
ചാലക്കുടി: കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിൽ രാത്രി യാത്ര ചെയ്ത പെൺകുട്ടികളെ ആവശ്യപ്പെട്ട സ്ഥലത്ത് ഇറക്കാതിരുന്നതായി പരാതി.
തിരുവനന്തപുരത്തുനിന്ന് തൃശൂരിലേക്ക് പോകുകയായിരുന്ന ബസിൽ അങ്കമാലിയിൽ നിന്ന് കയറിയ പൊങ്ങം നൈപുണ്യ കോളജിലെ വിദ്യാർഥിനികൾക്കാണ് ദുരനുഭവമുണ്ടായത്. കൊരട്ടിക്ക് അടുത്ത് പൊങ്ങത്ത് ബസ് നിർത്താൻ കുട്ടികൾ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവറും കണ്ടക്ടറും തയ്യാറായില്ലെന്നാണ് പരാതി.
ഇടുക്കി സ്വദേശി ഐശ്വര്യ എസ്.നായർ, പത്തനംതിട്ട സ്വദേശി ആൽഫ പി.ജോർജ് എന്നിവർ പഠനാവശ്യത്തിനായി എറണാകുളത്ത് പോയി മടങ്ങുമ്പോഴാണ് ബസിൽ കയറിയത്.
രാത്രി ഒമ്പതരയോടെ ബസ് പൊങ്ങത്തെത്തിയപ്പോൾ ഇവിടെ ഇറങ്ങണമെന്ന് കുട്ടികൾ ആവശ്യപ്പെട്ടു. എന്നാൽ ഡ്രൈവറും കണ്ടക്ടറും അതിന് തയ്യാറാകാതിരുന്നതോടെ കുട്ടികൾ കരച്ചിലായി.
കുട്ടികൾക്ക് ബസ് നിർത്തി നൽകണമെന്ന് സഹയാത്രികരും ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ല.
വിദ്യാർഥിനികളായതിനാൽ മാനുഷിക പരിഗണന കാണിക്കണമെന്നും പൊങ്ങത്തു ബസ് നിർത്തി നൽകണമെന്നും സഹയാത്രികർ ബസ് കണ്ടക്ടറോടും ഡ്രൈവറോടും ആവശ്യപ്പെട്ടെങ്കിലും ഇവർ കൂട്ടാക്കിയില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതോടെ യാത്രക്കാർ കൊരട്ടി പൊലീസിൽ വിവരം അറിയിച്ചു. ഇതിനിടെ മുരിങ്ങൂർ എത്തിയപ്പോൾ ബസ് നിർത്തി നൽകാമെന്നു കണ്ടക്ടർ അറിയിച്ചെങ്കിലും അവിടെ ഇറങ്ങിയാൽ തിരികെപ്പോകാൻ വഴി അറിയില്ലെന്ന് കുട്ടികൾ പറഞ്ഞു. തുടർന്ന് ഇവരെ ചാലക്കുടി കെഎസ്‌ആർടിസി ബസ് സ്‌റ്റാൻഡിലാണ് ഇറക്കിയത്. രാത്രി യാത്രക്കാരായ വിദ്യാർഥിനികളോടു മാനുഷിക പരിഗണന കാണിക്കാത്തതിൽ യാത്രക്കാർ പ്രതിഷേധിച്ചു.



