play-sharp-fill
കോട്ടയം കുമരകം റൂട്ടിലെ കോണത്താറ്റ് പാലത്തിന്റെ നിർമാണം തുടങ്ങി

കോട്ടയം കുമരകം റൂട്ടിലെ കോണത്താറ്റ് പാലത്തിന്റെ നിർമാണം തുടങ്ങി

കുമരകം ∙ കോട്ടയം – കുമരകം റൂട്ടിലെ കോണത്താറ്റ് പാലത്തിന്റെ പ്രവേശന പാതയുടെ നിർമാണത്തിനുള്ള പൈലിങ് ജോലി തുടങ്ങി. സ്പാനുകൾ സ്ഥാപിക്കുന്നതിനുള്ള കോൺക്രീറ്റ് തൂണുകളുടെ നിർമാണത്തിനുള്ള ജോലികളാണു ആരംഭിച്ചിരിക്കുന്നത്. ഇരുകരകളിലും 3 സ്പാൻ വീതമാണ് പണിയുന്നത്. ഒരു സ്പാനിന് 12.5 മീറ്റർ നീളമുണ്ടാകും. സ്പാൻ കഴിഞ്ഞുള്ള ഭാഗത്ത് മണ്ണ് ഇറക്കിയാണ് പ്രവേശന പാതയുടെ പണി പൂർത്തിയാക്കുക.

പാലം പണി തീരാൻ ഒരു വർഷത്തിലേറെ സമയം എടുത്തു എന്നാൽ പ്രവേശന പാതയുടെ പണി പൂർത്തിയാക്കാൻ ഇതിലും കൂടുതൽ സമയം വേണ്ടി വന്നേക്കും. കൂടുതൽ നിർമാണ പ്രവർത്തനങ്ങൾ പ്രവേശന പാതയ്ക്കുണ്ട് എന്നതാണു കാരണം. കിഴക്കേക്കരയിലെ ട്രാൻസ്ഫോമർ മാറ്റിയാൽ മാത്രമേ നിർമാണ പ്രവർത്തനങ്ങൾ സുഗമമായി നടത്താൻ കഴിയൂ.  നിർമാണം പുരോഗമിക്കുമ്പോൾ ഗതാഗത പ്രശ്നവും ഉണ്ടായേക്കും.


ചെറു വാഹനങ്ങൾ കടത്തി വിടുന്ന താൽക്കാലിക റോഡിലേക്ക് കിഴക്കു നിന്നു വരുന്ന വാഹനങ്ങൾക്കു പ്രവേശിക്കുന്നതിനു മാർഗം കണ്ടെത്തണം. ട്രാൻസ്ഫോമർ മാറ്റിയാലും ഇതിനുള്ള വീതി ഉണ്ടാകുമോ എന്നതാണു പ്രശ്നം.കോട്ടയത്ത് നിന്നു വരുന്ന ബസുകൾ ആറ്റാമംഗലം പള്ളി ഭാഗം വരെ വന്നു തിരികെ പോകുന്നു. തെക്കൻ മേഖലയിലേക്ക് യാത്രക്കാർ കിലോ മീറ്ററുകൾ നടന്നു പോകണം.ഇവിടെ നിന്നു കോട്ടയത്തിനു പോകേണ്ട യാത്രക്കാരുടെ സ്ഥിതിയും വ്യത്യസ്തമല്ല. ചേർത്തല, വൈക്കം റൂട്ടിലെ യാത്രക്കാരും ദുരിതത്തിലാണ്. കരാറുകാരനു ഫണ്ട് യഥാസമയം നൽകാതെ വന്നാൽ പ്രവേശന പാതയുടെ നിർമാണ പ്രവർത്തനം നീണ്ടേക്കും. പ്രവേശന പാത കൂടി പണിതാൽ പാലം ഗതാഗതത്തിനു തുറന്നു കൊടുക്കാനാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group