കുമ്മനംകാരുടെ രാജേട്ടന് ഊഷ്മളമായ സ്വീകരണം

കുമ്മനംകാരുടെ രാജേട്ടന് ഊഷ്മളമായ സ്വീകരണം

സ്വന്തം ലേഖകൻ
കോട്ടയം:  നാട്ടുകാരും കൂട്ടുകാരും സുഹൃത്തുക്കളും ബന്ധുക്കളും കൂടെ പഠിച്ചവരും ചേര്‍ന്ന് കുമ്മനം രാജശേഖരന് ജന്മനാട്ടില്‍ ഊഷ്മളമായ സ്വീകരണം നല്‍കി. മിസോറാം ഗവര്‍ണറായി അധികാരമേറ്റിട്ട് ആദ്യമായയാണ് അദ്ദേഹം ജന്മനാട്ടില്‍ എത്തുന്നത്.കുമ്മനം രാജശേഖരന്‍ പഠിച്ച യുപി സ്‌കൂളിലായിരുന്നു സ്വീകരണ യോഗം.
 
സ്‌കൂള്‍ ഹാളില്‍ തിങ്ങിനിറഞ്ഞ ആള്‍ക്കൂട്ടത്തില്‍ കുമ്മനം തനി കുമ്മനംകാരനായി മാറി.ആബാലവൃദ്ധം ജനങ്ങളാണ് സ്വീകരണ യോഗത്തിന് ഒഴുകിയെത്തിയത്. ഞാന്‍ ആദ്യമായി പ്രസംഗിച്ച സ്ഥലത്താണ് ഇപ്പോള്‍ സ്വീകരണം നടക്കുന്നതെന്നും ആദ്യപ്രസംഗത്തിലെ അനുഭവവും അദ്ദേഹം  സദസുമായി പങ്കുവെച്ചു. കൂടെ പഠിച്ചവരെയും തന്നെ സ്വാധീനിച്ചവരെയും അദ്ദേഹം സ്മരിച്ചു. യുപി സ്‌കൂളിന്റെ ഭൗതിക സാഹചര്യം വളര്‍ത്തണമെന്നും സ്‌കൂള്‍ ശക്തിയാര്‍ജിക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സ്‌കൂള്‍ അധികൃതര്‍ കുമ്മനത്തിന് നിവേദനം നല്‍കി. പൗരസമിതി പ്രസിഡന്റ് പൊന്നാറ്റില്‍ ജേക്കബ് കുട്ടി അദ്ധ്യക്ഷനായി. ഫാ: പി.ആലിച്ചന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. എം.എസ്.പദ്മനാഭന്‍, പഞ്ചായത്തംഗം രാജി സതീഷ്, വി.പി.പ്രതാപന്‍, പാര്‍ത്ഥസാരഥി, മുകുന്ദന്‍ എന്നിവര്‍ സംസാരിച്ചു.