play-sharp-fill
യാത്രക്കാർ അന്നദാതാവ് ; ഡ്രൈവർമാർ മദ്യപിച്ച്‌ വണ്ടിയോടിക്കുന്നത് തടയാൻ  ബ്രീത്ത് അനലൈസർ ടെസ്റ്റ് നിർബന്ധം ; രാത്രി 10 മുതല്‍ രാവിലെ ആറു വരെ ആവശ്യപ്പെടുന്ന സ്ഥലത്ത് ആളുകളെ ഇറക്കാനും നിർദ്ദേശം ; പരിഷ്‌കാരങ്ങളടങ്ങിയ നിർണായക ഉത്തരവ് പുറത്തിറക്കി ഗതാഗത വകുപ്പ് ; പ്രധാന നിർദ്ദേശങ്ങള്‍ ഇപ്രകാരം

യാത്രക്കാർ അന്നദാതാവ് ; ഡ്രൈവർമാർ മദ്യപിച്ച്‌ വണ്ടിയോടിക്കുന്നത് തടയാൻ  ബ്രീത്ത് അനലൈസർ ടെസ്റ്റ് നിർബന്ധം ; രാത്രി 10 മുതല്‍ രാവിലെ ആറു വരെ ആവശ്യപ്പെടുന്ന സ്ഥലത്ത് ആളുകളെ ഇറക്കാനും നിർദ്ദേശം ; പരിഷ്‌കാരങ്ങളടങ്ങിയ നിർണായക ഉത്തരവ് പുറത്തിറക്കി ഗതാഗത വകുപ്പ് ; പ്രധാന നിർദ്ദേശങ്ങള്‍ ഇപ്രകാരം

സ്വന്തം ലേഖകൻ 

തിരുവനന്തപുരം: കെഎസ്‌ആർടിസിയെ പുതുക്കി, രക്ഷപ്പെടുത്തിയെടുക്കുമെന്ന ഗതാഗതമന്ത്രിയുടെ ഉറപ്പിന് പിന്നാലെ പരിഷ്‌കാരങ്ങളടങ്ങിയ നിർണായക ഉത്തരവ് പുറത്തിറക്കി ഗതാഗത വകുപ്പ്.

യാത്രക്കാർക്ക് ഗുണകരമാകുന്ന കാര്യങ്ങളാണ് ഇതിലേറെയും ഉള്‍പ്പെടുത്തിയിട്ടുള്ളത്. യാത്രക്കാർ കൈകാണിച്ചാല്‍ സീറ്റുണ്ടെങ്കില്‍ ഏതു സ്ഥലത്തും ബസ് നിർത്താനുള്ള നിർദ്ദേശമടക്കം ഉത്തരവിലുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മിന്നല്‍ സർവീസുകള്‍ ഒഴികെയുള്ള ബസുകള്‍ക്കാണ് ഈ നിർദ്ദേശം ബാധകം. രാത്രി 10 മുതല്‍ രാവിലെ ആറു വരെ ആവശ്യപ്പെടുന്ന സ്ഥലത്ത് ആളുകളെ ഇറക്കാനും നിർദ്ദേശമുണ്ട്. ഭക്ഷണത്തിനായി ബസ് നിർത്തുന്നത് വൃത്തിയുള്ള ശുചിമുറികള്‍ ഉള്ള ഹോട്ടലുകളായിരിക്കണമെന്നതാണ് മറ്റൊരു നിർദ്ദേശം. സ്ത്രീകള്‍ക്കും പുരുഷന്മാർക്കും പ്രത്യേക ശുചിമുറികള്‍ ഉണ്ടെന്നും ഉറപ്പാക്കണം.

ഡ്രൈവർമാർ മദ്യപിച്ച്‌ വണ്ടിയോടിക്കുന്നത് തടയാണ് ബ്രീത്ത് അനലൈസർ ടെസ്റ്റ് നിർബന്ധമാക്കുന്നതാണ് ശ്രദ്ധേയമായ ഒരു തീരുമാനം. ജോലിക്ക് കയറുന്നതിന് മുമ്ബ് ഡ്രൈവർമാർ ബ്രീത്ത് അനലൈസർ ടെസ്റ്റ് നടത്തിയിരിക്കണം. മദ്യപിച്ച്‌ ജോലിക്കെത്തുന്നു എന്ന് പല കെഎസ്‌ആർടിസി ഡ്രൈവർമാർക്കെതിരെയും പരാതി ഉയർന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.

ബസില്‍ സീറ്റുണ്ടെങ്കില്‍ യാത്രക്കാർ കൈ കാണിച്ചാല്‍ നിർത്തണം, രാത്രിയാണെങ്കില്‍ 10 മണി മുതല്‍ പുലർച്ചെ ആറ് വരെയുള്ള സമയങ്ങളില്‍ യാത്രക്കാർ പറയുന്നിടത്ത് ബസ് നിർത്തണം, നിർത്തുന്ന സ്ഥലം യാത്രക്കാർക്ക് കാണുന്ന രീതിയില്‍ എഴുതി പ്രദർശിപ്പിക്കണമെന്നും ഉത്തരവ്. മിന്നല്‍ സർവീസുകള്‍ക്ക് ഒഴികെ ഈ നിർദ്ദേശങ്ങള്‍ ബാധകമായിരിക്കും.

സ്ത്രീ സുരക്ഷ കണക്കിലെടുത്ത് രാത്രി 8 മണി മുതല്‍ രാവിലെ ആറ് വരെ മിന്നലൊഴികെയുള്ള എല്ലാ ബസുകളും സ്ത്രീകളാവശ്യപ്പെടുന്ന സ്ഥലങ്ങളില്‍ നിർത്തണം. ബസില്‍ കയറാനും ഇറങ്ങാനും ബുദ്ധിമുട്ടുള്ളവർ, ഭിന്നശേഷിക്കാർ, വയോജനങ്ങള്‍, കുട്ടികള്‍ എന്നിവരെ ബസില്‍ കയറാനും ഇറങ്ങാനും സഹായിക്കണം, യാത്രക്കാരുടെ പരാതികളില്‍ കൃത്യമായ ഇടപെടലുകളുണ്ടാകണം, നിരത്തിലെ മറ്റ് വാഹനങ്ങള്‍, ആളുകള്‍ എന്നിവരുടെ സുരക്ഷ കണക്കിലെടുത്ത് ബസ് ഓടിക്കണം, വൃത്തിയുള്ള ശുചിമുറികളുള്ള ഹോട്ടലുകളില്‍ മാത്രമേ ബസ് നിർത്താൻ പാടുള്ളൂ, സ്ത്രീകള്‍ക്കും പുരുഷന്മാർക്കും പ്രത്യേക ടോയ്‌ലറ്റ് ഉണ്ടെന്ന് ഉറപ്പിക്കണം, യാത്രക്കാർ അന്നദാതാവാണെന്നും ഉത്തരവ്. യാത്രക്കാർക്ക് ഏറെ ഗുണകരമാകുന്ന തരത്തിലുള്ള തീരുമാനങ്ങളാണ് ഓരോന്നും. എന്നാല്‍ എത്രമാത്രം കൃത്യമായി ഇത് പാലിക്കപ്പെടുമെന്ന് കണ്ടുതന്നെ അറിയണം.

പ്രധാന നിർദ്ദേശങ്ങള്‍ ഇങ്ങനെ:

കോർപറേഷന്റെ കടുത്ത സാമ്ബത്തിക ബുദ്ധിമുട്ടില്‍ യാത്രക്കാരില്‍ നിന്നും ലഭിക്കുന്ന ടിക്കറ്റ് വരുമാനമാണ് ഏറ്റവും പ്രധാന വരുമാന സ്രോതസ് എന്നതിനാല്‍ ഓരോ ചെറിയ തുകയും വളരെ പ്രധാനപ്പെട്ടതാണ്. വഴിയില്‍ നിന്നും കൈകാണിക്കുന്ന യാത്രക്കാരൻ അന്നദാതാവാണ് എന്ന പരിഗണന നല്‍കണം. കെഎസ്‌ആർടിസി ബസ് സ്റ്റേഷനില്‍ നിന്നും ബസുകള്‍ എടുക്കുമ്ബോഴും ബസ് സ്റ്റേഷനില്‍ നിന്നും പുറത്തേയ്ക്ക് ഇറങ്ങുമ്ബോഴും സ്റ്റോപ്പുകളില്‍ നിന്നും ബസെടുക്കുമ്ബോഴും ബസില്‍ കയറുവാൻ കൈ കാണിക്കുന്ന എല്ലാ യാത്രക്കാരേയും നിർബന്ധമായും കയറ്റിയിരിക്കണം. കെഎസ്‌ആർടിസി-കെഎസ്‌ആർടസി സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ് വരെയുള്ള എല്ലാ സർവീസുകളിലും സീറ്റ് ലഭ്യതയുണ്ടെങ്കില്‍ യാത്രാമധ്യേ യാത്രക്കാർ കൈ കാണിക്കുന്ന ഏതു സ്ഥലത്തും ഏതു സമയത്തും അപകടരഹിതമായും ട്രാഫിക് നിയമങ്ങള്‍ പാലിച്ചും ബസ് നിർത്തി യാത്രക്കാരെ കയറ്റിക്കൊണ്ടുപോകേണ്ടതാണ്.

രാത്രി സമയങ്ങളില്‍ യാത്ര ചെയ്യുന്ന യാത്രക്കാരുടെ സുരക്ഷയും സൗകര്യവും മുൻനിർത്തി രാത്രി 10 മുതല്‍ രാവിലെ 6 വരെ സൂപ്പർഫാസ്റ്റ് വരെയുള്ള സർവീസുകള്‍ പ്രസ്തുത സർവീസിന്റെ സ്റ്റോപ്പ് പരിഗണിക്കാതെ ദീർഘദൂര യാത്രക്കാരെ അവർ ആവശ്യപ്പെടുന്ന സ്ഥലത്തെ ബസ് സ്റ്റോപ്പുകളില്‍ നിർത്തി സുരക്ഷിതമായി ഇറക്കേണ്ടതാണ്.

കൂടാതെ രാത്രി 8 മണി മുതല്‍ രാവിലെ 6 മണി വരെ സ്ത്രീകളുടെ സുരക്ഷയും സൗകര്യവും കണക്കിലെടുത്ത് മിന്നല്‍ ഒഴികെയുള്ള എല്ലാത്തരം ബസുകളും സ്ത്രീകള്‍ ആവശ്യപ്പെടുന്ന സ്ഥലങ്ങളില്‍ ബസ് സ്റ്റോപ്പുകളില്‍ സുരക്ഷിതമായി നിർത്തി ഇറക്കേണ്ടതാണ്.

ബസില്‍ കയറുവാനും ഇറങ്ങുവാനും ബുദ്ധിമുട്ടുന്നവർ, വയോജനങ്ങള്‍, ഭിന്നശേഷിക്കാർ, കുട്ടികള്‍ എന്നിവരെ ബസില്‍ കയറുവാനും ഇറങ്ങുവാനും കണ്ടക്ടർമാർ സഹായിക്കേണ്ടതാണ്.

വൃത്തിയും ശുചിത്വവും ഉള്ളതും സ്ത്രീകള്‍ക്കും പുരുഷന്മാർക്കും പ്രത്യേക ടോയ്ലെറ്റുകളും ലഭ്യമായതുമായ ഹോട്ടലുകളില്‍ മാത്രമേ ബസുകള്‍ നിർത്തുവാൻ പാടുള്ളൂ. ഇത്തരത്തില്‍ നിർത്തുന്ന സ്ഥലം, സമയം എന്നിവ അടങ്ങിയ ഷെഡ്യൂള്‍ യാത്രക്കാർ കാണുന്ന വിധം പ്രദർശിപ്പിക്കേണ്ടതാണ്.

6. ടിക്കറ്റ് പരിശോധനാവേളയില്‍ കണ്ടക്ടർമാരുടെ ഭാഗത്ുനിന്നും ഉണ്ടാകുന്ന ഗുരുതരമായ വീഴ്ചകള്‍ (ഉദാഹരണം: യാത്രക്കാർക്ക് ടിക്കറ്റ് നല്‍കാതിരിക്കുക, തുക വാങ്ങിയ ശേഷം ടിക്കറ്റ് നല്‍കാതിരിക്കുക, മോശമായ പെരുമാറ്റം തുടങ്ങിയവ) ശ്രദ്ധയില്‍പ്പെട്ടാല്‍ പ്രസ്തുത ജീവനക്കാരനെതിരെ കർശനനടപടി സ്വീകരിക്കുന്നതാണ്.

ഡ്യൂട്ടിക്ക് എത്തുന്ന മുഴുവൻ ഡ്രൈവർമാരേയും വനിതകള്‍ ഒഴികെയുള്ള കണ്ടക്ടർമാരേയും ബ്രീത്ത് അനലൈസർ ഉപയോഗിച്ച്‌ മദ്യപിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തി മാത്രമേ ഡ്യൂട്ടിക്ക് നിയോഗിക്കുവാൻ പാടുള്ളൂ. ഡ്യൂട്ടിക്ക് എത്തുന്ന ജീവനക്കാർ സ്റ്റേഷൻ മാസ്റ്റർ ഓിസില്‍ റിപ്പോർട്ട് ചെയ്ത് പരിശോധനയ്ക്ക് വിധേയമാകേണ്ടതും ഇരു ജീവനക്കാരുടേയും ബ്രീത്ത് അനലൈസർ റീഡിങ് വേബില്ലില്‍ രേഖപ്പെടുത്തേണ്ടതുമാണ്. ഇത് ഡ്യൂട്ടിയിലുള്ള ഷെഡ്യൂള്‍ ഇൻസ്പെക്ടർമാർ/സ്റ്റേഷൻ മാസ്റ്റർമാർ പരിശോധിച്ച്‌ ഉറപ്പു വരുത്തേണ്ടതാണ്.

ഒരേ റൂട്ടിലേയ്ക്ക് ഒന്നിനു പുറകെ ഒന്നായി കോണ്‍വോയ് അടിസ്ഥാനത്തില്‍ ബസുകള്‍ സർവീസ് നടത്തുന്ന പ്രവണത ഒഴിവാക്കേണ്ടതാണ്. ഇത്തരം സാഹചര്യം തുടർച്ചയായി ഉണ്ടായാല്‍ ജീവനക്കാർ വിവരം ബന്ധപ്പെട്ട മേലുദ്യോഗസ്ഥരെ അറിയിക്കേണ്ടതാണ്. റോഡില്‍ പരമാവധി ഇടതുവശം ചേർത്തുതന്നെ ബസ് ഒതുക്കി നിർത്തുന്നതിനും റോഡിന്റെ ഇരുവശങ്ങളിലും സമാന്തരമായി തടസം സൃഷ്ടിക്കാതിരിക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്.

ബസ് ഓടിക്കുമ്ബോള്‍ നിരത്തില്‍ ഒപ്പമുള്ള ചെറുവാഹനങ്ങളേയും കാല്‍നട യാത്രക്കാരേയും കരുതലോടെ കാണേണ്ടതും ഓരോ ജീവനും വിലപ്പെട്ടതാണെന്നുള്ള ചിന്ത ഓരോ നിമിഷവും നാം ഓരോരുത്തർക്കും ഉണ്ടാകേണ്ടതുമാണ്. അപകടത്തിന് ഉത്തരവാദിത്വം ഇല്ല എന്നതിനേക്കാള്‍ അപകടം ഒഴിവാക്കുവാൻ വേണ്ട മുൻകരുതല്‍ എടുക്കുന്നതിനാണ് പ്രാധാന്യം നല്‍കേണ്ടത്.

ഓരോ ജീവനക്കാരും യാത്രക്കാരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്ന പരാതികളില്‍ / ബുദ്ധിമുട്ടുകളില്‍ കൃത്യമായ ഇടപെടലുകള്‍ നടത്തേണ്ടതും പരിഹരിക്കാൻ നിയമാനുസൃതമായി സാധ്യമാകുന്ന നടപടികള്‍ അടിയന്തിരമായി സ്വീകരിക്കേണ്ടതുമാണ്. ഇതുമായി ബന്ധപ്പെട്ട് ജീവനക്കാർക്ക് തുടർന്ന് എല്ലാ സംരക്ഷണവും കോർപറേഷൻ ഒരുക്കുന്നതാണ്.