ആർഎസ്എസിന്റെ നീക്കം വിജയിച്ചു, ഗവർണർ പദവി ഒഴിഞ്ഞ് കുമ്മനം തിരുവനന്തപുരത്ത് സ്ഥാനാർത്ഥിയാകും
സ്വന്തം ലേഖകൻ
തിരുവനന്തപുരം: അനിശ്ചിതത്വത്തിനും അഭ്യൂഹങ്ങൾക്കും വിരാമമിട്ട് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാൻ കുമ്മനം രാജശേഖരൻ മിസോറാം ഗവർണർ പദവി ഒഴിയുന്നു. ആർ.എസ്.എസ് സംസ്ഥാന നേതൃത്വത്തിന്റെ നിർബന്ധത്തെ തുടർന്ന് ബി.ജെ.പി നേതൃത്വം ഇതിന് പച്ചക്കൊടി കാട്ടിയെന്നാണ് വിവരം. അടുത്ത ദിവസങ്ങളിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകും. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി ഏറെ വിജയസാദ്ധ്യത പ്രതീക്ഷിക്കുന്ന തിരുവനന്തപുരം മണ്ഡലത്തിൽ കുമ്മനത്തെ സ്ഥാനാർത്ഥിയാക്കാനാണ് ആർ.എസ്.എസ് താത്പര്യം. ഗവർണർ പദവി ഒഴിയുന്നതിന് പിന്നാലെ ഇക്കാര്യത്തിലും തീരുമാനമുണ്ടാവും.
കുമ്മനത്തെ സ്ഥാനാർത്ഥിയാക്കാനുള്ള അനുമതി തേടി കേരളത്തിലെ ആർ.എസ്.എസ് നേതൃത്വം ദേശീയ നേതൃത്വത്തെയും ബി.ജെ.പി കേന്ദ്ര നേതൃത്വത്തെയും സമീപിച്ചെങ്കിലും ആദ്യ പ്രതികരണം അനുകൂലമായിരുന്നില്ല. എന്നാൽ കഴിഞ്ഞ ദിവസം പാലക്കാട്ടെത്തിയ ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായെ കണ്ട് സംസ്ഥാനത്തെ ആർ.എസ്.എസ് നേതാക്കൾ ആവശ്യം ശക്തമായി ഉന്നയിച്ചു. തുടർന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജനാഥ് സിംഗുമായി സംസാരിച്ച ശേഷം കുമ്മനത്തെ ഗവർണർ പദവിയിൽ നിന്നൊഴിവാക്കാൻ അമിത് ഷാ അനുവാദം നൽകിയെന്നാണ് വിവരം. പൊതുതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം വരുന്നതിന് മുമ്പ്് കുമ്മനം ഗവർണർ പദവി രാജിവയ്ക്കുമെന്നാണ് അറിയുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ മേയിലാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റായിരുന്ന കുമ്മനം രാജശേഖരനെ മിസോറാം ഗവർണറായി നിയമിക്കുന്നത്. ബി.ജെ.പി കേന്ദ്ര നേതൃത്വം തങ്ങളറിയാതെ കുമ്മനത്തെ നാടുകടത്തി എന്നായിരുന്നു ആർ.എസ്.എസ് കേരള ഘടകത്തിന്റെ ആരോപണം. കേരളത്തിന്റെ ചുമതലയുള്ള ബി.ജെ.പി ദേശീയ സഹ സംഘടനാ സെക്രട്ടറി ബി.എൽ സന്തോഷിന്റെ സഹകരണത്തോടെ വി.മുരളീധരൻ എം.പിയാണ് കുമ്മനത്തെ ഗവർണറാക്കാൻ ചുക്കാൻ പിടിച്ചതെന്നായിരുന്നു സംസ്ഥാനത്തെ ഒരുവിഭാഗം ആർ.എസ്. എസ് നേതാക്കൾ കുറ്റപ്പെടുത്തിയിരുന്നത്. അപ്പോൾമുതൽ കുമ്മനത്തെ തിരികെ കൊണ്ടുവരാൻ ശ്രമം നടത്തിയിരുന്നു.
വി. മുരളീധരൻ സംസ്ഥാന പ്രസിഡന്റായിരിക്കെയാണ് ബി.ജെ.പിയിൽ പ്രാഥമിക അംഗത്വം ഇല്ലാതിരുന്ന ഹിന്ദു ഐക്യവേദി നേതാവ് കുമ്മനം രാജശേഖരനെ ആർ.എസ്.എസ് സമ്മർദ്ദത്താൽ നേരിട്ട് സംസ്ഥാന അദ്ധ്യക്ഷനാക്കിയത്. സ്ഥാനമൊഴിഞ്ഞ വി.മുരളീധരന് പകരം ആന്ധ്രയുടെ ചുമതല നൽകിയ കേന്ദ്ര നേതൃത്വം, ആർ.എസ്.എസ് നിർബന്ധത്തിന് വഴങ്ങി മുരളീധരനോട് കേരളത്തിലെ സംഘടനാ കാര്യങ്ങളിൽ നിന്നുമാറി നിൽക്കാനും നിർദ്ദേശിച്ചിരുന്നു.
ഗവർണർ പദവി ഒഴിഞ്ഞെത്തുന്ന കുമ്മനത്തെ തിരുവനന്തപുരത്ത് സ്ഥാനാർത്ഥിയാക്കിയാൽ വിജയ സാദ്ധ്യത ഉറപ്പാണെന്നാണ് ആർ.എസ്.എസ് വിലയിരുത്തൽ. വിജയിക്കുകയും കേന്ദ്രത്തിൽ എൻ.ഡി.എയ്ക്ക് തുടർഭരണം കിട്ടുകയും ചെയ്താൽ അദ്ദേഹത്തെ കേന്ദ്രമന്ത്രിയാക്കാനാണ് നീക്കമെന്നും സൂചനയുണ്ട്.
ശബരിമല സമരത്തിലൂടെ ശ്രദ്ധേയനായ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനെ തിരുവനന്തപുരത്ത് നിറുത്തണമെന്നായിരുന്നു പ്രവർത്തകരുടെ താത്പര്യം. എൻ.എസ്.എസ് പിന്തുണയും സുരേന്ദ്രന് ലഭിക്കുമെന്ന വിലയിരുത്തലും ഉണ്ടായിരുന്നു. അതിനിടെയാണ് കുമ്മനത്തിന്റെ പേര് ഉയർന്നുവന്നതും ആർ.എസ്.എസ് നേതൃത്വം ശക്തമായി വാദിച്ചതും.
അതേസമയം തിരുവനന്തപുരത്ത് സ്ഥാനാർത്ഥിയായി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ളയുടെ പേരും ചിലർ ഉയർത്തുന്നുണ്ട്. എന്നാൽ ശ്രീധരൻ പിള്ളയെ പത്തനംതിട്ടയിലും കെ.സുരേന്ദ്രനെ തൃശൂരിലും മത്സരിപ്പിക്കണമെന്ന ഫോർമുലയാണ് ആർ.എസ്.എസ് മുന്നോട്ട് വയ്ക്കുന്നതത്രേ.