കെഎസ്ആർടിസി 15 അന്തർസംസ്ഥാന സർവീസുകൾകൂടി തുടങ്ങുന്നു
സ്വന്തംലേഖകൻ
തിരുവനന്തപുരം: കെഎസ്ആർടിസി പുതിയ 15 അന്തർസംസ്ഥാന സർവീസുകൾ കൂടി ആരംഭിക്കുന്നു. കോട്ടയം, എറണാകുളം, ചേർത്തല, കണ്ണൂർ, മാനന്തവാടി, സുൽത്താൻ ബത്തേരി, നിലമ്പൂർ എന്നിവിടങ്ങളിൽ നിന്ന് തമിഴ്നാട്ടിലെ ഊട്ടി, വേളാങ്കണ്ണി, കോയമ്പത്തൂർ, പളനി, ഗൂഡല്ലൂർ എന്നിവിടങ്ങളിലേക്കാണ് പുതിയ സർവീസുകൾ.
കേരള-തമിഴ്നാട് അന്തർസംസ്ഥാന ബസ് സർവീസിന്റെ പുതിയ കരാർ പ്രകാരം 49 റൂട്ടുകളിലായി 89 പുതിയ സർവീസുകൾ ആരംഭിക്കുന്നതിനാണ് കെഎസ്ആർടിസി മാനേജ്മെന്റ് തയാറെടുക്കുന്നത്.
എറണാകുളം-ചെന്നൈ, അർത്തുങ്കൽ-വേളാങ്കണ്ണി, ഇടുക്കി-കമ്പംമേട്, കോട്ടയം-മധുര, തിരുവനന്തപുരം-ഊട്ടി, തിരുവനന്തപുരം-കുളച്ചൽ, തിരുവനന്തപുരം-തേങ്ങാപ്പട്ടണം തുടങ്ങിയ റൂട്ടുകളിൽ അടുത്ത ഘട്ടത്തിൽ സർവീസ് ആരംഭിക്കും. തമിഴ്നാട് ബസുകൾക്ക് 30 റൂട്ടുകളിലായി 54 സർവീസുകളാണ് കേരളത്തിൽ ലഭിച്ചിരിക്കുന്നത്.
അതേസമയം തമിഴ്നാടുമായി ഉണ്ടാക്കിയ കരാർ പ്രകാരമുള്ള സർവീസ് നഷ്ടമാണെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. നേരത്തെയുള്ള കരാറിൽ നിന്നു റൂട്ടുകളിലും കിലോമീറ്ററിലും കുറവ് വരുത്തിയാണ് പുതിയ കരാറെന്നാണ് ആക്ഷേപം.