ധീരജ് വധക്കേസ് പ്രതികൾ കെഎസ്‌യു ഭാരവാഹികൾ..! കേസിലെ നാലാം പ്രതി കെഎസ്‌യു ഇടുക്കി ജില്ലാ പ്രസിഡന്റ് ; അഞ്ചാം പ്രതി സംസ്ഥാന ജനറൽ സെക്രട്ടറി..!
സ്വന്തം ലേഖകൻ
തിരുവനന്തപുരം:എസ്എഫ്ഐ പ്രവർത്തകൻ ധീരജിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കെഎസ്‌യു ഭാരവാഹികളായി നിയമിച്ചു. കേസിൽ നാലാം പ്രതിയായ നിധിൻ ലൂക്കോസാണ് കെഎസ്‌യു ഇടുക്കി ജില്ലാ പ്രസിഡന്റായി നിയമിക്കപ്പെട്ടത്. ഇതോടൊപ്പം ധീരജ് വധക്കേസിലെ അഞ്ചാം പ്രതി ജിതിൻ ഉപ്പുമാക്കലിനെ സംസ്ഥാന ജനറൽ സെക്രട്ടറിമാരിൽ ഒരാളായും കെഎസ്‌യു നിയമിച്ചു.
സംസ്ഥാന കമ്മിറ്റി പുനസംഘടിപ്പിച്ചപ്പോൾ സംസ്ഥാനത്തെ 14 ജില്ലാ പ്രസിഡന്റുമാരും മാറി.
കെഎസ്‌യു സംസ്ഥാന കമ്മിറ്റി ഇന്നാണ് പുനസംഘടിപ്പിച്ചത്. നാല് വൈസ് പ്രസിഡന്റുമാരും 30 ജനറൽ സെക്രട്ടറിമാരുമാണ് പുതിയ കമ്മിറ്റിയിലുള്ളത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ 30 ജനറൽ സെക്രട്ടറിമാരിൽ ഒരാളാണ് ജിതിൻ ഉപ്പുമാക്കൽ. 43 പേരടങ്ങിയ പുതിയ സംസ്ഥാന നിർവാഹ സമിതിയെയും കെഎസ്‌യു തെരഞ്ഞെടു്തു. 21 കൺവീനർമാർക്ക് പ്രധാന സർവകലാശാലകളുടെയും കോളേജുകളുടെയും ചുമതല നൽകി. മുഴുവൻ ഗ്രൂപ്പുകൾക്കും പ്രാതിനിധ്യം ഉറപ്പിച്ചു കൊണ്ടാണ് കമ്മിറ്റി നിലവിൽ വന്നത്.
അലോഷ്യസ് സേവ്യറിനെ സംസ്ഥാന പ്രസിഡന്റായും ആൻ സെബാസ്റ്റ്യൻ, മുഹമ്മദ് ഷമ്മാസ് എന്നിവരെ വൈസ് പ്രസിഡന്റുമാരായും നിയമിച്ചിരുന്നു. ആൻ, ഷമ്മാസ് എന്നിവരെ പുതിയ പട്ടികയിൽ സംസ്ഥാനത്തെ കെഎസ്‌യുവിന്റെ സീനിയർ വൈസ് പ്രസിഡന്റുമാരായി പുനർനാമകരണം ചെയ്തിട്ടുണ്ട്.