അരനൂറ്റാണ്ടായി കഞ്ചാവ് വിൽപ്പന: കഞ്ചാവ് വിറ്റ് സമ്പാദിച്ചത് കോടികൾ; കോട്ടയം നഗരത്തിലെ പ്രധാന കഞ്ചാവ് മാഫിയ തലവൻ പാൽക്കാരൻ കുഞ്ഞുമോൻ പിടിയിലായത് എക്‌സൈസിന്റെ രഹസ്യനീക്കത്തിനൊടുവിൽ

അരനൂറ്റാണ്ടായി കഞ്ചാവ് വിൽപ്പന: കഞ്ചാവ് വിറ്റ് സമ്പാദിച്ചത് കോടികൾ; കോട്ടയം നഗരത്തിലെ പ്രധാന കഞ്ചാവ് മാഫിയ തലവൻ പാൽക്കാരൻ കുഞ്ഞുമോൻ പിടിയിലായത് എക്‌സൈസിന്റെ രഹസ്യനീക്കത്തിനൊടുവിൽ

ക്രൈം ഡെസ്‌ക്

കോട്ടയം: അരനൂറ്റാണ്ടായി കഞ്ചാവ് വിൽപ്പന നടത്തി കോടികൾ സമ്പാദിച്ച നഗരത്തിലെ പ്രധാന മാഫിയ തലവൻ പാൽകാരൻ കുഞ്ഞുമോൻ എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. ഇയാളിൽ നിന്ന് ഒരു കിലോയ്ക്കു മുകളിൽ കഞ്ചാവും എക്‌സൈസ് സംഘം പിടിച്ചെടുത്തിട്ടുണ്ട്. വടവാതൂർ കൊല്ലംകൊമ്പ് കോളനിയിലെ കുഴിയിൽ സൈനുദ്ദീൻ (പാലുകാരൻ കുഞ്ഞുമോൻ-78) ഇരുപതാം വയസിലാണ് നഗരത്തിൽ കഞ്ചാവ് വിൽപ്പന ആരംഭിച്ചത്. നിരവധി തവണ ജില്ലയിലെ വിവിധ സ്റ്റേഷനിൽ കഞ്ചാവുമായി ഇയാളെ പൊലീസ് പിടികൂടിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം കാണക്കാരി കളത്തൂർ ഭാഗത്ത് വാടകവീട് കേന്ദ്രീകരിച്ച് വൻതോതിൽ കഞ്ചാവ് വിൽപന നടത്തുന്നതായി എക്‌സൈസ് സംഘത്തിനു വിവരം ലഭിച്ചിരുന്നു. സ്‌കൂൾ വിദ്യാർത്ഥികളെ അടക്കം കഞ്ചാവ് നൽകി സംഘം വലയിലാക്കിയിരുന്നതായും എക്‌സൈസ് സംഘം നടത്തിയ രഹസ്യ നീരീക്ഷണത്തിൽ കണ്ടെത്തിയിരുന്നു. തുടർന്ന് കോട്ടയം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആൻഡി നാർകോട്ടിക് സ്പെഷൽ സ്‌ക്വാഡ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എച്ച്. നൂറുദ്ദീന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഇയാൾ കമ്പത്തുനിന്നാണ് വിൽപനക്കായുള്ള കഞ്ചാവ് ശേഖരിച്ചത്. കഞ്ചാവ് ചെറുപൊതികളിലാക്കി കോട്ടയംടൗണിലും പരിസരപ്രദേശങ്ങളിലും സ്‌കൂൾ-കോളേജ് വിദ്യാർഥികൾക്ക് വിൽപന നടത്തിവരികയായിരുന്നു. പാലുകച്ചവടത്തിന് എന്ന വ്യാജേനയാണ് നഗരത്തിൽ എത്തുന്നത്. നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയായ ഇയാൾ എക്സൈസിന്റെ ശ്രദ്ധയിൽ പെടാതിരിക്കാൻ വേണ്ടിയാണ് കാണക്കാരി ഭാഗത്ത് വാടകവീട്ടിൽ താമസിച്ചിരുന്നത്.
ഇടക്കിടെ വീട് മാറി താമസിക്കുകയാണ് പതിവ്. പരിശോധനയിൽ 2,36,400 രൂപയും പിടിച്ചെടുത്തു. എക്സൈസ് ഇൻസ്പെക്ടർ വി.പി. അനൂപ്, പ്രിവൻറീവ് ഓഫീസർമാരായ ടി.എസ്. സുരേഷ്, കെ. രാജീവൻപിള്ള, ബി. സന്തോഷ്‌കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ കെ.എൻ.അജിത്കുമാർ., പി.പി.പ്രസീത്്, കെ.സി. ബൈജുമോൻ, ആർ.എസ്. നിധിൻ, ഡ്രൈവർ റോഷി വർഗീസ് എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അരനൂറ്റാണ്ടായി കഞ്ചാവ് കച്ചവടം ചെയ്യുന്ന കുഞ്ഞുമോൻ വൻ ശൃംഖല തന്നെ ജില്ലയിലുണ്ട്. കഞ്ചാവ് എത്തിച്ചു നൽകുന്നതിനും, വിൽക്കുന്നതിനുമായി മാഫിയ സംഘങ്ങൾ തന്നെ ഇയാളുടെ സാന്നിധ്യത്തിലുണ്ട്. ജില്ലയിലെ വിവിധ മേഖലകളിലെ ഗുണ്ടാ മാഫിയ സംഘങ്ങളുമായി അടുത്ത ബന്ധവും ഇയാൾക്കുണ്ട്. ഇയാൾ കഞ്ചാവ് ഒളിപ്പിച്ച് വയ്ക്കുന്ന രഹസ്യ സങ്കേതങ്ങൾ പൊലീസും എക്‌സൈസും മാസങ്ങളായി നിരീക്ഷിച്ച് വരികയായിരുന്നു. ഇതിനിടെയാണ് ഇപ്പോൾ എക്‌സൈസിന്റെ പിടിയിലായത്.