play-sharp-fill
കെ.എസ്.ആർ.ടി.സിയിലെ കക്കൂസ് ടാങ്ക് പൊട്ടി; മലിനജലവും മാലിന്യവും റോഡിലേയ്ക്ക്

കെ.എസ്.ആർ.ടി.സിയിലെ കക്കൂസ് ടാങ്ക് പൊട്ടി; മലിനജലവും മാലിന്യവും റോഡിലേയ്ക്ക്

സ്വന്തം ലേഖകൻ

കോട്ടയം: നഗരത്തിലെ ജനങ്ങളുടെ ആരോഗ്യത്തിൽ കെ.എസ്ആർടിസി അധികൃതർക്ക് എത്രത്തോളം ശ്രദ്ധയുണ്ടെന്നതിൻരെ ഏറ്റവും വലിയ ഉദാഹരണമാണ് ഇപ്പോൾ നഗരത്തിൽ കാണുന്നത്. രണ്ടു മാസത്തിലേറെയായി സ്റ്റാൻഡിൽ നിന്നുള്ള സെപ്റ്റിക് ടാങ്ക് പൊട്ടി മാലിന്യം റോഡിലേയ്ക്കു ഒഴുകുകയാണ്. ഈ മലിനജലം പ്രദേശത്തെ ഓടകളിലൂടെ കൊടൂരാറ്റിലേയ്ക്ക് എത്തുന്നു. ഇത് മതി നാടിനെ മുഴുവൻ രോഗത്തിൽ മുക്കാൻ.


കക്കൂസ് ടാങ്കിലേ മാലിന്യം മഴവെള്ളത്തിൽ കലർന്ന് എം.സി റോഡിൽ നിറഞ്ഞോതോടെ ഇവിടെ അതിരൂക്ഷമായ ദുർഗന്ധമായി. പ്രതിദിനം നൂറുകണക്കിനു യാത്രക്കാർ എത്തിച്ചേരുന്ന ബസ് സ്റ്റാൻഡ് കവാടത്തിൽ തന്നെയാണ് സെപ്റ്റിക് ടാങ്ക് ചോർന്നൊഴുകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group


ബസ് സ്റ്റാൻഡ് കെട്ടിടത്തോളം തന്നെ പഴക്കമുണ്ട് ഇവിടുത്തെ സെപ്റ്റിക് ടാങ്കിനും. രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ജീവനക്കാരുടെ ബാത്ത് റൂമിന്റെ സെപ്റ്റിക് ടാങ്കാണ് സ്റ്റാൻഡിന്റെ മുൻ വശത്തെ കൽക്കെട്ടിന്റെ അടിയിലുള്ളത്. രണ്ടു വർഷത്തിലേറെയായി ഈ സെപ്റ്റിക് ടാങ്ക് ചോർന്നൊലിക്കാൻ തുടങ്ങിയിട്ട്. മഴ പെയ്യുന്നതോടെ അതി രൂക്ഷമായ രീതിയിൽ മാലിന്യങ്ങൾ റോഡിലേയ്ക്ക് ഒഴുകും. മഴവെള്ളത്തിൽ കലർന്നാവും മാലിന്യങ്ങൾ ഒഴുകുന്നത്. രൂക്ഷമായ ദുർഗന്ധമുണ്ടെങ്കിലും പലർക്കും ഈ ഒഴുകുന്നത് സെപ്റ്റിക് ടാങ്കിൽ നിന്നുള്ള വെള്ളമാണെന്നു മനസിലാകുകയുമില്ല.


കനത്ത മഴയിൽ സ്റ്റാൻഡിന്റെ മുൻവശം വെള്ളക്കെട്ടാകുന്നതും പതിവാണ്. ഈ വെള്ളത്തിൽ ഈ മാലിന്യം കലരാറുമുണ്ട്. ഇത്തരത്തിൽ മാലിന്യം കലരുന്നതിനെതിരെ ശക്തമായ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബസ് ജീവനക്കാർ നേരത്തെ കെ.എസ്.ആർ.ടി.സി അധികൃതർക്കു പരാതി നൽകിയിരുന്നു. എന്നാൽ പ്രശ്നത്തിൽ ഇതുവരെയും നടപടിയെടുക്കാൻ അധികൃതർ തയ്യാറായിട്ടില്ല.


സെപ്റ്റിക് ടാങ്കിൽ നിന്നുള്ള മാലിന്യവുമായി കൂടിക്കലർന്ന വെള്ളം ഒഴുകിയെത്തുന്നത് കൊടൂരാറ്റിലാണ്. ഇതു കൂടാതെ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലേത് അടക്കമുള്ള കിണറുകളിലേയ്ക്കും ഈ വെള്ളം ഒഴുകിയെത്തും. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്നമാണ് സാധാരണക്കാർക്ക് സൃഷ്ടിക്കുന്നത്.

കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ പൊതു കക്കൂസിന്റെ സെപ്റ്റിക് ടാങ്കിന്റെയും അവസ്ഥ ഇതു തന്നെയാണ്. ഈ സെപ്റ്റിക്ക് ടാങ്ക് ചോർന്നൊലിച്ച് വെള്ളം മണ്ണിലൂടെ ഊർന്നിറങ്ങി ഒഴുകുന്നത് തീയറ്റർ റോഡിലേയ്ക്കാണ്. ഇവിടെ അതി രൂക്ഷമായ ദുർഗന്ധവും പതിവാണ്.