സ്വന്തം ലേഖകൻ
കാഞ്ഞിരപ്പള്ളി: കുത്തനെയുള്ള കയറ്റത്തിൽ എൻജിൻ ഓഫായി കെഎസ്്ആർടിസി ബസ് പിന്നോട്ടുരുണ്ടു. റബർ മരത്തിൽ തട്ടിനിന്നതിനാൽ ദുരന്തം ഒഴിവായി. അറുപതോളം പേരുടെ ജീവൻ രക്ഷപെട്ടത് തലനാരിഴയ്ക്ക്. പാറത്തോട്ടിൽനിന്ന് പാലപ്ര ടോപ്പിലേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസാണ് അപകടത്തിൽപെട്ടത്. തിങ്കളാഴ്ച വൈകീട്ട് 4.30ന് കാലായിൽ വളവിലായിരുന്നു അപകടം. സ്ത്രീകളും കുട്ടികളുമടക്കം അറുപതിൽപരം യാത്രക്കാരുമായി പാലപ്ര കയറ്റം കയറുകയായിരുന്നു ബസ്. കുത്തനെയുള്ള കയറ്റത്തിൽ ഗിയർ വീഴാതെവരുകയും ബ്രേക്ക് ലഭിക്കാതെ വരുകയുമായിരുന്നു. ബസിന്റെ എൻജിൻ നിന്നുപോയെന്നും ജീവനക്കാർ പറഞ്ഞു. ബഹളംകേട്ട് ഓടിയെത്തിയ നാട്ടുകാരാണ് യാത്രക്കാരെ പുറത്തിറക്കിയത്.