
ഡോറിൽ കെട്ടിയ കയറിൽ കുടുങ്ങി ബസിൽ നിന്ന് വിദ്യാർത്ഥി വീണ സംഭവം ; ജാമ്യത്തിലിറങ്ങിയ ഡ്രൈവർ സ്റ്റാൻഡിൽ കിടന്ന മുഴുവൻ ബസുകളുടെയും കയർ അറുത്ത് മാറ്റി കലിപ്പ് തീർത്തു
സ്വന്തം ലേഖകൻ
കൊല്ലം: ഡോറിൽ കെട്ടിയ കയറിൽ കുടുങ്ങി വിദ്യാർത്ഥി വീണു പരിക്കേറ്റ സംഭവത്തിൽ ജാമ്യത്തിലിറങ്ങിയ ഡ്രൈവർ എല്ലാ ബസുകളുടെയും ഡോറുമായി ബന്ധിച്ചിരുന്ന കയർ അറുത്തുമാറ്റി. പത്തനാപുരം ഡിപ്പോയിലെ ഡ്രൈവർ അനിൽകുമാറാണ് ബസുകളുടെ രണ്ടുവാതിലുകളുടെയും കയർ കത്തികൊണ്ട് അറുത്തുമാറ്റിയത്.
ഇതോടെ രാവിലെ സർവീസ് നടത്താനെത്തിയ കണ്ടക്ടർമാർക്കാണ് പണികിട്ടിയത്. പുറത്തിറങ്ങി രണ്ടുവാതിലുകളും അടയ്‌ക്കേണ്ട അവസ്ഥയായി. പിന്നീട് വാതിലുകളിൽ പുതിയ കയർ ബന്ധിച്ച് സർവീസ് തുടരുകയായിരുന്നു. തടയാൻ ശ്രമിച്ച സ്റ്റേഷൻ മാസ്റ്ററെ കത്തികൊണ്ട് ആക്രമിക്കാൻ ശ്രമിച്ചതിനും അതിക്രമം കാട്ടിയതിനും ഡ്രൈവറുടെ പേരിൽ അധികൃതർ പോലീസിൽ പരാതിയും നൽകി. കഴിഞ്ഞദിവസം ഇയാൾ ഓടിച്ചിരുന്ന ബസിൽനിന്നുവീണ് പൂങ്കുളഞ്ഞി സ്വദേശിയായ പ്ലസ് വൺ വിദ്യാർഥിനിക്ക് പരിക്കേറ്റിരുന്നു. ഇറങ്ങുമ്പോൾ വാതിലിൽ ബന്ധിച്ചിരുന്ന കയർ കുട്ടിയുടെ കഴുത്തിൽ കുരുങ്ങി നിലതെറ്റി റോഡിലേക്ക് വീഴുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ സംഭവമറിയാതെ ബസ് വിട്ടു. ഡ്രൈവറുടെ പേരിൽ പോലീസ് കേസെടുക്കുകയുംചെയ്തു. ഈ കേസിൽ ജാമ്യംതേടി കോടതിയിൽനിന്ന് തിരികെയെത്തിയതിന് ശേഷമായിരുന്നു ഡ്രൈവറുടെ ഈ പ്രകടനം.