സ്വന്തം ലേഖകൻ
കോട്ടയം: കുന്നത്ത്കളത്തിൽ ജുവലറി – ചിട്ടിതട്ടിപ്പിൽ കുടുങ്ങിയ ഉടമകൾ ജയിലിലായതോടെ സെൻട്രൽ ജംഗ്ഷനിലെ കട ഒഴിയണമെന്നാവശ്യപ്പെട്ട് കെട്ടിടം ഉടമ കോടതിയെ സമീപിച്ചു. അഞ്ചു മാസത്തെ വാടക കുടിശിക ആയതോടെയാണ് ഉടമ കേസ് പരിഗണിക്കുന്ന കോട്ടയം സബ് കോടതിയെ സമീപിച്ചത്. ഈ കേസിൽ ഇടക്കാല ഉത്തരവ് നൽകുന്നതിനായി കോടതി ഈ മാസം 11 ന് പരിഗണിക്കും.
നഗരമധ്യത്തിൽ സെൻട്രൽ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന കുന്നത്ത്കളത്തിൽ ഗ്രൂപ്പിന്റെ ജുവലറിയാണ് വാടക കുടിശികയെ തുടർന്ന് ഒഴിയണമെന്നാവശ്യപ്പെട്ട് കെട്ടിടം ഉടമ നോട്ടീസ് നൽകിയിരിക്കുന്നത്. ഒരു ലക്ഷം രൂപയാണ് കെട്ടിടത്തിന്റെ മാസ വാടക. പത്തു ലക്ഷം രൂപ അഡ്വാൻസായി കെട്ടിടം ഉടമയ്ക്ക് നൽ്കിയിട്ടുമുണ്ട്. സെക്യൂരിറ്റി ഡിപ്പോസിറ്റായാണ് ഈ തുക നൽകിയിരിക്കുന്നത്. ജുവലറി അടച്ചു പൂട്ടിയതോടെ കഴിഞ്ഞ അഞ്ചു മാസമായി ഒരു രൂപ പോലും വാടക ഇനത്തിൽ നൽകിയിട്ടില്ല. കെട്ടിടത്തിലെ സാധന സാമഗ്രികൾ നിലവിൽ കോടതിയുടെയും റിസീവറുടെയും കസ്റ്റഡിയിലാണ്. ഈ സാഹചര്യത്തിൽ കെട്ടിടം ഒഴിയണമെങ്കിൽ കോടതിയുടെ അനുമതി ആവശ്യമുണ്ട്. ഇതോടെയാണ് കെട്ടിടം ഉടമ കോടതിയെ സമീപിച്ചിരിക്കുന്നത്.
ഇതിനിടെ കുന്നത്ത്കളത്തിൽ ഗ്രൂപ്പ് വായ്പയായി വാങ്ങിയ 16 കോടി രൂപ തിരികെ ലഭിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സൗത്ത് ഇന്ത്യൻ ബാങ്ക് അധികൃതർ കോടതിയെ സമീപിച്ചു. കോടതി ഈ തുക അനുവദിച്ചാൽ സാധാരണക്കാരായ ആളുകൾക്ക് പണം ലഭിക്കാൻ ഇനിയും വൈകും. ഈ രണ്ടു കേസുകളും ഈ മാസം 11 ന് ഇടക്കാല ഉത്തരവ് നൽകുന്നതിനായി കോട്ടയം സബ് കോടതി മാറ്റി വച്ചു.