കെ.എസ്.ആർ.ടി.സി ബസിടിച്ച് ഓട്ടോ കനാലിലേയ്ക്ക് മറിഞ്ഞ് സ്ത്രീ അടക്കം രണ്ടു പേർക്ക് പരിക്ക്
സ്വന്തം ലേഖകൻ
ചങ്ങനാശ്ശേരി: കെ.എസ്.ആർ.ടി.സി ബസിടിച്ച് ഓട്ടോ കനാലിലേക്ക് മറിഞ്ഞു. യാത്രകാരിയായ സ്തീയടക്കം രണ്ടുപേർക്ക് പരിക്ക്. ഓട്ടോ ഡ്രൈവർ കാവാലം സ്വദേശി സുമേഷ്, യാത്രക്കാരി മനക്കച്ചിറ സ്വദേശിനി എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും ചങ്ങനാശേരി താലൂക്ക് ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എ.സി റോഡിൽ മനക്കച്ചിറയിൽ ബുധനാഴ്ച ഉച്ചക്ക് 12.35നാണ് അപകടം. ചങ്ങനാശേരിയിൽ നിന്ന് ആലപ്പുഴയിലേക്ക് പോയ കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ഓട്ടോയിൽ ഇടിക്കുകയായിരുന്നു. നി യന്ത്രണം വിട്ട ഓട്ടോ പായൽ നിറഞ്ഞ എ.സി കനാലിലേക്ക് വിഴുകയായിരുന്നു. മുങ്ങി താണ ഓട്ടോയിൽ നിന്ന് ഏറെ പണിപ്പെട്ടാണ് യാത്രകാരിയെയും ഡ്രൈവറെയും നാട്ടുകാർ പുറത്തെടുത്തത്. ഓട്ടോയിൽ നിന്ന് പുക പടർന്നത് പരിഭാന്തി പരത്തി. ചങ്ങനാശേരി പൊലീസ് സ്ഥലത്തെത്തിയിരുന്നു. അപകടത്തിൽപെട്ട ബസിലെത്തിയ യാത്രക്കാരെ മറ്റ് ബസിൽ കയറ്റിവിട്ടു. രണ്ടു മാസം മുമ്പ് അമിത വേഗതയിലെത്തിയ കെ.എസ്.ആർ.ടി.സി ബസ് ഓട്ടോയിലിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചിരുന്നു. ചങ്ങനാശേരി മലേക്കുന്ന് സ്വദേശി ഷാനവാസാണ് (4l) ആണ് മരിച്ചത്. പ്രളയ ശേഷം നവീകരിച്ച ആലപ്പുഴ- ചങ്ങനാശ്ശേരി റോഡിൽ ബസുകൾ പായുന്നത് അമിത വേഗത്തിലാണെന്നാണ് നാട്ടുകാരുടെ പരാതി. രാപകൽ വ്യത്യാസമില്ലാതെ ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് ഉണ്ടാകുന്നത്.