഷനും തൃശൂർ സ്വദേശിയുമായ ഫ്രാങ്കോ മുളയ്ക്കൽ രണ്ടു വർഷത്തോളം തുടർച്ചയായി ലൈംഗികമായി ദുരുപയോഗം ചെയ്തതയാണ് കന്യാസ്ത്രീയുടെ പരാതി. പീഡന വിവരം പുറത്തു പറയുമെന്നു പറഞ്ഞ തന്നെ സഭയിൽ നിന്നു പുറത്താക്കാൻ ശ്രമിച്ച ബിഷപ്പ്, അച്ചടക്ക നടപടിക്കു വിധേയയാക്കിയതായും പരാതിയിൽ പറയുന്നു. പീഡനത്തെപ്പറ്റി പരാതിപ്പെടുകയും, ബിഷപ്പിനെ ഫോണിൽ വിളിച്ച് വിവരം അന്വേഷിക്കുകയും ചെയ്ത തന്റെ സഹോദരനെതിരെ ബിഷപ്പ് കള്ളക്കേസ് കൊടുത്തതായും കന്യാസ്ത്രീയുടെ പരാതിയിലുണ്ട്. ഇവരുടെ പരാതിയുടെയും മൊഴിയുടെയും അടിസ്ഥാനത്തിൽ ബിഷപ്പിനെതിരെ കുറവിലങ്ങാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
നേരത്തെ ജലന്ധറിലായിരുന്നു കന്യാസ്ത്രീ. ഈ സമയത്ത് ഇതേ ബിഷപ്പും ഇവിടെയുണ്ടായിരുന്നു. ജലന്ധർ രൂപതാ അധ്യക്ഷനായിരുന്നതിനാൽ തന്നെ വിവിധ അവകാശങ്ങൾ ഇദ്ദേഹത്തിനുണ്ടായിരുന്നു. ഇവിടെ വച്ച് ലൈംഗിക ചേഷ്ടകളും ആംഗ്യങ്ങളും സംസാരവും ഇദ്ദേഹത്തിൽ നിന്നുണ്ടായിരുന്നു. ആദ്യം ഭീഷണിപ്പെടുത്തിയാണ് തന്നെ ലൈംഗിക ആവശ്യങ്ങൾ ഉപയോഗിച്ചത്. എന്നാൽ, ഇതിനു വഴങ്ങാതെ വന്നതോടെ തനിക്കെതിരെ ഭീഷണി മുഴക്കി തുടങ്ങി. പരാതി ഉന്നയിക്കുമെന്നു വന്നതോടെ തനിക്കെതിരെ സ്വഭാവദൂഷ്യവും, മറ്റു ക്രമക്കേടുകളും ഉന്നയിച്ച് നടപടിയെടുത്തു. പിന്നീട് താൻ കുറവിലങ്ങാട്ടെ മഠത്തിൽ എത്തി. ഇവിടെ വിരുന്നിന് എത്തിയ ദിവസം ബീഷപ്പ് പീഡിപ്പിച്ചതായാണ് കന്യാസ്ത്രീയുടെ പരാതി. ബിഷപ്പിന്റെ പീഡനത്തെപ്പറ്റി പരാതി പറയാനെത്തിയ തന്റെ സഹോദരനെതിരെ ബിഷപ്പ് പരാതി നൽകി. ബിഷപ്പിനെ ഭീഷണിപ്പെടുത്തുന്നതായാണ് പരാതിയിൽ പറഞ്ഞിരുന്നത്. തുടർന്നു പൊലീസ് ഈ പരാതിയിൽ അന്വേഷണവും ആരംഭിച്ചു. ഇതോടെയാണ് കന്യാസ്ത്രീ ബിഷപ്പിനെതിരെ പരാതി നൽകാൻ രംഗത്ത് എത്തിയയത്.
എന്നാൽ, മധ്യപ്രദേശിൽ ജോലി ചെയ്തിരുന്ന സമയത്ത് കന്യാസ്ത്രീയ്‌ക്കെതിരെ നടപടിയെടുത്തിരുന്നതാണെന്നാണ് സഭയുടെ നിലപാട്. ബിഷപ്പ് ഇവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതിന്റെ വൈരാഗ്യത്തിലാണ് ഇപ്പോൾ ആരോപണം ഉന്നയിക്കുന്നത്. ബിഷപ്പിനെ കേസിൽ കുടുക്കുമെന്നു ഭീഷണിപ്പെടുത്തിയതിന്റെ പേരിലാണ് കന്യാസ്ത്രീയുടെ സഹോദരനെതിരെ കേസെടുത്തതെന്നും സഭ വ്യക്തമാക്കുന്നു.
എന്നാൽ, ബിഷപ്പും കന്യാസ്ത്രീയും തമ്മിൽ അടുത്ത ബന്ധമുണ്ടായിരുന്നതായി സൂചന ലഭിച്ചിട്ടുണ്ടെന്നു പൊലീസ് പറയുന്നു. ഇരുവരും തമ്മിലുള്ള അടുപ്പത്തെ തുടർന്നാണ് പ്രശ്‌നങ്ങളുണ്ടായത്. ഇതോടെയാണ് കന്യാസ്ത്രീക്കെതിരെ നേരത്തെ നടപടിയെടുത്തതെന്നാണ് പൊലീസ് നൽകുന്ന സൂചന. വിഷയത്തിൽ രണ്ടു പേരും ഒരു പോലെ കുറ്റക്കാരാണെന്നും ചില പൊലീസ് ഉദ്യോഗസ്ഥർ രഹസ്യമായി സമ്മതിക്കുന്നു. കേസ് രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ വൈദികനെ ഉടൻ അറസ്റ്റ് ചെയ്‌തേക്കും.