കോട്ടയം ജില്ലയിൽ വൻ കഞ്ചാവ് വേട്ട; ജില്ലാ പൊലീസിൻ്റെ ലഹരി വിരുദ്ധ സ്ക്വാഡ് വേട്ടയ്ക്കിറങ്ങി പൊക്കിയത് 28 കിലോ കഞ്ചാവ്: ചിങ്ങവനത്തും കാഞ്ഞിരപ്പള്ളിയിലും വൻ വേട്ട
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയില്‍ പൊലീസിന്റെ വന്‍ കഞ്ചാവ് വേട്ട. കാഞ്ഞിരപ്പള്ളിയിലും ചിങ്ങവനത്തുമായി പിടികൂടിയത് 28 കിലോ കഞ്ചാവും നിരവധി ലഹരി വസ്തുക്കളും. വ്യത്യസ്ത സംഭവങ്ങളില്‍ നാല് പ്രതികളെയും ഒരു കാറുമാണ് ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡ് പിടികൂടിയത്.
തെരഞ്ഞെടുപ്പിന് ശേഷം കോട്ടയം ജില്ലയില്‍ ജില്ലാ പൊലീസ് മേധാവി ഡി ശില്പയുടെ നിര്‍ദ്ദേശ പ്രകാരം, നാര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി ബി. അനില്‍ കുമാറിന്റെ നേതൃത്വത്തില്‍ ശക്തമായ പരിശോധന നടത്തിവരുന്നതിനിടയിലാണ് ജില്ലയുടെ കിഴക്കന്‍ മേഘലയായ കാഞ്ഞിരപ്പള്ളി, മുണ്ടക്കയം ഭാഗങ്ങളിലും ചിങ്ങവനം, ചങ്ങനാശ്ശേരി ഭാഗങ്ങളിലും കഞ്ചാവ് എത്തുന്നതായി വിവരം ലഭിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടര്‍ന്ന് ആഴ്ചകളായി ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങള്‍ ലഹരിക്കടത്തുമായി ബന്ധപ്പെട്ട ആളുകളുടെ വിവരങ്ങള്‍ ശേഖരിക്കുകയും ഇവരുമായി ഇടപാട് നടത്തുന്നവരെ നിരീക്ഷിക്കുകയും ചെയ്ത് വരികയായിരുന്നു. തുടര്‍ന്ന് സൈബര്‍ സെല്ലിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഇവരുടെ ബന്ധങ്ങള്‍ നിരീക്ഷിച്ച് വരികയായിരുന്നു.
കാഞ്ഞിരപ്പള്ളിയിലും ചിങ്ങവനം ഭാഗത്തും ലഹരി വസ്തുക്കള്‍ വിതരണം ചെയ്യുന്നവരെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതിനെത്തുടര്‍ന്ന് സ്‌ക്വാഡ് അംഗങ്ങള്‍ പരിശോധന നടത്തിയപ്പോളാണ് കാഞ്ഞിരപ്പള്ളി ഭാഗത്ത് കഞ്ചാവ് വില്‍പ്പന നടത്തുന്ന തൃക്കൊടിത്താനം പുളിക്കോട്ടുപാടി തുണ്ടിയില്‍ വീട്ടില്‍
ജെബി ജെയിംസ്(30), നെടുമുടി കല്ലൂപ്പറമ്പില്‍ വീട്ടില്‍ വിനോദ് ഔസേപ്പ്(28) എന്നിവരെ ഇരുപത് കിലോ കഞ്ചാവുമായി പൊലീസ് പിടികൂടുന്നത്. പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ കുരുമുളക് സ്പ്രേ എടുക്കാന്‍ ശ്രമിച്ചെങ്കിലും പൊലീസ് രണ്ട് പേരെയും സാഹസികമായി കീഴ്‌പ്പെടുത്തുകയായിരുന്നു.
ഇവരുടെ പക്കല്‍ നിന്നും 20 കിലോ കഞ്ചാവ്, 200 മില്ലി ഹാഷിഷ് ഓയില്‍, ആംപ്ല്യൂളുകള്‍, നിരോധിത ഗുളികകള്‍, ഇഞ്ചക്ഷന്‍ എടുക്കാനുള്ള സിറിഞ്ചുകള്‍ തുടങ്ങിയവ കണ്ടെടുത്തു.
ചങ്ങനാശ്ശേരി, ചിങ്ങവനം ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് ലഹരി ഇടപാട് നടത്തി വന്ന പായിപ്പാട് പള്ളിക്കച്ചിറ പ്ലാപ്പള്ളി വീട്ടില്‍ അനീഷ് പി മാത്യു(31), പായിപ്പാട് കൊഞ്ചുപറമ്പില്‍ വീട്ടില്‍ റിയാസ് മോന്‍(32)എന്നിവരെയാണ് ചിങ്ങവനം തുരുത്തി ഭാഗത്ത് നിന്നും 8 കിലോ കഞ്ചാവും ഒരു കാറുമായി ലഹരി വിരുദ്ധ സ്‌ക്വാഡ് പിടികൂടിയത്.
ജില്ലാ പൊലീസ് മേധാവി ഡി ശില്പക്ക് ലഭിച്ച രഹസ്യ വിവരങ്ങളെ തുടര്‍ന്ന് ഡിവൈഎസ്പിമാരായ ബി. അനില്‍ കുമാര്‍, വി. ജെ ജോഫി, എന്‍. സി രാജ്‌മോഹന്‍ എന്നിവരുടെ നിര്‍ദ്ദേശ പ്രകാരം കാഞ്ഞിരപ്പള്ളി എസ് എച്ച് ഒ എന്‍. വിജു. എസ് ഐ എല്‍ദോ പോള്‍, മുണ്ടക്കയം എസ് എച്ച് ഒ സാഗര്‍, ചിങ്ങവനം എസ് എച്ച് ഒ. കെ. കണ്ണന്‍, എസ് ഐ അനീഷ്, ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളായ എസ് ഐ ടി. ശ്രീജിത്ത്, ബിജോയ്, സീനിയര്‍ സിവില്‍ പൊലീസ് അംഗങ്ങളായ പ്രതീഷ് രാജ്, ശ്രീജിത്ത് പി നായര്‍, അജയകുമാര്‍ കെ ആര്‍, അനീഷ് വി കെ, തോംസണ്‍ കെ മാത്യു, അരുണ്‍ എസ്, ഷമീര്‍ സമദ്, ഷിബു പി എം, സൈബര്‍ സെല്‍ ഉദ്യോഗസ്ഥരായ ശ്യാം എസ് നായര്‍, ജോബിന്‍സ്, അഭിലാഷ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.
പിടികൂടിയ ലഹരി വസ്തുക്കള്‍ക്ക് 50 ലക്ഷം രൂപ വിലവരുമെന്ന് പൊലീസ് അറിയിച്ചു. വരും ദിവസങ്ങളില്‍ ശക്തമായ പരിശോധന നടത്തുമെന്ന് നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി ബി അനില്‍കുമാര്‍ അറിയിച്ചു.