
സ്വന്തം ലേഖകൻ
തൃശൂർ: ദേശിയ പാതയിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് തടഞ്ഞു നിർത്തി ജീവനക്കാരെ മർദിച്ച സംഭവത്തിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. ബൈക്ക് യാത്രികരായ ആമ്പല്ലൂർ ചുങ്കം തയ്യിൽ അശ്വിൻ(23) പുതുക്കാട് തേർമഠം ലിംസൺ സിൻജു(24) എന്നിവരാണ് അറസ്റ്റിലായത്. ബൈക്കിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ചായിരുന്നു അതിക്രമം.
ഇന്നലെ പുലർച്ചെ രണ്ടിന് കുറുമാലിയിലാണ് സംഭവമുണ്ടായത്. തിരുവനന്തപുരത്തുനിന്ന് കൽപ്പറ്റയിലേക്ക് പോവുകയായിരുന്നു ബസ്. കുറച്ചു നേരം ബസ്സിന് മുന്നിൽ തടസമായി ബൈക്ക് ഓടിച്ചു. പിന്നീട് ബസ്സിന് കുറുകെ ബൈക്ക് നിർത്തി ജീവനക്കാരുമായി തർക്കമായി. ഇതിനിടെയാണ് യുവാക്കൾ കണ്ടക്ടറേയും ഡ്രൈവറേയും മർദിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതോടെ ബസ്സിലെ യാത്രക്കാർ ഇടപെടുകയായിരുന്നു. യുവാക്കളുടെ ബൈക്കിന്റെ താക്കോൽ ഊരി കൈവശം വച്ചു. ആളുകൾ കൂടിയതോടെ പ്രതികൾ ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവസ്ഥലത്ത് എത്തിയ പൊലീസിന് താക്കോൽ കൈമാറി. കുറുമാലി ക്ഷേത്രത്തിനു സമീപത്തു നിന്ന് പൊലീസ് പ്രതികളെ പിടികൂടുകയായിരുന്നു.