കുളമാവ് ഗ്രീൻബർഗ് റിസോർട്ട് വനഭൂമി കൈയേറി നിർമ്മിച്ചതെന്ന്  ജില്ലാ കളക്ടർ.പട്ടയം റദ്ദാക്കി; ഭൂമി കയ്യേറിയത് കേരള കോൺഗ്രസിന്റെ ഉന്നത നേതാക്കളുടെ നേതൃത്വത്തിലെന്നു കണ്ടെത്തൽ

കുളമാവ് ഗ്രീൻബർഗ് റിസോർട്ട് വനഭൂമി കൈയേറി നിർമ്മിച്ചതെന്ന് ജില്ലാ കളക്ടർ.പട്ടയം റദ്ദാക്കി; ഭൂമി കയ്യേറിയത് കേരള കോൺഗ്രസിന്റെ ഉന്നത നേതാക്കളുടെ നേതൃത്വത്തിലെന്നു കണ്ടെത്തൽ

തേർഡ് ഐ ബ്യൂറോ

ഇടുക്കി : വനഭൂമി കയേറിയതാണെന്നു ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ കുളമാവ് ഗ്രീൻബർഗ് ഹോളിഡേ റിസോർട്ട് കൈവശം വച്ചിരുന്ന ഭൂമിയുടെ പട്ടയം റദ്ദാക്കി ജില്ലാ കളക്ടർ ഉത്തരവു പുറപ്പെടുവിച്ചു. മുൻ മന്ത്രി
പി.ജെ ജോസഫിന്റെ അടുത്ത സുഹൃത്തുക്കളുടെ ഉടമസ്ഥതയിലുള്ള റിസോർട്ടാണിത്. .വനഭൂമി കൈയ്യേറി നിർമ്മിച്ച ഭൂമിയാണിത്.

അദ്ദേഹത്തിന്റെ മകന്റെ സന്തത സഹചാരിയും ഉറ്റ മിത്രവുമാണ് ലൂണാർ ഗ്രൂപ്പ് ഡയറക്ടർ. ഗാന്ധിജി സ്റ്റഡി സെൻറർ നേതൃത്വത്തിലുള്ള പല സിമ്പോസിയങ്ങളും ചർച്ചകളും ഈ റിസോർട്ടിൽ വെച്ചാണ് നടക്കുന്നത്. ജോസഫിൻറെ മകൻ അപു ജോൺ ജോസഫ് നേതൃത്വം കൊടുക്കുന്ന ജോസഫ് വിഭാഗം സോഷ്യൽ മീഡിയ മീറ്റിങ്ങ് ഈ റിസോർട്ടിലാണ് അടുത്തിടെ നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു പ്രമുഖ ടിവി അവതാരികയും ചലച്ചിത്രതാരവും കൂടിയായ പ്രമുഖ സെലിബ്രിറ്റിയുടെ പിതാവാണ് ക്ലാസുകൾ നയിച്ചത്. മുൻ ഇടുക്കി ജില്ലാ കളക്ടറായിരുന്ന രാജു നാരായണസ്വാമി ഈ വിവാദ റിസോർട്ടിന്റേയും അതിനോട് അടുത്ത് തന്നെയുള്ള പി.ജെ ജോസഫ് ചെയർമാനായുള്ള ഗാന്ധിജി സ്റ്റഡി സെൻറർ വക റിസർച്ച് സെന്ററിന്റേയും ഭൂമി പരിസ്ഥിതി ലോല പ്രദേശത്തിനുള്ളിലാണെന്നും വന ഭൂമി കൈയേറിയത് ആണെന്നും കണ്ടെത്തിയിരുന്നു.

അന്ന് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് രാജു നാരായണസ്വാമിയെ സ്ഥലം മാറ്റിയിരുന്നു.കെ ഫ്രാൻസിസ് ജോർജ് ഇടുക്കി എംപി ആയിരുന്ന സമയത്ത് എംപി ഫണ്ടിൽ നിന്നും റിസോർട്ടിലേക്ക് വനത്തിനുള്ളിൽ കൂടിയുള്ള റോഡ് ടാറിങ് നടത്തുവാനായി 10 ലക്ഷം രൂപ അനുവദിച്ചത് വിവാദമായി മാറിയിരുന്നു.

ഹൈക്കോടതി വിധിക്കു വിധേയമായിട്ടുള്ള നടപടിയിൽ രണ്ടാഴ്ചയ്ക്കുളളിൽ മൂന്നേക്കർ ഭൂമി ഏറ്റെടുത്ത് വനംവകുപ്പിനു കൈമാറാൻ ജില്ലാ കളക്ടർ എച്ച്. ദിനേശൻ തൊടുപുഴ തഹസിൽദാർക്കു നിർദേശം നൽകിയിട്ടുണ്ട്.

1979ൽ പോത്തുമറ്റം തഴക്കൽ ചാക്കോ മാത്യു തന്റെ കൈവശമുള്ളതെന്ന് അവകാശപ്പെട്ട ഭൂമിയാണ് പിന്നീട് കൈമാറ്റം ചെയ്യപ്പെട്ട് റിസോർട്ട് ഗ്രൂപ്പിന്റെ പക്കലെത്തിയത്. 1980 ൽ ഈ ഭൂമിയ്ക്കു പട്ടയം ലഭിച്ച സാഹചര്യത്തിൽ ഇതു വനഭൂമിയാണെന്നു കാണിച്ച് വനംവകുപ്പ് റവന്യൂ വകുപ്പിന് റിപ്പോർട്ട് നൽകി. കയേറ്റത്തിനെതിരേ വനംവകുപ്പ് കേസും രജിസ്റ്റർ ചെയ്തിരുന്നു.

തുടർന്ന് 1988 ൽ പട്ടയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നഗരംപാറ ഫോറസ്റ്റ് റേഞ്ച് ഓഫീസറും റിപ്പോർട്ട് നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ റവന്യൂ വകുപ്പ് നടത്തിയ അന്വേഷണത്തിൽ ഇക്കാര്യത്തിൽ 1964 ലെ ഭൂമി പതിവു ചട്ടങ്ങൾ ലംഘിക്കപ്പെട്ടതായി കണ്ടെത്തി. പിന്നീട് വസ്തുവിന്റെ കൈവശ അവകാശം റിസോർട്ട് ഗ്രൂപ്പിന്റെ പക്കലെത്തി.ഇവിടെ നിർമാണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു.

തുടർന്ന് ഇക്കാലമത്രയും അടിസ്ഥാനരഹിതമായ വാദങ്ങളുടെയും കേസുകളുടെയും അടിസ്ഥാനത്തിൽ ഭൂമി ഏറ്റെടുക്കൽ നടപടികൾ വൈകിപ്പിക്കുന്ന സ്ഥിതിയാണുണ്ടായത്. ഉടമയുടെ ഹർജിയിൽ തീർപ്പു കല്പിക്കുന്നതിനായി 2012 ൽ വിഷയം ഹൈക്കോടതി ജില്ലാ കളക്ടർക്കു വിട്ടു.

വസ്തുവിന്റെ ആദ്യഉടമ ചാക്കോ മാത്യു 1977നു ശേഷമാണു വനഭൂമിയിൽ കയേറ്റം നടത്തിയതെന്നു ബോധ്യപ്പെട്ടതായും ഇതിനു ശേഷമുള്ള വനഭൂമിയിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കണമെന്ന സർക്കാരിന്റെ നയപരമായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ തീരുമാനമെന്നും ജില്ലാ കളക്ടറുടെ ഉത്തരവിൽ വ്യക്തമാക്കി.മുൻ മന്ത്രി പി.ജെ.ജോസഫിനോട് അടുത്ത ബന്ധമുള്ള പല നേതാക്കന്മാരുടെയും ബന്ധുക്കൾക്ക് റിസോർട്ടിൽ ഷെയർ ഉണ്ട്.