വീട്ടിലിരുന്ന് കൂടുതൽ പണം സമ്പാദിക്കാം ; ജോലിയല്ല പണി കിട്ടും ; ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം വിവരം 1930 ൽ അറിയിക്കുക ; മുന്നറിയിപ്പുമായി കേരള പൊലീസ്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: വ്യാജ ജോലി വാഗ്ദാനങ്ങളിൽ കുടുങ്ങി പണം നഷ്ടപ്പെടുത്തരുതെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. വീട്ടിലിരുന്നു കൂടുതൽ പണം സമ്പാദിക്കാം എന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ വരുന്ന പരസ്യങ്ങൾ മിക്കതും വ്യാജമായിരിക്കുമെന്നും ഇത്തരം ജോലി വാഗ്ദാനങ്ങളോടു ശ്രദ്ധാപൂർവം പ്രതികരിക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നൽകുന്നു. തട്ടിപ്പിനിരയായെന്നു മനസിലായാൽ ഒരു മണിക്കൂറിനുള്ളിൽ തന്നെ 1930 എന്ന നമ്പറിൽ അറിയിക്കണമെന്നും പൊലീസ് വ്യക്തമാക്കി.
പൊലീസിന്റെ കുറിപ്പ്
Whatsapp Group 1 | Whatsapp Group 2 |Telegram Group
വീട്ടിലിരുന്ന് കൂടുതൽ പണം സമ്പാദിക്കാം എന്ന പരസ്യങ്ങൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വളരെയേറെ കാണാം. ഇത് മിക്കപ്പോഴും വ്യാജമായിരിക്കും. ഇത്തരം വ്യാജ ജോലിവാഗ്ദാനങ്ങളോട് ശ്രദ്ധാപൂർവം പ്രതികരിക്കുക.
മൊബൈൽ ഫോണിലേയ്ക്ക് സന്ദേശങ്ങൾ അയച്ചാണ് തട്ടിപ്പിന്റെ തുടക്കം. തുടക്കത്തിൽ ചെറിയ ടാസ്ക് നൽകിയത് പൂർത്തീകരിച്ചാൽ പണം നൽകുമെന്നു പറയുകയും അതനുസരിച്ച് പണം നൽകുകയും ചെയ്യുന്നു. പറഞ്ഞ പണം സമയം കിട്ടിയതിൽ ആകൃഷ്ടനായ ഇര കൂടുതൽ പണം മുടക്കാൻ തയ്യാറാകുന്നു. ഇര വലയിൽ വീണെന്ന് മനസ്സിലാക്കുന്ന തട്ടിപ്പുകാർ, ടാസ്കിൽ തുടർന്ന് പങ്കെടുക്കാൻ കൂടുതൽ പണം ചോദിക്കുന്നു. ടാസ്ക് പൂർത്തീകരിച്ചാലും പണം തിരികെ നൽകാതിരിക്കുന്നതാണ് തട്ടിപ്പിന്റെ രീതി. ഈ സമയത്തിനുള്ളിൽ വലിയൊരു തുക തട്ടിപ്പുകാർ കൈക്കലാക്കിയിരിക്കും.
ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം (GOLDEN HOUR) തന്നെ വിവരം 1930 ൽ അറിയിക്കുക. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www.cybercrimegov.in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്.